ശശികല ജയിലില്‍ നിന്നു പുറത്തിറങ്ങുന്നതിന്റെ വീഡിയോയുമായി ഡി.ഐ.ജി രൂപ video
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല ജയിലില്‍ സുഖജീവിതം നയിച്ചുവെന്നതിന് കൂടുതല്‍ തെളിവുകളുമായി കര്‍ണാടക ഡി.ഐ.ജി രൂപ. ശശികലയും ബന്ധു ഇളവരശിയും ജയിലില്‍ നിന്ന് പുറത്തു പോകാറുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ രൂപ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ആരോപണത്തെ സാധൂകരിക്കുന്ന 74ഓളം രേഖകള്‍ ഉണ്ടെന്നും സൂചനയുണ്ട്.
ജയില്‍ വളപ്പില്‍ നിന്ന് അകത്തേക്ക് വരുന്ന ശശികലയും ബന്ധു ഇളവരശിയുമാണ് രൂപ നല്കിയ ദൃശ്യങ്ങളില്‍ ഉള്ളത്.
പുരുഷന്മാരായ ജയില്‍ ജീവനക്കാരാണ് ഇവര്‍ക്ക് വേണ്ടി ജയിലിന്റെ കവാടം തുറന്നു കൊടുക്കുന്നത്. ഇവരുടെ കൈകളില്‍ ഒരു കവറുള്ളതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുണ്ട നിറത്തിലുള്ള കുര്‍ത്തയാണ് ശശികല ധരിച്ചിരിക്കുന്നത്.
പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല അവിടെ സുഖജീവിതം നയിക്കുകയാണെന്ന് ജയില്‍ ഡി.ഐ.ജിയായിരുന്ന രൂപ കണ്ടെത്തിയിരുന്നു. അഗ്രഹാര ജയിലില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയ അവര്‍ ഇതിനെ സാധൂകരിക്കുന്ന വീഡിയോ ദൃശ്യങ്ങളും അന്ന് ശേഖരിച്ചിരുന്നു. ഈ തെളിവുകളാണ് ഡി.രൂപ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ജയില്‍ മേധാവിയായ സത്യനാരായണ റാവുവിനെ സ്വാധീനിച്ചാണ് ശശികലയും ബന്ധുവായ ഇളവരശിയും രാജകീയ ജീവിതം നയിക്കുന്നതെന്നും ഇതിനായി സത്യനാരായണറാവു പണം കൈപ്പറ്റിയിട്ടുണ്ടെന്നും രൂപ നേരത്തെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇത് വിവാദമായതിനെ തുടര്‍ന്ന് രൂപയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അഴിമതി വിരുദ്ധ സമിതിയോട് നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."