ഈ ഇന്ത്യ എന്നെ ലജ്ജിപ്പിക്കുന്നു
ദി ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാലുമായി
സുപ്രഭാതം പ്രതിനിധി സുരേഷ് മമ്പള്ളി നടത്തിയ
സംഭാഷണത്തിലെ പ്രസക്തഭാഗം
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സിയാഉസ്സലാമിന്റെ "ബീയിങ് മുസ്‌ലിം ഇന്‍ ഹിന്ദു ഇന്ത്യ' എന്ന പുസ്തകം വായിച്ചുതീരുമ്പോള്‍, കാഴ്ചമറയ്ക്കുംവിധം എന്റെ കണ്ണുകളില്‍ കണ്ണീര് പൊടിഞ്ഞിരുന്നു. കണ്ണീരുണങ്ങിയതോടെ, ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ പരാജയത്തെ കുറിച്ചോര്‍ത്ത് എന്നില്‍ ലജ്ജ ഇരച്ചുകയറി. സിയാഉസ്സലാം ഈ പുസ്തകത്തില്‍ പറയുന്ന അനേകം വസ്തുതകളില്‍ പലതും അറിയുന്നതിലും പറയുന്നതിലും ഓര്‍ക്കുന്നതിലും പരാജയപ്പെട്ട ഞാനെന്ന പത്രപ്രവര്‍ത്തകനോടുള്ള കടുത്ത അവജ്ഞയാണ് ഈ വായനയുടെ അവസാനത്തില്‍ എന്നെ ഗ്രസിച്ചത്.
എന്തായിരുന്നു ആ വസ്തുതകള്‍?
രാജ്യത്തെ ഏതു പൗരനും തുല്യാവകാശവും അവരുടെ മതത്തെ പിന്തുടരാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും നല്‍കുന്ന സുല്‍ഹേ കുല്‍ നയം ആദ്യമായി നടപ്പാക്കിയത് അക്ബര്‍ ചക്രവര്‍ത്തിയാണെന്നതാണ് അതില്‍ പ്രധാനം. ഇന്ത്യന്‍ ഭരണഘടനയ്ക്കുപോലും ഇക്കാര്യത്തില്‍ മാതൃകയായത് അക്ബറാണെന്നു പറയാം. ഇതേ അക്ബര്‍ ആഗ്രയില്‍ പണിതുയര്‍ത്തിയ ഇബാദത് ഖാന, ഇസ്‌ലാമിനെ മാത്രമല്ല, വിവിധ മതവിശ്വാസങ്ങള്‍ക്കിടയിലെ വൈവിധ്യമാര്‍ന്ന ചര്‍ച്ചകളെക്കൂടി പ്രോത്സാഹിപ്പിച്ച ഇടമായിരുന്നു. അക്ബര്‍ ചക്രവര്‍ത്തി ജനിച്ചത് ഒരു ഹൈന്ദവ ഭരണാധികാരിയുടെ വീട്ടിലായിരുന്നു. അദ്ദേഹത്തെ മുലയൂട്ടിയതാവട്ടെ ദയ ഭാവല്‍ എന്ന ഹിന്ദുസ്ത്രീയും. അഥര്‍വവേദം, മഹാഭാരതം തുടങ്ങിയ പൗരാണിക ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതിന് മേല്‍നോട്ടം വഹിച്ചതും അക്ബര്‍ ചക്രവര്‍ത്തിതന്നെ.
നദീസംഗമഭൂമിക്ക് ഇലാഹബാദ് എന്ന് പേരു നല്‍കിയതും അക്ബറാണ്. നദീസംഗമഭൂമിയോട് ഹിന്ദുക്കള്‍ക്കുള്ള ആത്മീയവും വൈകാരികവുമായ ആഭിമുഖ്യം തിരിച്ചറിഞ്ഞാണ് ദൈവങ്ങളുടെ സ്ഥാനം എന്നര്‍ഥം വരുന്ന ഇലാഹബാദ് എന്ന് പ്രയാഗിനെ അക്ബര്‍ വിളിച്ചത്. പുരൂരവസ്സിന്റെ മാതാവിന്റെ പേരാണല്ലോ ഇലാ എന്നത്. നദീസംഗമഭൂമിയായ പ്രയാഗിന്റെ പേരുമാറ്റാതെതന്നെ, സദുദ്ദേശ്യത്തോടെയായിരുന്നു അക്ബര്‍ ചക്രവര്‍ത്തി ഇലാഹബാദ് എന്ന പേര് നല്‍കിയത്. മുഗള്‍കാലഘട്ടത്തില്‍ അലഹബാദ് എന്നും പ്രയാഗ് എന്നും ഒരുപോലെ ഈ സ്ഥലം അറിയപ്പെട്ടു.
