അലോണ്‍സോയുടെ ഇരട്ട ഗോളില്‍ ചെല്‍സി
ലണ്ടന്‍: മാര്‍ക്കോസ് അലോണ്‍സോയുടെ ഇരട്ട ഗോളുകള്‍ ചാംപ്യന്മാരായ ചെല്‍സിയുടെ രക്ഷയ്ക്കെത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ രണ്ടാം മത്സരത്തില്‍ ചെല്‍സി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ടോട്ടനം ഹോട്സ്പറിനെ വീഴ്ത്തി. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം ആല്‍വരോ മൊറാറ്റയ്ക്ക് പകരം കളത്തിലിറങ്ങിയ ബാറ്റ്ഷുയിയുടെ സെല്‍ഫ് ഗോളില്‍ ടോട്ടനത്തിന് സമനില ഗോള്‍ ദാനം നല്കിയ ചെല്‍സിയെ കളിയുടെ അവസാന നിമിഷത്തില്‍ മറ്റൊരു ഗോളിലൂടെ അലോണ്‍സോ വിജയ തീരത്തെത്തിക്കുകയായിരുന്നു. 24, 88 മിനുട്ടുകളിലാണ് അലോണ്‍സോ ഗോളുകള്‍ നേടിയത്. ബാറ്റ്ഷുയിയുടെ സെല്‍ഫ് ഗോള്‍ 82ാം മിനുട്ടിലാണ് പിറന്നത്. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടി വന്ന ചെല്‍സിക്ക് രണ്ടാം പോരാട്ടത്തിലെ വിജയം ആശ്വാസം നല്‍കുന്നതാണ്.
ആഴ്സണലിനെ
അട്ടിമറിച്ച് സ്റ്റോക് സിറ്റി
ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം മത്സരത്തിനിറങ്ങിയ കരുത്തരായ ആഴ്സണലിനെ സ്റ്റോക് സിറ്റി അട്ടിമറിച്ചു. മറുപടിയില്ലാത്ത ഒറ്റ ഗോളിന് ഗണ്ണേഴ്സിനെ സ്വന്തം തട്ടകത്തില്‍ സ്റ്റോക് വീഴ്ത്തി. പാരിസ് സെന്റ് ജെര്‍മെയ്നില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ സ്റ്റോകിനായി ഈ സീസണില്‍ കളിക്കാനെത്തിയ ജെസെ റോഡ്രിഗസ് തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ നിര്‍ണായക ഗോള്‍ നേടി ടീമിന് വിജയം സമ്മാനിച്ച് പ്രീമിയര്‍ ലീഗ് അരങ്ങേറ്റം അവിസ്മരണീയമാക്കി.
കളിയുടെ 47ാം മിനുട്ടിലാണ് പീരങ്കിപ്പടയെ ഞെട്ടിച്ച് ജെസെ ഗോള്‍ നേടിയത്. മറുപടി ഗോള്‍ നേടാനുള്ള ആഴ്സണലിന്റെ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിജയവും ഒരു തോല്‍വിയുമാണ് ആഴ്സണലിന്റെ അക്കൗണ്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."