ട്രോളന്‍ പൊലിസ്
കെ.എം അക്ബര്‍#
ണ്‍ലൈന്‍ ഇടപാടിലൂടെ പണം നഷ്ടപ്പെട്ട വാര്‍ത്തകള്‍ പതിവായ സമയം. പൊതുജനങ്ങള്‍ക്കു പലവിധത്തിലും മുന്നറിയിപ്പു നല്‍കിയിട്ടും തട്ടിപ്പ് തുടരുകയാണു പലവിധ സംഘങ്ങള്‍. ഈ സമയം കേരളാ പൊലിസ് ആക്ഷേപഹാസ്യത്തിന്റെ ലേറ്റസ്റ്റ് പതിപ്പായ ട്രോളിറക്കി. 'സന്ദേശം' എന്ന സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് ' എന്ന ഡയലോഗ് ഉള്‍പ്പെടുത്തിയായിരുന്നു അത്. ട്രോള്‍ ഇങ്ങനെ: ഓണ്‍ലൈന്‍ പണമിടപാടിലൂടെ പണം നഷ്ടപ്പെട്ട വാര്‍ത്തകള്‍ക്കൊപ്പം ശ്രീനിവാസന്റെ ചിത്രം. പോളണ്ടിനെക്കുറിച്ചു മിണ്ടിയാലും പണമിടപാടിലെ പിന്‍, ഒ.ടി.പി നമ്പറുകളെ പറ്റി ആരോടും മിണ്ടരുതെന്ന് ഡയലോഗും.
സമൂഹമാധ്യമങ്ങളില്‍ അരങ്ങുതകര്‍ക്കുന്ന ട്രോളന്മാരെ വെല്ലുന്ന പൊലിസ് ട്രോളടി കണ്ട് മലയാളികള്‍ ഞെട്ടി. അതോടെ കേരള പൊലിസിന്റെ ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ തിരക്കായി. പേജിന് ആരാധകര്‍ ലൈക്കുകള്‍ കൊണ്ട് പിന്തുണയറിയിച്ചു. ഒടുവില്‍ ലൈക്കുകളുടെ എണ്ണത്തില്‍ ന്യൂയോര്‍ക്ക് പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫേസ്ബുക്ക് പേജിനെ (എന്‍.വൈ.പി.ഡി) പിന്തള്ളി കേരള പൊലിസ് പേജ് ലോകത്തെ തന്നെ പൊലിസ് പേജുകളില്‍ മുമ്പനായി. ഇതുവരെ ലഭിച്ചത് 9.40 ലക്ഷം ലൈക്കുകളും 9.56 ഫോളോവേഴ്‌സും.
'കിടിലം' ട്രോളുകളും
'മാരക' കമന്റുകളും
അടിയന്തര നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് അതിവേഗമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2011ലാണ് കേരള പൊലിസ് ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. എന്നാല്‍, ആദ്യമൊന്നും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പേജിനായില്ല. ഇതോടെ ഫേസ്ബുക്ക് പേജ് സജീവമാക്കാന്‍ തീരുമാനിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി സോഷ്യല്‍ മീഡിയയില്‍ അഭിരുചിയുള്ള 60 പൊലിസുകാരെ കണ്ടെത്തി. ഇവര്‍ക്കായി സോഷ്യല്‍ മീഡിയ പരിജ്ഞാനം, ട്രോള്‍ മേക്കിങ്, പോസ്റ്റര്‍ ഡിസൈനിങ് തുടങ്ങിയവയില്‍ പരീക്ഷ നടത്തി. തുടര്‍ന്ന് ഇവരില്‍നിന്ന് അഞ്ചുപേരെ തിരഞ്ഞെടുത്തു. ഇവര്‍ക്കു പത്തു ദിവസത്തെ പരിശീലനവും നല്‍കി. അങ്ങനെയാണ് മനോജ് എബ്രഹാം നോഡല്‍ ഓഫിസറായി പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആസ്ഥാനമാക്കി സോഷ്യല്‍ മീഡിയ സെല്‍ പ്രവര്‍ത്തനമാരംഭിച്ചത്.
