മൊഗ്രാല്‍ യുനാനി ആശുപത്രിയില്‍ മരുന്നിനു പോലുമില്ല മരുന്ന്
ആശുപത്രിയിലേക്കു മരുന്നു ലഭ്യമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഗ്രാമപഞ്ചായത്ത് അധികൃതര്‍ അഞ്ചു ലക്ഷം നീക്കി വച്ചിരുന്നു. ജനങ്ങളുടെ ആവശ്യാര്‍ഥം നടപ്പു വാര്‍ഷിക പദ്ധതിയില്‍ ഇത് എട്ടു ലക്ഷമായി ഉയര്‍ത്തിയിരിക്കുകയാണ്
കുമ്പള: നിയമങ്ങളുടെ നൂലാമാലയില്‍ കുടുങ്ങി കുമ്പള ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള മൊഗ്രാല്‍ യുനാനി ആശുപത്രിയില്‍ മരുന്നില്ലാതായിട്ടു മാസങ്ങളായി. നിത്യേന ഒട്ടനവധി ആളുകള്‍ ചികിത്സക്കു വേണ്ടി ഇവിടെയെത്തുന്നുണ്ട്. എന്നാല്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ ഡോക്ടറുടെ പരിശോധന കഴിഞ്ഞു മരുന്നില്ലാതെയാണു തിരികെ പോകുന്നത്. കേരളത്തിലെ തന്നെ ആദ്യ യുനാനി ആശുപത്രിയാണു കുമ്പള മൊഗ്രാലിലേത്. ആശുപത്രിയിലേക്കു മരുന്നു ലഭ്യമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഗ്രാമപഞ്ചായത്ത് അധികൃതര്‍ അഞ്ചു ലക്ഷം നീക്കി വച്ചിരുന്നു. ജനങ്ങളുടെ ആവശ്യാര്‍ഥം നടപ്പു വാര്‍ഷിക പദ്ധതിയില്‍ ഇത് എട്ടു ലക്ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. പക്ഷേ സര്‍ക്കാറിന്റെയും തദ്ധേശ സ്വയംഭരണ വകുപ്പിന്റെയും അനാസ്ഥകാരണം പദ്ധതി നടപ്പാക്കാനാവാതെ നട്ടം തിരിയുകയാണു ഗ്രാമപഞ്ചായത്ത്.
പദ്ധതിയുടെ നിര്‍വഹണ ഉദ്യോസ്ഥനായ കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു ടെന്‍ഡര്‍ ചെയ്യാനുള്ള ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ നല്‍കാത്തതിനാലാണു ടെന്‍ഡര്‍ ചെയ്യാന്‍ കഴിയാത്തത്. സെക്രട്ടറിമാരുടെ ഇടയ്ക്കിടെയുണ്ടാകുന്ന പൊതുസ്ഥലം മാറ്റമാണു പഞ്ചായത്തിന്റെ ഇത്തരം പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ സാധിക്കാത്തതിനു കാരണമെന്നും ആരോപണമുണ്ട്.
എല്ലാ പദ്ധതികളും നടപ്പാക്കാനുള്ള ചുമതല അതാതു വകുപ്പിലെ മേലധികാരികള്‍ക്കാണ്. എന്നാല്‍ മൊഗ്രാല്‍ യുനാനി ആശുപത്രി മെഡിക്കല്‍ ഓഫിസറെ തദ്ധേശ സ്വയംഭരണ വകുപ്പു നിര്‍വഹണ ഉദ്യോഗസ്ഥനാക്കാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നാണു പറയപ്പെടുന്നത്. പ്രസ്തുത സ്ഥാപന മേധാവിയെ തന്നെ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ നിയമിച്ചാല്‍ ഇവിടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നാണു വിലയിരുത്തല്‍.
ഉദ്യോഗസ്ഥരുടെ ഇടയ്ക്കിടെയുള്ള സ്ഥലം മാറ്റവും അവശ്യത്തിന് ജീവനക്കാരില്ലാത്തതും കാരണം കുമ്പള, മംഗല്‍പ്പാടി, മഞ്ചേശ്വരം, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. സര്‍ക്കാറിന്റെ അനാസ്ഥ കാരണമാണു മൊഗ്രാല്‍ യുനാനി ആശുപത്രിയിലേക്കു മരുന്നു ലഭ്യമാക്കാനാവാത്തതെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ടരീകാക്ഷയും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ ആരിഫും ആരോപിച്ചു. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഡി.ഡി.പി ഓഫിസ് ഉപരോധിക്കല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."