മെക്കോങ് തീരത്ത് പുതിയ 115 ജീവിവര്‍ഗങ്ങള്‍
ബാങ്കോക്ക്: ലോകത്തെ 12-ാമത്തെയും ഏഷ്യയിലെ ഏഴാമത്തെയും വലിയ നദിയായ മെക്കോങ്ങിന്റെ തീരത്തുനിന്നു കഴിഞ്ഞ വര്‍ഷം 115 പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തിയതായി പഠനം. മുതലപ്പല്ലി, ആമയെ ഭക്ഷിക്കുന്ന ഭീമന്‍ ഒച്ച്, കുതിരലാടത്തിന്റെ ആകൃതിയില്‍ മുഖമുള്ള വവ്വാല്‍ ഉള്‍പ്പെടെ 115 ജീവി വര്‍ഗങ്ങളെ 2016ല്‍ മെക്കോങ് പ്രദേശത്തുനിന്ന് കണ്ടെത്തിയതായാണ് പഠനം. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടാണ് വിവരം പുറത്തുവിട്ടത്. ആറ് ഏഷ്യന്‍ രാജ്യങ്ങളിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നദിയാണ് മെക്കോങ്. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിനു പിന്നില്‍.
11 ഉഭയജീവികള്‍, രണ്ടുതരം മത്സ്യങ്ങള്‍, 11 ഉരഗങ്ങള്‍, 88 ചെടികള്‍, മൂന്ന് സസ്തനികള്‍ എന്നിവയാണ് പുതുതായി കണ്ടെത്തിയ ജീവിവര്‍ഗങ്ങള്‍. കമ്പോഡിയ, ലാവോസ്, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തിയിരിക്കുന്നത്. വടക്കന്‍ വിയറ്റ്‌നാമില്‍ നിന്നു കണ്ടെത്തിയ വര്‍ണത്തവള, കമ്പോഡിയന്‍ നദീതീരത്തുനിന്നു കണ്ടെത്തിയ കറുപ്പും കാപ്പിയും നിറമുള്ള മത്സ്യം എന്നിവയും ഇതിലുള്‍പ്പെടും. ഇതോടു കൂടി 1997 മുതല്‍ 2016 വരെ കണ്ടെത്തിയ ജീവിവര്‍ഗങ്ങളുടെ എണ്ണം 2,524 ആയി. ഇതോടു കൂടി മെക്കോങ് ആഗോള ജൈവവൈവിധ്യകേന്ദ്രമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."