പുതിയ ടീം പേജിന്റെ ചുമതലയേല്‍ക്കുമ്പോള്‍ അതുവരെ ലഭിച്ച ലൈക്കുകളുടെ എണ്ണം 3.25 ലക്ഷം മാത്രമായിരുന്നു. പല പോസ്റ്റുകള്‍ക്കും 500 ലൈക്ക് പോലും കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അതിഗൗരവമായ കാര്യങ്ങള്‍ പോലും തമാശയാക്കി മാറ്റി അവതരിപ്പിക്കുന്ന ട്രോളുകളിറക്കാന്‍ പൊലിസ് തീരുമാനിച്ചത്. വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കരുതെന്ന മുന്നറിയിപ്പായിരുന്നു ആദ്യ ട്രോള്‍. ഈ ട്രോള്‍ മറ്റ് പോസ്റ്റുകളെക്കാള്‍ ലൈക്കുകള്‍ വാരിക്കൂട്ടി. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പൊലിസിന്റെ 'കിടിലന്‍' ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പലപ്പോഴും മറ്റ് ട്രോള്‍ പേജുകളെപ്പോലും കടത്തിവെട്ടി പൊലിസ് ട്രോളന്മാര്‍. കിടിലന്‍ ട്രോളുകള്‍ക്കു പുറമെ കമന്റുകള്‍ക്കും നിമിഷങ്ങള്‍കൊണ്ട് 'മാരകമായ കൗണ്ടര്‍' റീപ്ലേകളിലൂടെ ട്രോളന്മാരുടെയും ന്യൂജെന്‍ പിള്ളേരുടെയും ഇഷ്ടംപിടിച്ചുപറ്റി പൊലിസിന്റെ സ്വന്തം ഫേസ്ബുക്ക് പേജ്.
മര്‍മത്ത് കൊള്ളുന്ന നര്‍മവുമായി വരുന്ന ഈ പൊലിസ് ട്രോളുകള്‍ ആരുടെ സൃഷ്ടികളാണെന്ന്, ഇത് ആസ്വദിച്ചു രസിച്ചവര്‍ ഒരിക്കലെങ്കിലും ചിന്തിച്ചുകാണുമെന്നു തീര്‍ച്ച. സീനിയര്‍ സി.പി.ഒമാരായ കമലനാഥ്, വി.എസ് ബിമല്‍, സി.പി.ഒമാരായ പി.എസ് സന്തോഷ്, ബി.പി അരുണ്‍, ബി.എസ് ബിജു എന്നിവരാണ് പൊലിസ് ഫേസ്ബുക്ക് പേജിലെ ട്രോളന്മാര്‍. പറയാനുള്ള കാര്യങ്ങളെ ഏതുവിധേനയും ആവിഷ്‌കരിക്കണം എന്ന ലക്ഷ്യത്തോടെ ചിന്തിക്കുന്നവരുടെ ടീമാണിത്. ഇവരുടെ ചിന്തയില്‍ വിരിയുന്ന ട്രോളുകള്‍ക്ക് ഐ.ജി മനോജ് എബ്രഹാമിന്റെ ലൈക്ക് ലഭിച്ചാല്‍ മതി. ഉടന്‍ തന്നെ ട്രോള്‍ പോസ്റ്റ് ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്യും. പോസ്റ്റിന് ലൈക്കും കമ്മന്റും ഷെയറും വര്‍ധിച്ചാല്‍ പേജുകളില്‍ പിന്നെ ട്രോളടി മേളമാണ്.
