ബാലികയ്ക്ക് എച്ച്.ഐ.വി ബാധ: ആര്‍.സി.സിക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തുപുരം: കാന്‍സര്‍ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് ബാലികയ്ക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ ആര്‍.സി.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഡോ. ആര്‍. രമേശിന്റെ നേതൃത്വത്തിലുള്ള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് വീഴ്ച പറ്റിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് ഇന്ന് ആര്‍.സി.സി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.
കുട്ടിക്ക് 49 തവണ രക്തം നല്‍കിയിട്ടുണ്ട്. ഓരോ തവണയും പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയ രക്തമാണ് നല്‍കിയത്. വിന്‍ഡോ പിരീഡില്‍ എച്ച്.ഐ.വി ബാധ കണ്ടെത്താനുള്ള പരിശോധനകള്‍ സര്‍ക്കാര്‍ സംവിധാനത്തിനില്ലാത്തതാണ് പ്രശ്‌ന കാരണം. ഇല്ലാത്ത സംവിധാനത്തിന്റെ പേരില്‍ വീഴ്ച പറ്റിയെന്ന് പറയാനൊക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എച്ച്.ഐ.വിയുടെ പ്രാരംഭ ദശയായ വിന്‍ഡോ പിരീഡില്‍ പോലും രോഗം കണ്ടെത്താനുതകുന്ന അത്യാധുനിക ന്യൂക്ലിക് ആസിഡ് പരിശോധനാ സംവിധാനം സംസ്ഥാനത്ത് ആര്‍.സി.സിയിലും അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ആരംഭിക്കണമെന്ന ശുപാര്‍ശയും സൊസൈറ്റി നല്‍കി.
അതേസമയം, അന്വേഷണം നടത്തുന്ന പൊലിസ് സംഘം രക്തം നല്‍കിയ 49 പേരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജോയിന്റ് ഡി.എം.ഇ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും ഇന്ന് സമര്‍പ്പിക്കുമെന്നാണ് സൂചന. ആര്‍.സി.സിയുടെ സാങ്കേതിക പിഴവല്ല സംഭവത്തിന് പിന്നിലെന്നാണ് ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തല്‍. പെണ്‍കുട്ടിയ വീണ്ടും ചെന്നൈയിലെ റിജ്യണല്‍ ലബോറട്ടറിയില്‍ രക്തപരിശോധനക്കയക്കണമെന്ന് കഴിഞ്ഞ ദിവസം വിദഗ്ധ സംഘം ശുപാര്‍ശ ചെയ്തിരുന്നു. എപ്പോഴാണ് പെണ്‍കുട്ടിക്ക് എച്ച്.ഐ.വി ബാധയുണ്ടായതെന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് പരിശോധന. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."