എന്നാല്‍ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ അലഹബാദ് എന്നത് പ്രയാഗ് രാജ് മാത്രമായി മാറി. ഫൈസാബാദ് ജില്ലയെ അയോധ്യയാക്കി മാറ്റിയതും ഇതേ ആദിത്യനാഥ് തന്നെ. മതേതരമായൊരു സ്ഥലനാമമായിരുന്നു ഫൈസാബാദിന്റേതും. സകലരുടെയും നന്മയ്ക്കുവേണ്ടിയുള്ള ഇടം എന്നാണ് ഫൈസാബാദിന്റെ അര്‍ഥം. 1730ല്‍ ഫൈസാബാദ് പണിതുയര്‍ത്തിയ നവാബ് സാദത്ത് അലി ഖാന്‍ അയോധ്യക്ക് ഏതെങ്കിലും പുതിയ പേരു നല്‍കാന്‍ ശ്രമിച്ചതായി അറിവില്ല.
ഇനി, അക്ഷയ് കുമാറിന്റെ "സാമ്രാട്ട് പൃഥ്വിരാജ്' എന്ന ചലച്ചിത്രത്തില്‍ പറയുന്നതുപോലെ മുഹമ്മദ് ഗോറിയെ വധിച്ചത് പൃഥ്വിരാജ് ചൗഹാനാകാന്‍ ഒരു സാധ്യതയുമില്ല. കാരണം, പൃഥ്വിരാജ് ചൗഹാന്‍ 1192ലാണ് മരണപ്പെട്ടത്. 1206ലാണ് മുഹമ്മദ് ഗോറിയുടെ മരണം. ക്ഷേത്രധ്വംസനത്തിനും ഹിന്ദുക്കള്‍ക്കുമേല്‍ ജിസ്‌യ എന്ന പേരില്‍ നികുതി ചുമത്തിയതിനും ഏറെ പഴികേട്ട ഭരണാധികാരിയാണ് ഔറംഗസേബ്. എന്നാല്‍ നശിപ്പിച്ചതിനേക്കാള്‍ ഇരട്ടി ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ അദ്ദേഹം കൈയയച്ച് ദാനം നല്‍കിയിരുന്നു. തന്റെ മുന്‍ഗാമികള്‍ നിയമിച്ചതിലും എത്രയോ അധികം അമുസ്‌ലിംകള്‍ക്ക് തൊഴില്‍ നല്‍കിയതും ഔറംഗസേബ് തന്നെ. മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ തുലോം വിരളമായതും മധ്യകാലഘട്ടത്തില്‍ തന്നെ.
ഇനി ഗസ്‌നവിയുടെ കാര്യത്തിലാണെങ്കില്‍ തന്നെയും അദ്ദേഹം ഇസ്‌ലാമിനുവേണ്ടി ധര്‍മയുദ്ധം നടത്തിയെന്നതിനു തെളിവൊന്നുമില്ല. ഗസ്‌നവിക്ക് താല്‍പര്യം വീഞ്ഞിലും സ്ത്രീയിലും സമ്പത്തിലും മാത്രമായിരുന്നു. മധ്യകാലഭരണാധികാരികളാരും പ്രാദേശികജനതയെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കടുത്ത ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. അവരുടെ യുദ്ധങ്ങളെല്ലാം തങ്ങളുടെ സാമ്രാജ്യവിസ്തൃതിക്കുവേണ്ടി മാത്രമായിരുന്നു. അല്ലാതെ ഇസ്‌ലാമിലേക്ക് ആളെക്കൂട്ടാനായിരുന്നില്ല.
