സുരക്ഷാ പ്രശ്നം: ഷാര്‍ജാ ഭരണാധികാരിക്കുള്ള ഡി.ലിറ്റ് ബിരുദദാനം രാജ്ഭവനിലേക്ക് മാറ്റി
മലപ്പുറം: ഷാര്‍ജാ ഭരണാധികാരി ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ നടത്താനിരുന്ന ഡി.ലിറ്റ് ബിരുദദാന ചടങ്ങ് തിരുവനന്തപുരത്തെ രാജ്ഭവനിലേക്ക് മാറ്റി.
ഷെയ്ഖിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വേദി മാറ്റിയത്. 26നാണ് ഷാര്‍ജാ ഭരണാധികാരിക്ക് ഡി ലിറ്റ് നല്കി ആദരിക്കുന്നത്. 24ന് കേരളത്തിലെത്തുന്ന സുല്‍ത്താന്‍ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ പരിപാടികളുണ്ട്. ഈ ജില്ലകളിലെ കലക്ടര്‍മാരെയും കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറെയും ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് യോഗം വിളിച്ചിരുന്നു.
യോഗത്തില്‍ സുല്‍ത്താന്റെ സുരക്ഷ, യാത്ര, ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ചീഫ് സെക്രട്ടറി ആശങ്ക അറിയിക്കുകയും വേദി മാറ്റത്തെക്കുറിച്ച് നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച കാലിക്കറ്റ് സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് ചേരുകയും സര്‍വകലാശാല ചട്ടം ലംഘിക്കാതെ ചടങ്ങ് നടത്താനും കാര്യങ്ങളെ കുറിച്ച് ആലോചിക്കാനും വൈസ് ചാന്സ്ലറെ ചുമതലപ്പെടുത്തി. വൈസ് ചാന്സ്ലര് ഡോ. മുഹമ്മദ് ബഷീര്‍ ഗവര്‍ണറുമായി കൂടിയാലോചിക്കുകയും വേദി രാജ്ഭവനിലേക്ക് മാറ്റുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."