ബി.ജെ.പി നേതാവിന്റെ മകന്‍ ആക്രമിച്ച യുവതിയുടെ പിതാവിനെ ഹരിയാന സര്‍ക്കാര്‍ സ്ഥലം മാറ്റി
ചണ്ഡിഗഡ്: ഹരിയാനയില്‍ ബി.ജെ.പി നേതാവിന്റെ മകന്റെ ആക്രമണത്തിനിരയായ യുവതിയുടെ പിതാവിനെ അപ്രസക്തമായ തസ്തികയിലേക്ക് മാറ്റി സര്‍ക്കാരിന്റെ പ്രതികാരം. സംസ്ഥാന ടൂറിസം വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന വീരേന്ദര്‍ കുണ്ടുവിനെയാണ് അപ്രധാനവും മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന് പരിഗണിക്കാതെയും സയന്‍സ് ആന്റ് ടെക്‌നോളജി തസ്തികയിലേക്ക് സ്ഥലം മാറ്റിയത്.
ഹരിയാനയില്‍ കുണ്ടുവിന്റെ മകളെ പിന്തുടര്‍ന്നെത്തി ശല്യം ചെയ്തതിന് ബി.ജെ.പി നേതാവ് സുഭാഷ് ബരാലയുടെ മകന്‍ വികാസ് ബരാലയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ പിതാവും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ വീരേന്ദര്‍ കുണ്ടു വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെയോ വിചാരണയുടെയോ ഒരു നടപടിയിലും ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. പൊലിസിന് അവരുടെ കൃത്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലിസിനോട് പൂര്‍ണമായും സഹകരിക്കാനും തയാറാണ്. എന്നാല്‍ പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. അവര്‍ ചെയ്ത കുറ്റമെന്തോ അതിനനുസരിച്ചുള്ള ശിക്ഷ അവരര്‍ഹിക്കുന്നു. അതില്‍ കൂടുതലും കുറവും വേണ്ട. അതുറപ്പാക്കാത്ത പക്ഷം കോടതിയെ സമീപിക്കേണ്ടി വരുമെന്നാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നത്. ഈ പ്രതികരണം നടന്ന് ഒരുമാസത്തിനകമാണ് അദ്ദേഹത്തെ താഴ്ന്ന തസ്തികയിലേക്ക് സ്ഥലം മാറ്റിയത്.
സുഭാഷ് ബരാലയുടെ മകന്‍ വികാസ് ബരാല, സുഹൃത്ത് ആഷിഷ് കുമാര്‍ എന്നിവരാണ് മദ്യപിച്ച് യുവതിയുടെ വാഹനത്തെ പിന്തുടര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇരുവരേയും പൊലിസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ചു വണ്ടിയോടിച്ചു, പെണ്‍കുട്ടിയെ ശല്യപ്പെടുത്തി എന്നീ ചെറിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ രക്ഷിക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് യുവതിയുടെ പിതാവിനെ സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."