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഒരു സ്ഥാപനം 2022ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പറയുന്നത്, ഭക്തിപ്രസ്ഥാനത്തിലൂടെയാണ് ഇന്ത്യന്‍ ദേശീയസമരം ആരംഭിക്കുന്നതെന്നും സ്വാമി വിവേകാനന്ദനും രമണ മഹര്‍ഷിയുമാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് നാന്ദി കുറിച്ചതെന്നുമാണ്. സ്വാമി വിവേകാനന്ദന്റെ ജനനം 1863ലും രമണ മഹര്‍ഷിയുടെത് 1879ലുമാണ്! ഈ തെറ്റ് പിന്നീട് തിരുത്തിയെങ്കിലും ഇന്ത്യന്‍ ദേശീയസമരത്തിലെ മുസ്‌ലിം സംഭാവനകളെ ഇകഴ്ത്തിക്കാട്ടുന്നതില്‍ ഇക്കൂട്ടര്‍ ബദ്ധശ്രദ്ധരായിരുന്നു. ഒരു അടിമയുടെ മകളായ റസിയ സുല്‍ത്താന്‍ തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ട വ്യക്തിത്വം തന്നെയാണ്. കാരണം, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ജനപിന്തുണ കൊണ്ടുമാത്രം സ്ഥൈര്യമാര്‍ജിച്ച ഒരേയൊരു ഭരണാധികാരി അവരായിരുന്നു.
ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തില്‍ നിന്നുള്ള ഏറ്റവും മഹാനായ ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയാണ്. കാരണം, സകല ജാത്യാധികാരങ്ങളെയും തുടച്ചുനീക്കി, മനുസ്മൃതിയില്‍നിന്ന് മുക്തമായൊരു ഇന്ത്യയെ നിര്‍മിച്ചത് ഖില്‍ജിയാണ്. എന്നാല്‍ ഹിന്ദി ചലച്ചിത്രങ്ങളിലെ ഖില്‍ജിയാവട്ടെ, രക്തദാഹിയും വിഷയാസക്തനുമായ ക്രൂരഭരണാധികാരിയും!
അതെ, മുമ്പ് ഇവിടെ നിലനിന്നത് സമന്വയത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മന്ത്രണങ്ങളായിരുന്നുവെങ്കില്‍ ഇന്നത് പൂര്‍ണമായും നിഷേധാത്മകതയുടെയും വിഭാഗീയതയടെയും ആക്രോശങ്ങളായി മാറി.
സമകാല ഇന്ത്യയിലെ പല പൊതുബോധങ്ങളെയും കീഴ്‌മേല്‍മറിക്കുന്ന ചരിത്രവസ്തുതകളുടെ സമാഹാരമാണ് "ബീയിങ് മുസ്‌ലിം ഇന്‍ ഹിന്ദു ഇന്ത്യ' എന്ന പുസ്തകം. അതുകൊണ്ടുതന്നെ സിയാഉസ്സലാമിന്റെ ഈ പുസ്തകം ഈ ഇരുണ്ടകാലത്തും നാം ഓരോരുത്തരും വായിച്ചേ മതിയാകൂ.
ഇന്ന് നമുക്ക് ടെലിവിഷന്‍
കാണാതിരിക്കാം
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തെ തെരഞ്ഞെടുപ്പ് നേട്ടത്തിന് പ്രധാനമന്ത്രി സമര്‍ഥമായി ഉപയോഗിക്കുമ്പോള്‍ നാമെന്ത് ചെയ്യണമെന്ന് ഒരാള്‍ ചോദിക്കുകയുണ്ടായി. കൃത്യമായൊരുത്തരം അതിനെനിക്കില്ല. എങ്കിലും ഉത്തരേന്ത്യയില്‍ നടന്നേക്കാവുന്ന തീവ്ര പ്രകോപനങ്ങളിലെല്ലാം തികഞ്ഞ സമചിത്തതയും സമാധാനവും ഉറപ്പാക്കുക എന്നതിനായിരിക്കണം നമ്മുടെ മുന്‍ഗണന. നിങ്ങളൊരു ഹിന്ദുവോ ക്രിസ്ത്യനോ ആണെങ്കില്‍ ഇന്ന് ചെയ്യാവുന്ന ഏറ്റവും ഉചിതമായ സംഗതി ടെലിവിഷന്‍ തുറക്കാതെ, സിയാഉസ്സലാമിന്റെ പുസ്തകം വായിക്കുക എന്നതാണ്.
2014നുശേഷം ഇന്ത്യയില്‍ എഴുതപ്പെട്ട സുപ്രധാന പുസ്തകങ്ങളിലൊന്നാണ് "ബീയിങ് മുസ്‌ലിം ഇന്‍ ഹിന്ദു ഇന്ത്യ'. നമ്മളിന്നുവരെ അറിയാത്ത, അല്ലെങ്കില്‍ നാം നമ്മുടെ നനുത്ത പട്ടുമെത്തയിലിരുന്ന് വളരെ വേഗത്തില്‍ ഓടിച്ചുവിട്ട അസുഖകരമായ അനവധി സംഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഓരോ പുറത്തിലും മറഞ്ഞിരിക്കുന്നത്.