'ട്രോളി' നേടിയ
ജനകീയമുഖം
പൊലിസിന്റെ മുഖം ജനകീയമാക്കാന്‍ ട്രോളടികൊണ്ടു സാധിച്ചുവെന്നു തെളിയിക്കുന്നതാണ് പേജിലെ കമന്റുകള്‍. പൊതുജനത്തെ വിഷമിപ്പിക്കാതെ, തമാശരൂപേണ കമന്റുകള്‍ നല്‍കിവന്നതോടെ പേജിന് ദിവസവും ലൈക്കുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ശബരിമലയിലെ സംഘര്‍ഷ സമയത്ത് പേജില്‍ പോസ്റ്റ് ചെയ്ത ട്രോളിനു വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. പോലിസിനുനേരെ കല്ലെറിയുന്നവരുടെ ചിത്രത്തിനുതാഴെ 'ആക്ഷന്‍ ഹീറോ ബിജു' സിനിമയില്‍ പൊലിസ് വേഷത്തിലുള്ള നിവിന്‍ പോളിയുടെ രണ്ടു ചിത്രങ്ങള്‍. ചിത്രത്തിനോട് ചേര്‍ന്ന് ഒരു ഡയലോഗ്: ''ഇരുമുടിക്കെട്ടിനു പകരം ഇതുപോലെ കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതി. ഇവര്‍ ഞങ്ങളെ കുറിച്ച് എന്ത് അപവാദം പറഞ്ഞാലും ശരി... നമ്മുടെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാന്‍ ഞങ്ങളാലാവുന്നത് ഞങ്ങള്‍ ചെയ്തിരിക്കും.'' ലക്ഷക്കണക്കിനുപേരാണ് ഈ പോസ്റ്റിന് ലൈക്കും കമന്റും ഷെയറും നല്‍കിയത്. ചിത്രങ്ങളിലാണ് ട്രോളുകള്‍ വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ വിഡിയോ ട്രോളുകളും പേജില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികള്‍ക്കെതിരേ ബോധവല്‍ക്കരണവുമായി 'വൈറല്‍' എന്ന പേരില്‍ ഒരു ഹ്രസ്വചിത്രവും ഈ പൊലിസ് സോഷ്യല്‍ മീഡിയ ടീം പുറത്തിറക്കിയിരുന്നു. ഒരു നാണയത്തിനു രണ്ടു വശമുണ്ടെന്നു പറയുന്നതുപോലെ സമൂഹമാധ്യമങ്ങള്‍ക്കു നല്ലതും ചീത്തയുമായ വശങ്ങളുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു 'വൈറല്‍'.
മലയാളത്തില്‍ ട്രോളുകള്‍ക്കു മാത്രമായി നിരവധി പേജുകളുണ്ടെങ്കിലും ഇവയെയെല്ലാം കടത്തിവെട്ടും വിധത്തിലാണ് കേരള പൊലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍. ബൊളീവിയന്‍ ഫോണ്‍കോള്‍ മുന്നറിയിപ്പും ഓണ്‍ലൈന്‍ തട്ടിപ്പും മോഷണവും വരെ പൊലിസ് ട്രോളാക്കി മാറ്റി. 'ആഭരണമോഷ്ടാക്കള്‍ക്ക് വമ്പിച്ച ഓഫര്‍' എന്ന പരസ്യരൂപേണയുള്ള ട്രോളിനു പതിനായിരക്കണക്കിന് ലൈക്കും ആയിരക്കണക്കിന് ഷെയറുമാണു ലഭിച്ചത്. നിങ്ങള്‍ക്കായി ഞങ്ങള്‍ കൈവളകള്‍ (വിലങ്ങ്) സമ്മാനമായി നല്‍കുന്നു എന്ന വാചകത്തോടൊപ്പം 'നിങ്ങള്‍ എടുക്കുന്നു... ഞങ്ങള്‍ തരുന്നു' എന്നുകൂടിയായപ്പോള്‍ അതും ജനം ഏറ്റെടുത്തു.
ഹെല്‍മറ്റ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സൗഹൃദദിനത്തിലിട്ട പോസ്റ്റും ഏറെ ശ്രദ്ധേയമായി. നല്ല സൗഹൃദങ്ങള്‍ ഒരിക്കലും വേര്‍പിരിയാതിരിക്കട്ടെ എന്നെഴുതി ബൈക്കിന്റെയും ഹെല്‍മറ്റിന്റെയും ചിത്രങ്ങളായിരുന്നു ആ പോസ്റ്റില്‍. ട്രോള്‍വഴി ജനങ്ങളിലേക്ക് അതിവേഗം പൊലിസിനു നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമെത്തിക്കാന്‍ കഴിയുന്നുണ്ടെന്നാണ് പൊലിസ് ട്രോളന്മാര്‍ പറയുന്നത്. സൈബര്‍ലോകത്ത് പാലിക്കേണ്ട മാന്യതയും നിയമങ്ങളും വ്യക്തമാക്കുന്ന പോസ്റ്റുകളും പേജിലുണ്ട്.
