കണ്ണൂര്‍ സര്‍വകലാശാലക്ക് കിഫ്ബി വഴി 240 കോടി
കണ്ണൂര്‍: സര്‍വകലാശാലയുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി 240 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി ക്ഷേമ കേന്ദ്രത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു പുറമെ 140 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഫണ്ടായി സര്‍വകലാശാലക്ക് നല്‍കിയിട്ടുണ്ട്. റൂസ ഫണ്ടില്‍ 20 കോടിയും ലഭ്യമായിട്ടുണ്ട്. ആകെ 400 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അക്കാദമിക് വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികാനുമതി നല്‍കും.
അധ്യാപകരുടെയും ജീവനക്കാരുടെയും ഒഴിവ് നികത്തുന്നതിനും നടപടിയെടുക്കും. പശ്ചാത്തല വികസനത്തിന്റെയും ജീവനക്കാരുടെ ഒഴിവിന്റെയും രംഗത്ത് സര്‍വകലാശാല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു വര്‍ഷത്തിനകം പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കുന്നു.
കേരളത്തിലെ സര്‍വകലാശാലകള്‍ ഇവിടത്തെ സമൂഹത്തിനാവശ്യമായ നിലയില്‍ ആശയോല്‍പാദന പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ നടത്തി ലോകോത്തരമായി വളരുകയാണ് വേണ്ടത്. ഇതിന് പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുകയും അക്കാദമിക് തലമടക്കം ജനാധിപത്യവല്‍ക്കരിക്കുകയും വേണം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഏതെങ്കിലും ഒരു വകുപ്പ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയെടുക്കണം. അതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സമര്‍പ്പിച്ചാല്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ടി. അശോകന്‍ അധ്യഷനായി. സിന്‍ഡിക്കേറ്റ് അംഗം ഡോ. വി.പി.പി മുസ്തഫ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ഇ.പി ലത, കെ.കെ രാഗേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, അഡ്വ. ലിഷ ദീപക്, എം. പ്രകാശന്‍, അഡ്വ. പി. സന്തോഷ് കുമാര്‍, പ്രൊഫ. ജോണ്‍ ജോസഫ്, ഡോ. പി. ഓമന, ഡോ. ജയിംസ് പോള്‍, എം.വി പത്മനാഭന്‍, സി.പി ഷിജു, വിജയന്‍ അടുക്കാടന്‍, കെ.പി പ്രേമന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."