അക്ഷയ കേന്ദ്രങ്ങളിലെ ക്രമക്കേട് അന്വേഷിക്കാന്‍ പ്രത്യേക സമിതി
മലപ്പുറം: അക്ഷയ കേന്ദ്രങ്ങളില്‍ നടക്കുന്ന ക്രമക്കേട് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു. അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരേ സംസ്ഥാനത്തുടനീളം ഗുരുതര സ്വഭാവമുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച്് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി വിവര സാങ്കേതിക വിദ്യാ വകുപ്പിലെയും അക്ഷയയിലേയും ഉദ്യോഗസ്ഥര്‍ അംഗങ്ങളായി ഒരു സമിതിയെ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു പഞ്ചായത്തില്‍ ചുരുങ്ങിയത് രണ്ടും നഗരസഭകളില്‍ ആറും എന്ന കണക്കില്‍ കേരളത്തിലെ മുഴുവന്‍ ജില്ലളിലും അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇ-ഗവേണന്‍സ് ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിവിധ തരത്തിലുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിനാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിനു കീഴിലെ കേരള സ്‌റ്റേറ്റ് ഐ.ടി മിഷന്‍ മുഖേന സര്‍ക്കാര്‍ സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങള്‍ അനുവദിച്ചത്. സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരേ പൊതുജനങ്ങളില്‍ നിന്ന് വ്യാപകമായി പരാതികള്‍ ലഭിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. വിവര സാങ്കേതിക വിദ്യാ വകുപ്പിന് നേരിട്ടും വിജലന്‍സ് മുഖാന്തരവുമാണ് ഇത്തരത്തില്‍ പരാതി ലഭിക്കുന്നത്. പരാതികള്‍ കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതില്‍ അക്ഷയ സ്റ്റേറ്റ് ഓഫിസിനും ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്ന് അണ്ടര്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു. നടപടിയെടുക്കുന്നതിലെ കാലതാമസവും വീഴ്ചയും സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ്് വിവര സാങ്കേതിക വിദ്യാവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ബന്ധപ്പെട്ട ജില്ലാ അക്ഷയ കോ ഓഡിനേറ്റര്‍, ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി) വകുപ്പിലെ സെക്ഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് എന്നിവരടങ്ങുന്നതാണ് പുതിയ അന്വേഷണ സമിതി.
അക്ഷയ കേന്ദ്രങ്ങളുടെ സേവനങ്ങള്‍, നടത്തിപ്പ് എന്നിവ സംബന്ധിച്ച് സര്‍ക്കാറില്‍ ലഭിക്കുന്ന ഗുരുതര സ്വഭാവമുള്ള പരാതികള്‍ ഫലപ്രദമായി അന്വേഷിക്കുക, ക്രമക്കേടുകള്‍ക്കെതിരേ യുക്തമായ നടപടി ശുപാര്‍ശയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതാണ് പുതിയ സമിതിയുടെ ചുമതല. പുതുതായി രൂപീകരിക്കപ്പെട്ട സമിതിക്ക് അക്ഷയ സെന്ററുകള്‍, അക്ഷയ ഓഫിസുകള്‍ എന്നിവ പരിശോധിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം ഐ.ടി മിഷനും അക്ഷയ ഡയറക്ടറുമാണ് ലഭ്യമാക്കേണ്ടത്.
അതിനിടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അക്ഷ കേന്ദ്രങ്ങളെ അനുകരിച്ച് സംസ്ഥാനവ്യാപകമായി വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന ഐ.ടി വകുപ്പിന്റെയും അക്ഷയയുടെയും പേരും ലോഗോയും ദുരപയോഗം ചെയ്തും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുമാണ് ഇത്തരം വ്യാജ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. ഇതിനെതിരേ ശക്തമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."