ശബരിമലയില്‍ വ്യാപാര സ്ഥാപന ലേലത്തിലും അഴിമതിക്ക് ശ്രമം; ലേലം മാറ്റിവച്ച് തലയൂരി
പത്തനംതിട്ട: ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ലേലം ചെയ്ത് നല്‍കുന്നതില്‍ ലക്ഷങ്ങളുടെ അഴിമതി. ഇതിനായി മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്നലെ വൈകിട്ട് നടത്താന്‍ നിശ്ചയിച്ചിരുന്ന ലേലം വിവാദമായതിനെത്തുടര്‍ന്ന് മാറ്റി വച്ചു. ശബരിമലയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരും വ്യാപാരികളും ചേര്‍ന്നാണ് വന്‍ അഴിമതിക്ക് കളമൊരുക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളുടെ ലേലം അറിയിപ്പായുള്ള പരസ്യം നല്‍കിയത് ഇന്നലത്തെ പത്രത്തിലാണ്. ഇന്നലെ വൈകിട്ട് നാലിന് ശബരിമല എക്‌സിക്ക്യുട്ടീവ് ഓഫിസില്‍ ലേലം നടക്കുമെന്നായിരുന്നു പരസ്യം. രാവിലെ പരസ്യം കണ്ട് വൈകിട്ട് നാലിന് ശബരിമലയിലെത്തി ലേലത്തില്‍ എങ്ങനെ പങ്കുകൊള്ളുമെന്ന സംശയത്തിനു പിന്നാലെയാണ് അഴിമതി ആരോപണം ഉയര്‍ന്നതും ലേലം വിവാദമാകുന്നതും.
മുന്‍കൂട്ടി നിശ്ചയിച്ച വ്യാപാരികള്‍ക്ക് തന്നെ വ്യാപാരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് ദേവസ്വം ഇത്തരത്തില്‍ പരസ്യം നല്‍കിയതെന്നാണ് ആക്ഷേപം. മാളികപ്പുറം കെട്ടിടത്തിലെ ഒരു ബുക്ക് സ്റ്റാളും ഇന്നലെ ലേലത്തിന് നിശ്ചയിച്ചിരുന്നു. കൂടാതെ ശബരിമലയില്‍ ഇതുവരെയും ലേലത്തില്‍ പോകാത്തവയും ഇന്നലെ നാല് മണിക്ക് ലേലം ചെയ്യുമെന്ന് പരസ്യത്തില്‍ പറഞ്ഞിരുന്നു. ദേവസ്വം ഉദ്യോഗസ്ഥര്‍ ചില വ്യാപാരികളുമായി നടത്തിയ മുന്‍ധാരണ പ്രകാരമാണത്രേ ലേല പരസ്യത്തിന് വേണ്ടത്ര സമയം നല്‍കാതിരുന്നത്. ദേവസ്വം വെബ് സൈറ്റില്‍ വിശദ വിവരം ഉണ്ടെന്ന് പരസ്യത്തില്‍ അറിയിച്ചിരുന്നെങ്കിലും സൈറ്റില്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലായിരുന്നത്രേ. ഇക്കാര്യങ്ങള്‍ പുറത്തുവന്നതോടെ തങ്ങള്‍ നിശ്ചയിച്ച ഏതാനും പേര്‍ക്ക് വ്യാപാരം നല്‍കുന്നതിന് ദേവസ്വം ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കം പൊളിയുകയായിരുന്നു.
10 രൂപയുടെ ചായ 150 മില്ലി ഇല്ലെങ്കില്‍ നടപടി
എരുമേലി: അമിതവില ഈടാക്കി അളവില്‍ കുറച്ച് ഭക്ഷണം നല്‍കി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്ന കച്ചവടക്കാര്‍ക്കെതിരേ ശബരിമലയില്‍ റവന്യൂ അധികൃതര്‍ ശക്തമായ നടപടിയെടുക്കുന്നു. ചായയ്ക്ക് 10 രൂപ വാങ്ങുമ്പോള്‍ 150മില്ലി ഉണ്ടാവണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഭൂരിപക്ഷം ഹോട്ടലുകളിലും നല്‍കുന്ന ഭക്ഷണത്തിന്റെ അളവ് വളരെ കുറവാണ്. ചായയ്ക്ക് 10 രൂപയിലധികം വാങ്ങുന്നതായും പരാതി ഉയരുന്നുണ്ട്.
തീര്‍ഥാടനകാലത്ത് എരുമേലിയിലെ താല്‍ക്കാലിക ഹോട്ടലുകളില്‍ റവന്യൂ അധികൃതര്‍ നല്‍കിയ വിലവിവര പട്ടികയില്‍ ഭക്ഷണത്തിന് ഈടാക്കേണ്ട വിലയോടൊപ്പം തൂക്കവും നല്‍കിയിട്ടുണ്ട്. എന്നാല്‍ പല ഹോട്ടലുകളിലും ഇവ പാലിക്കുന്നില്ലെന്നാണ് പരാതി. ഭക്ഷണ ശാലകളില്‍ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ പ്രത്യേക സംവിധാനം ഉപയോഗിക്കുമെന്നും പിടിക്കപ്പെടുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."