ജീവിച്ചിരിക്കുന്നവരുടെ അവയവദാനം: സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്ന്് ഹൈക്കോടതി
കൊച്ചി: ജീവിച്ചിരിക്കുന്നവരുടെ അവയവദാനത്തില്‍ വാണിജ്യ താല്‍പര്യമില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നു ഹൈക്കോടതി. വൃക്ക ആവശ്യമുണ്ടെന്ന് പത്രങ്ങളില്‍ പരസ്യം ചെയ്യുന്നത് വിലക്കി 2016 ഡിസംബര്‍ 30ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിനെതിരേ തൃശൂര്‍ വരവൂര്‍ സ്വദേശി ഇ.എം.മൊയ്തീനുള്‍പ്പെടെ 16 പേര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി. ഇത്തരം പരസ്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. വൃക്ക ആവശ്യമുണ്ടെന്ന് പത്രങ്ങളില്‍ പരസ്യം നല്‍കുന്നത് തടഞ്ഞ നടപടി അവയവക്കച്ചവടം ഒഴിവാക്കാനാണെന്ന സര്‍ക്കാര്‍ വാദത്തോട് കോടതി യോജിച്ചു. വൃക്കരോഗം പെരുകുന്ന സാഹചര്യത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്നുള്ള അവയവമാറ്റം മതിയാകുന്നില്ലെന്ന വാദം കോടതി അംഗീകരിച്ചു.
ജീവിച്ചിരിക്കുന്നവരില്‍ നിന്ന് അവയവം സ്വീകരിക്കുമ്പോള്‍ ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും വിവരങ്ങള്‍ വെളിപ്പെടുത്താതെ സൂക്ഷിക്കണം. മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്ന് അവയവമെടുക്കാന്‍ മാര്‍ഗ നിര്‍ദേശം ഉള്ളതു പോലെ ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് അവയവം സ്വീകരിക്കാനും നടപടി ക്രമങ്ങള്‍ വേണം. ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തിനായി സ്വീകര്‍ത്താവ് മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മൃതസഞ്ജീവനി അധികൃതര്‍ കൃത്യമായ ഇടവേളകളില്‍ അവയവങ്ങള്‍ ആവശ്യമുണ്ടെന്ന് പത്രക്കുറിപ്പ് ഇറക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."