ഓണറേറിയം തോന്നുംപടി: പ്രീ പ്രൈമറി ജീവനക്കാര്‍ ദുരിതത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം നല്‍കുന്നതിന് കൃത്യമായ സമയക്രമമില്ലാത്തത് ജീവനക്കാരെ വലക്കുന്നു. സാധാരണ വേതനം ലഭിക്കേണ്ട മാസത്തിലെ ആദ്യ ദിനങ്ങളില്‍ നല്‍കുന്നില്ലെന്നും പലപ്പോഴും രണ്ട് മാസം കൂടുമ്പോഴാണ് ലഭിക്കുന്നതെന്നുമാണ് പരാതി.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം അനുവദിച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ഓണറേറിയം ഉയര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
സര്‍ക്കാര്‍ കൈവിട്ടതോടെ അധ്യാപകരും ആയമാരും കേരള സ്റ്റേറ്റ് പ്രീപ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.എസ്.പി.പി.ടി.എ) നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിച്ചു. മാനുഷികപരിഗണന വച്ച് അധ്യാപകര്‍ക്ക് 5000വും ആയമാര്‍ക്ക് 3500 രൂപയുമെങ്കിലും അനുവദിക്കണമെന്ന് കോടതി ഉത്തരവായി. ഇതിനെതിരേ യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രിംകോടതിയെ ശ്രമിച്ചെങ്കിലും ഹരജി കോടതി ഫയലില്‍ സ്വീകരിച്ചില്ല. ഇതോടെ ഹൈക്കോടതി നിര്‍ദേശിച്ച ഓണറേറിയം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ശമ്പളപരിഷ്‌കരണ കമ്മിഷന്‍ വന്നപ്പോള്‍ അധ്യാപകരും ആയമാരും ഓണറേറിയ വര്‍ധനയ്ക്കായി കമ്മിഷനെ സമീപിച്ചു. തുടര്‍ന്ന് വര്‍ധന ശുപാര്‍ശചെയ്‌തെങ്കിലും ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയാറായില്ലെന്ന് ഇവര്‍ പറയുന്നു. വീണ്ടും എല്‍.ഡി.എഫ് അധികാരത്തിലെത്തിയതോടെ ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവിറക്കുകയുമായിരുന്നു. പ്രീപ്രൈമറി ടീച്ചര്‍മാര്‍ക്ക് 9500 രൂപയും ആയമാര്‍ക്ക് 6000 രൂപയുമാണ് നിലവിലെ ഓണറേറിയം.
സ്‌കൂള്‍ മാനേജ്‌മെന്റോ പി.ടി.എയോ ആയിരുന്നു നേരത്തേ ഓണറേറിയം നല്‍കിയിരുന്നത്. എന്നാല്‍ ജീവനക്കാരുടെ സമരങ്ങള്‍ക്ക് ശേഷം ഈ ഉത്തരവ് നടപ്പായപ്പോള്‍ വേതന വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ വേതനം കൃത്യമായി ലഭിക്കാത്തത് തങ്ങളെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.
കുട്ടികള്‍ കുറഞ്ഞതിന്റെ പേരില്‍ നിലവില്‍ സര്‍ക്കാര്‍ അനുവദിച്ച ശമ്പളം പോലും കിട്ടാതെ ജോലി ചെയ്യുന്ന ഒട്ടേറെ അധ്യാപകരുണ്ട്. എന്നാല്‍ ഇവരെ മറ്റിടങ്ങളിലേക്ക് മാറ്റി നിയമിക്കുകയോ ശമ്പളം ലഭ്യമാക്കുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
തങ്ങളെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് സംസ്ഥാനത്തെ അയ്യായിരത്തോളം വരുന്ന അധ്യാപകരുടേയും ആയമാരുടേയും പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."