സിയാഉസ്സലാം എന്ന എഴുത്തുകാരന്റെ ആഖ്യാനത്തിന് ഒരു പത്രപ്രവര്‍ത്തകന്റെ സ്പര്‍ശമുണ്ട്. എന്നാല്‍ പല അധ്യായങ്ങളും അവസാനിക്കുന്നത് ചുട്ടുപഴുത്ത ഇരുമ്പ് ശരീരത്തിലും ആത്മാവിലും ഒരേസമയം തുളച്ചുകയറ്റുന്ന നീറ്റലോടെയാണ്. ഒരു അധ്യായം അവസാനിക്കുന്നതിങ്ങനെ: "ഈ സമൂഹം ഇസ് ലാമോഫോബിയയുടെ പിടിയിലേക്ക് ആഴത്തില്‍ വീഴുമ്പോള്‍ നമുക്ക് ലഭിക്കുന്ന രാജ്യത്തിന്റെ ദൃശ്യമുണ്ട്. യഥാര്‍ഥത്തില്‍, ഈ രാജ്യത്തിന്റെ ഭാഗമായ, അതിന്റെ നിലനില്‍പ്പിനുതന്നെ ആധാരമായ ഒരു നാഗരികതയെ വിച്ഛേദിച്ചുകളയാന്‍ ശ്രമിക്കുന്ന ദൃശ്യമാണത്'.
മറ്റൊരധ്യായത്തില്‍ ഇങ്ങനെ കാണാം: "ബാബരി, മഥുര ഈദ്ഗാഹ്, ഗ്യാന്‍വാപി, ഖുവ്വത്തുല്‍ ഇസ് ലാം… ഈ പട്ടിക വീണ്ടും നീളുകയാണ്. എണ്ണൂറോ അതിലധികമോ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നുവെന്നാരോപിക്കുന്ന അപരാധങ്ങളുടെയെല്ലാം പ്രായശ്ചിത്തം ആവശ്യപ്പെടുന്നത് ഇന്നത്തെ മുസ്‌ലിം സമുദായത്തോടാണ്.
ഈ അനീതിക്കെതിരേ നിരന്തരം പരാതികള്‍ ഉയരുമ്പോഴും ഭരണകൂടം നീണ്ട മൗനത്തിലാണ്. ഓരോ ദിവസവും പരാതികള്‍ വര്‍ധിക്കുന്നുവെന്നല്ലാതെ ന്യൂനപക്ഷം ഇന്നും ഭയത്തോടെയാണ് ജീവിക്കുന്നത്. മുസ്‌ലിമാവുക എന്നതുപോലും ഇരുണ്ട, ഒറ്റപ്പെടലാണ്'. പുസ്തകത്തില്‍ മറ്റൊരിടത്ത് അനാവൃതമാവുന്ന ചിത്രമിങ്ങനെ; "ഇതൊരിക്കലും ഹൈന്ദവതയെ സംബന്ധിച്ചു പോലുമല്ല. വിശുദ്ധപശുവോ മറ്റു മൃഗാവകാശങ്ങള്‍ പോലുമോ അല്ല വിഷയം. പകരം, ഇതെപ്പോഴും നിഷേധമാണ്. മുസ്‌ലിംകളുടെ ഭക്ഷണവും ഉപജീവനവും നിഷേധിച്ച്, പൊരുതിക്കൊണ്ടിരിക്കുന്ന, ക്ഷയോന്മുഖമായൊരു ജനതയെ സാധ്യമാവുന്നത്ര അരികുവത്കരിച്ച് അവരിലവശേഷിക്കുന്ന അന്തസ്സിനെ അശേഷം പറിച്ചുമാറ്റുക എന്നതാണിവിടെ നടക്കുന്നത്. ഈ സമൂഹത്തെ സാമ്പത്തികമായി നശിപ്പിക്കാനുള്ള പ്രചാരണങ്ങള്‍ക്കൊപ്പം സാമൂഹികവിവേചനത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
മാനസികമായൊരു വംശീയ ഉന്മൂലനം പോലുമിവിടെ നടന്നേക്കാം. ഭക്ഷണഫാസിസം ഇതിന്റെ മറ്റൊരു പ്രകടനം മാത്രമാണ്'.
