എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്; പൊതു സമ്മേളനം സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്തു നടക്കും
മനാമ: എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ച് നടക്കുന്ന രണ്ടാമത് ഗ്ലോബല്‍ മീറ്റ് ഒക്ടോബര്‍ ആദ്യവാരം ബഹ്‌റൈനില്‍ നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതു സമ്മേളനത്തിന് സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് വേദിയൊരുക്കുമെന്ന് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ അറിയിച്ചു.
ഒക്ടോബര്‍ 6ന് വെള്ളിയാഴ്ച കാലത്ത് 9.30 മുതല്‍ 11.30 വരെയും ഉച്ചക്ക് 2 മുതല്‍ 6 വരെയുമാണ് ഗ്ലോബല്‍മീറ്റ് നടക്കുക. ഇതേ തുടര്‍ന്ന് രാത്രി 8.30ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഗ്ലോബല്‍ മീറ്റിലെത്തുന്ന പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
2016ല്‍ അബൂദബിയിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ പ്രഥമ ഗ്ലോബല്‍ മീറ്റ് നടന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വൈവിധ്യമാര്‍ന്ന കര്‍മ്മ പദ്ധതികളുമായി ബഹ്‌റൈനിലും ഗ്ലോബല്‍ മീറ്റ് നടക്കുന്നത്.
ഇന്ത്യക്ക് പുറമെ സഊദി, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ബഹ്‌റൈനിലെ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കുക.
പ്രഥമ ഗ്ലോബല്‍ മീറ്റില്‍ അംഗീകരിച്ച 3 പദ്ധതികള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് സിവില്‍ സര്‍വിസ് പരിശീലനത്തിനുള്ള സ്മാര്‍ട്ട് പദ്ധതി, സംസ്ഥാനത്തെ മതകലാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്ക് യു.പി.എസ്.സി, സിവില്‍ സര്‍വിസ് പരിശീലനം, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി എന്നിവയാണവ.
ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനും കര്‍മ പരിപാടികള്‍ ഫലപ്രദമാക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഗള്‍ഫ് സത്യധാര വിവിധ രാജ്യങ്ങളിലെ വായനക്കാരിലേക്ക്കൂടി എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് സത്യധാരയുടെ അഞ്ചാം വാര്‍ഷികം ഒക്‌ടോബര്‍ 20ന് അബൂദബിയില്‍ നടക്കും.
ബഹ്‌റൈനില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, പ്രവാസികളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
ഗ്ലോബല്‍ മീറ്റിനായി വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിച്ചേരുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിനായി സമസ്ത ബഹ്‌റൈന്‍ ഘടകവും എസ്.കെ.എസ്.എസ്.എഫും ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്, +97339533273.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."