വിവാദഭൂമിയിലെ മരംമുറി: പൊലിസ് കേസെടുത്തു
തളിപ്പറമ്പ്: ഡോ. കുഞ്ഞമ്പു നായരുടെ തൃഛംബരം പെട്രോള്‍ പമ്പിന് സമീപത്തെ സ്ഥലത്തു നിന്നു 25 ലക്ഷം രൂപയുടെ മരം മുറിച്ചു കടത്തിയതിനും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും യുവാവിനെതിരേ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. ഇതുസംബന്ധിച്ച് കുഞ്ഞമ്പു ഡോക്ടറുടെ ചെന്നൈയിലുളള മകള്‍ വിജയലക്ഷ്മിയാണ് പൊലിസില്‍ പരാതി നല്‍കിയത്. തൃഛംബരത്തെ പി.വി അനിലിനെതിരെയാണ് കേസ്. 1986 മുതല്‍ ഇവര്‍ ഇവിടെ താമസിച്ചുവരികയാണ്. ഈ കാലയളവില്‍ ഇവിടെ നിന്നു 25 ലക്ഷം രൂപ വിലവരുന്ന മരം മുറിച്ചു കടത്തിയതിനും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും വിശ്വാസവഞ്ചന, കളവ് തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ മരം മുറിച്ചു കടത്തിയതിനുളള തെളിവുകള്‍ പൊലിസിനു ലഭിച്ചിരുന്നു.
കുഞ്ഞമ്പുനായരുടെ തൃച്ചംബരം ക്ഷേത്രം റോഡിലുളള ഉദയംവീട് കോമ്പൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന മൂന്ന് തേക്കുമരങ്ങള്‍ കഴിഞ്ഞദിവസം മുറിച്ചുകടത്തിയതെന്ന പരാതിയില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് പരാതി നല്‍കിയ വിജയലക്ഷ്മിയോട് പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ പരാതി ഇവരില്‍ നിന്നു ലഭിക്കുന്നതോടെ വിവാദഭൂമിയിലെ പുതിയ മോഷണത്തിനും പൊലിസ് കേസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."