വനിതാമതില്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ അറിയണം; പത്തു മാസത്തിനിടെ സ്ത്രീധന പീഡനത്തില്‍ മരിച്ചത് 15 പേര്‍
തിരുവനന്തപുരം: സ്ത്രീസുരക്ഷക്ക് മുന്തിയ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. സംസ്ഥാനത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്തു മാസത്തിനിടയില്‍ മരണത്തിന് കീഴടങ്ങിയത് 15 യുവതികള്‍.
കൂടാതെ ലൈംഗികാക്രമണകേസുകളും ഗാര്‍ഹിക പീഡനങ്ങളും മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടിയിരിക്കുന്നു. കൊല്ലം ജില്ലയില്‍ നാലും, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ രണ്ട് വീതവും, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒരാള്‍ വീതവും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങളില്‍ മരിച്ചെന്നാണ് ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 1,465 ഗാര്‍ഹിക പീഡനകേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. 1,645 ബലാത്സംഗകേസുകളും, പലവിധ ഉപദ്രവങ്ങളിലായി ഏഴായിരത്തിലധികം മറ്റ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ ആകെ കേസുകളുടെ എണ്ണത്തിന് ഏതാണ്ട് സമീപമുണ്ട് കഴിഞ്ഞ പത്തു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍.
സ്ത്രീകളുടെ ക്ഷേമത്തിനായി പുതിയ വകുപ്പ് നിലവില്‍ വന്നതിന് ശേഷവും കേസുകളുടെ എണ്ണത്തില്‍ കുറവില്ല.
എല്ലാ പൊലിസ് സ്റ്റേഷനുകളിലും വനിതാ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍, എട്ടു നഗരങ്ങളില്‍ പിങ്ക് പട്രോള്‍, നിര്‍ഭയ, കൈത്താങ്ങ്, സ്‌നേഹഗീത, കര്‍മസേന തുടങ്ങിയ പദ്ധതികളും സ്ത്രീസുരക്ഷക്കായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ത്രീസുരക്ഷയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു തന്നെ പറയാം. കഴിഞ്ഞ ബജറ്റില്‍ സ്ത്രീസുരക്ഷയ്ക്കായി മാറ്റി വച്ച തുക ചെലവാക്കാതെ കിടക്കുമ്പോഴാണ് പദ്ധതികളെല്ലാം വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നത്. സ്ത്രീകള്‍ക്കായി പുതിയ വകുപ്പും ഉദ്യോഗസ്ഥരുമുണ്ടെങ്കിലും ഇതുവരെയും ഇതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്.
വനിതകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഒന്നും ചെയ്യാതെയാണ് നവോത്ഥാനത്തിന്റെയും സ്ത്രീസുരക്ഷയുടെയും പേരു പറഞ്ഞ് വനിതാ മതിലൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."