ഓട്ടോയില്‍ രഹസ്യ അറ ഒരുക്കി മദ്യം കടത്ത്; യുവാവ് പിടിയില്‍
തലശ്ശേരി: ഓട്ടോറിക്ഷയില്‍ രഹസ്യ അറയുണ്ടാക്കി മദ്യം കടത്തുകയായിരുന്ന യുവാവിനെ കൂത്തുപറമ്പ് എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. 26 ലിറ്റര്‍ മാഹി മദ്യവുമായി പോകുകയായിരുന്ന അണ്ടലൂര്‍ ചന്ദ്രമ്പത്ത് വീട്ടില്‍ ശ്രീകാന്തി(38)നെയാണ് ഇന്നലെ കാലത്ത് പാലയാട് കൈരളി വായനശാലക്ക് സമീപം വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്.
അര ലിറ്റര്‍ വീതമുള്ള 52 കുപ്പി മാഹി മദ്യമാണ് പിടിച്ചെടുത്തത്. കെ.എല്‍ 13 പി 8957 നമ്പര്‍ ആപ്പ ഓട്ടോ റിക്ഷയില്‍ പ്രത്യേക രഹസ്യ അറ ഒരുക്കി അതിനുള്ളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. അണ്ടലൂര്‍, ധര്‍മ്മടം പ്രദേശങ്ങളില്‍ ശ്രീകാന്ത് മദ്യ വില്‍പന നടത്തുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. നേരത്തെ പിണറായി എക്‌സൈസ് ഓഫിസിലും ഇയാള്‍ക്കെതിരേ മദ്യം കടത്തിയതിനു കേസടുത്തിരുന്നതായി എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ പറഞ്ഞു. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി സനലേഷ്, യു ഷാജി, പ്രജീഷ് കോട്ടായി, സുകേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ത്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."