തൂണേരി അസ്‌ലം വധം: പൊലിസിന്റെ നിസംഗതയെന്ന് ആക്ഷേപം
നാദാപുരം: തൂണേരിയില്‍ ഇന്നലെയുണ്ടായ അസ്‌ലം വധത്തിനു കാരണം പൊലിസിന്റെ നിസ്സംഗതയെന്ന് ആക്ഷേപം. ഷിബിന്‍ വധക്കേസിലെ വിധിവന്ന ജൂണ്‍ പതിനഞ്ച് മുതല്‍ കോടതി വെറുതെവിട്ടവര്‍ക്കെതിരേ ഭീഷണി നിലനിന്നിരുന്നു.
ജൂണ്‍ 21ന് തൂണേരിയില്‍ നടന്ന സി.പി.എമ്മിന്റെ പൊതുയോഗത്തില്‍ വെറുതെവിട്ട പ്രതികളെ വകവരുത്തുമെന്നു പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അന്നത്തെ നാദാപുരം എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. എന്നാല്‍ പരസ്യമായുള്ള കൊലവിളി പ്രസംഗത്തിനെതിരേ നടപടിയെടുക്കണമെന്ന വിവിധകോണുകളില്‍ നിന്നുള്ള ആവശ്യം പൊലിസ് പരിഗണിച്ചിരുന്നില്ല.
നേരത്തെ മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെള്ളൂര്‍ മേഖലയിലെ പൊലിസിന്റെ നിരീക്ഷണം പുതിയ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴും നാദാപുരം, വടകര സ്റ്റേഷനുകളിലെ പൊലിസുകാരെ സ്ഥലം മാറ്റുകയും ചെയ്തു.
ഇന്നലെ അസ്‌ലമിന് നേരെ അക്രമം നടക്കുമ്പോള്‍ വടകര, നാദാപുരം സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. കേരളത്തിലെ സെന്‍സിറ്റീവ് സ്റ്റേഷനുകളിലൊന്നായ നാദാപുരത്ത് സ്ഥിരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നിയമിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. അസ്‌ലം വെട്ടേറ്റു റോഡില്‍ കിടന്നിട്ടും പൊലിസ് എത്തിയത് ഏറെ വൈകിയായിരുന്നു. നാട്ടുകാരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം വെള്ളൂരിലെയും പരിസരത്തെയും പൊലിസ് പിക്കറ്റ് പോസ്റ്റുകളും നിര്‍ത്തലാക്കിയിരുന്നു.
അക്രമം നടത്താന്‍ പൊലിസ് വഴിയൊരുക്കിക്കൊടുത്തവെന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ നടന്ന അക്രമം ടി.പി വധത്തിനു സമാനമാണ്. സുഹൃത്ത് ശാഫിയുടെ കൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ ഇന്നോവ കാറില്‍ അക്രമികള്‍ പിന്തുടരുകയായിരുന്നു. ചാലപ്പുറത്തെ ആളൊഴിഞ്ഞ ചക്കരക്കണ്ടി പീടികക്ക് സമീപം എത്തിയപ്പോള്‍ കാര്‍ സ്‌കൂട്ടറിന്റെ പിറകില്‍ ഇടിപ്പിച്ചു. തുടര്‍ന്നു നിലത്തുവീണ അസ്‌ലമിനെ കാറിലുള്ള സംഘം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."