ഫേസ്ബുക്കില്‍ 'മല്ലൂസ് ' കുത്തിപ്പൊക്കല്‍ വാരാഘോഷം കൊണ്ടാടിയപ്പോള്‍ സ്വയം കുത്തിപ്പൊക്കി തങ്ങളും വേറെ ലെവലാണെന്ന് കേരള പൊലിസ് തെളിയിച്ചിരുന്നു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ കല്ലേറു കൊണ്ട് ഒളിച്ചിരിക്കുന്ന പൊലിസുകാരന്റെ ചിത്രമാണു വിശദവിവരങ്ങളുമായി പൊലിസിന്റെ പേജ് പോസ്റ്റ് ചെയ്തത്. 'കുത്തിപ്പൊക്കലിന്റെ കാലമല്ലേ, ഞങ്ങളും നോക്കിനില്‍ക്കരുതല്ലോ. (പ്ലീസ് പൊങ്കാലയിടരുത്)' എന്നു പറഞ്ഞായിരുന്നു ആ പോസ്റ്റിന്റെ ആരംഭം. കണ്ണൂര്‍ തളിപ്പറമ്പില്‍ കള്ളനെ പിടിക്കാനും പൊലിസ് ട്രോള്‍ ഉപയോഗിച്ചു. ഒടുവില്‍ പൊലിസിന്റെ ട്രോള്‍തന്ത്രത്തില്‍ കള്ളന്‍ കുടുങ്ങുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വിഡിയോകളും കലുഷിതമായ സാമൂഹിക അവസ്ഥ സൃഷ്ടിച്ചപ്പോള്‍ 'നമ്മുടെ നാടിനിതെന്തുപറ്റി?' എന്ന പേരില്‍ ഏറ്റവുമൊടുവിലിറക്കിയ വിഡിയോയും ഏറെ ശ്രദ്ധയാകര്‍ഷിച്ചു.
ഫേസ്ബുക്ക് പേജിലെ പോസ്റ്റിനുകീഴിലെ കമന്റുകള്‍ക്ക് പൊലിസ് നല്‍കുന്ന മറുപടിക്കും ആരാധകരേറെയാണ്. മിക്ക പോസ്റ്റുകളുടെ താഴെയും സിവില്‍ ട്രോളന്മാര്‍ കമന്റിടുമ്പോള്‍, കൗണ്ടര്‍ അറ്റാക്ക് പോലെയാണ് യൂനിഫോം ട്രോളന്മാരുടെ മറുപടി. 'ലൈസന്‍സ് ഇല്ലാതെ ഹെല്‍മറ്റ് വച്ച് ബൈക്ക് ഓടിക്കുന്നവര്‍ക്കു വല്ല ഡിസ്‌കൗണ്ടും ഉണ്ടോ' എന്ന വിരുതന്‍ ചോദ്യത്തിന് 'പ്രായപൂര്‍ത്തിയായില്ലെങ്കില്‍ രക്ഷാകര്‍ത്താവിനും ഓഫറുണ്ട് ' എന്നായിരുന്നു കിടിലന്‍ മറുപടി. പ്രളയസമയത്ത് തമാശകള്‍ മാറ്റിവച്ചു പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിര്‍ദേശങ്ങള്‍ നല്‍കിയും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കിയും ഈ പൊലിസ് സംഘം ഫേസ്ബുക്കില്‍ ലൈവായി നിന്നു. സമൂഹത്തിന് ഉപകാരപ്രദമാവുന്ന എന്തും ട്രോളാക്കിയാണ് ഇപ്പോള്‍ കേരള പൊലിസ് ഫേസ്ബുക്ക് പേജിന്റെ പ്രയാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."