വീണ്ടും ആളിയാര്‍ കരാര്‍ ലംഘിച്ച് തമിഴ്‌നാട്
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ വീണ്ടും തമിഴ്‌നാട് ലംഘിച്ചു. സെപ്റ്റംബര്‍ ഒന്നിന് കേരള ഷോളയാര്‍ നിറക്കണമെന്ന വ്യവസ്ഥയാണ് തമിഴ്‌നാട് വീണ്ടം ലംഘിച്ചിരിക്കുന്നത്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം സെപ്റ്റംബര്‍ ഒന്നാം തിയതിക്ക് മുമ്പ് കേരള ഷോളയാര്‍ നിറക്കണമെന്നാണ് വ്യവസ്ഥ.
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഈ കരാര്‍ തമിഴ്‌നാട് ലംഘിക്കുകയാണ്. അതേസമയം കേരളത്തിന് അവകാശപ്പെട്ട വെള്ളം വിട്ടുനല്‍കാതെ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്.
കേരള ഷോളയാറിലെ വൈദ്യുതോത്പാദനം കഴിഞ്ഞ രണ്ട് മാസമായി കുറച്ചത് കൊണ്ട് മാത്രമാണ് ഈ വെള്ളമെങ്കിലും സംഭരിക്കാന്‍ കഴിഞ്ഞത്. പാലക്കാട് കൃഷി ആവശ്യത്തിന് നല്‍കേണ്ട വെള്ളത്തില്‍ പോലും കുറവ് വരുത്തിയാണ് തമിഴ്‌നാട് വെള്ളം കൊണ്ട് പോകുന്നുന്നത്.
ഉദ്യോഗസ്ഥ തലത്തില്‍ കേരളത്തിന് ജലം ഉറപ്പാക്കാനുള്ള നീക്കം നടന്നിട്ടുണ്ടെങ്കിലും തമിഴ്‌നാട് ഇക്കാര്യത്തില്‍ നടപടികളൊന്നുംകൈക്കൊള്ളുന്നില്ലെന്നും പരാതിയുമുണ്ട്. അതേസമയം കരാര്‍ പ്രകാരമുള്ള മുഴുവന്‍ ജലവും ലഭിക്കണമെന്ന ഉറച്ച നിലപാടെടുത്ത കേരളം കുറഞ്ഞ അളവില്‍ ജലം നല്‍കാമെന്ന തമിഴ്‌നാടിന്റെ വാഗ്ദാനം തള്ളിയിരിക്കുകയാണ്.
കരാര്‍ അനുസരിച്ച് ഈ മാസം 15 വരെ സെക്കന്‍ഡില്‍ 400 ഘനഅടി തോതില്‍ ജലം ചിറ്റൂര്‍പ്പുഴയിലേക്ക് ലഭ്യമാക്കണം. കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും 150 ക്യുസെക്‌സ് തോതില്‍ ജലം നല്‍കാമെന്നാണ് തമിഴ്‌നാട് അറിയിച്ചത്. ഇത് അംഗീകരിക്കില്ലെന്ന് കേരളവും മറുപടി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ശക്തിപ്പെടുത്തി കരാര്‍ പ്രകാരമുള്ള ജലം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കേരളം. കഴിഞ്ഞദിവസം മഴയില്‍ ആളിയാറിലെ ജലനിരപ്പ് 800 ദശലക്ഷം ഘനഅടിയായി ഉയര്‍ന്നു.
പറമ്പിക്കുളത്തും എട്ട് ടി.എം.സിയിലേറെ ജലമുണ്ട്. എന്നിട്ടും ഇവിടെ നിന്ന് ആളിയാറിലേക്ക് കൂടുതല്‍ ജലം ലഭ്യമാക്കാന്‍ തമിഴ്‌നാട് തയാറായിട്ടില്ല.
ആളിയാറില്‍ നിന്നുള്ള ജലവിതരണം ഇല്ലെങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ആളിയാര്‍ പുഴ വഴി 375 ക്യുസെക്‌സ് തോതില്‍ ചിറ്റൂര്‍പ്പുഴയിലേക്ക് ജലം എത്തുന്നുണ്ട്. നിലവില്‍ ലഭിക്കുന്ന ജലം ഒരാഴ്ചത്തേക്കു മാത്രമേ തികയുകയുള്ളൂ.
ഈ സാഹചര്യത്തില്‍ ആളിയാറില്‍ നിന്നു ജലം നേടിയെടുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജലവിഭവവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."