വര്‍ത്തമാന ഇന്ത്യയിലെ മുസ്‌ലിം സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിരന്തരമായി അണിനിരന്ന് ജനാധിപത്യത്തിന്റെ ആഘോഷത്തില്‍ അഭിമാനിച്ചിരുന്ന ഒരു സമൂഹം എങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ നിന്നുപോലും നിശ്ശേഷം പുറത്തായത്? ആ കണക്കുകളില്‍ അതിശയമില്ലെങ്കിലും അവ അകാരണമായൊരു ഞെട്ടലുളവാക്കും.
മുപ്പത്തിമൂന്നു വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതംകൊണ്ട് മൂര്‍ച്ചകൂട്ടിയെടുത്ത ഹൃദയകാഠിന്യത്തില്‍ ഞാന്‍ അഭിമാനം കൊണ്ടിരുന്നു. എന്നിട്ടുപോലും ഈ പുസ്തകത്തിന്റെ ചില പുറങ്ങള്‍ ഒന്നിലേറെ തവണ എന്നെ കശക്കിയെറിഞ്ഞു. കാരണം, "ഒരു പ്രത്യേക മതത്തില്‍ ജനിച്ചുവെന്ന യാദൃച്ഛികത' കൊണ്ടുമാത്രം മുസ്‌ലിംകള്‍ക്കുനേരെ നടക്കുന്ന നിഷ്ഠുരതകളെ അതിസൂക്ഷ്മമായാണ് ഈയെഴുത്തുകാരന്‍ വായനക്കാര്‍ക്കു മുന്നില്‍ നിരത്തുന്നത്. ഇതിലെ പല സംഭവങ്ങളും മറ്റു പലയിടങ്ങളിലും രേഖപ്പെടുത്തിയവയാണ്. എന്നിട്ടും മുസ്‌ലിംകള്‍ക്കു നേരെ തുടരുന്ന നിഷ്ഠുരതകളുടെ വ്യാപ്തിയും അതേസമയം, ഇതെല്ലാം നടപ്പാക്കുന്നവര്‍ നിയമത്തിനുപോലും തൊടാന്‍കഴിയാത്തത്ര ഉയരത്തില്‍ തുടരുന്നതിന്റെയും അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആരാധനാ പദവിയുടെയും പിന്നാമ്പുറങ്ങള്‍ മനസ്സിലാക്കാനാവാതെ ശ്വാസംമുട്ടുന്ന സാഹചര്യം വായനക്കാരനെന്ന നിലയില്‍ ഒരുപാടുതവണ ഞാന്‍ അനുഭവിച്ചിട്ടുണ്ട്.
മുഹ്സിന്‍ ശൈഖ്, മുഹമ്മദ് അഖ്ലാഖ്, അഫ്രാസുല്‍, അലിമുദ്ദീന്‍ അന്‍സാരി, തബ്രീസ് അന്‍സാരി, പെഹ്ലുഖാന്‍, സുഹൈല്‍ തംബോലി, അസ്‌ലം അഥര്‍, സയ്യിദ് ലായക്, നിസാമുദ്ദീന്‍ ഖാസി, ഷബീര്‍ ചൗധരി, ബാസിദ് ഖാന്‍, അഫ്താബേ ആലം, മൊഇൗനുല്‍ ഹഖ്, നസീര്‍, ശൈഖ് അമീര്‍, ശൈഖ് നാസിര്‍, ഫൈസല്‍, ഹംസ, ആമിന്‍, ഭൂരെ അലി, മുര്‍സലിന്‍, ആസ് മുഹമ്മദ്, മുഷറഫ്, അഖില്‍ അഹമ്മദ്, ഹാഷിം അലി, ആമിര്‍ ഖാന്‍, മുഹമ്മദ് ജാവേദ്, വസീം ശൈഖ്, ഹസീന ഫഖ്‌റു, ജാവേദ്, റഷീദ്, മുഹമ്മദ് സുബൈര്‍… എന്നിങ്ങനെ നിരവധി പേരുകള്‍. ചിലര്‍ ആള്‍ക്കൂട്ട മര്‍ദനത്തിനും കൊലപാതകത്തിനും ഇരകള്‍, ചിലരെ അക്രമിച്ച് അവരുടെ വീടു തകര്‍ത്തു, ആരാധനാലയങ്ങള്‍ അക്രമിച്ചു. ഇവരെല്ലാം ആരാണ്. എന്നെയും നിങ്ങളെയും പോലെ ഒരേ ഇന്ത്യക്കാര്‍, അതേ പൗരന്മാര്‍.
എന്നാല്‍ ഈ ഓരോ ക്രൂരസംഭവത്തിനും തൊട്ടുപിന്നാലെ വരുന്ന സ്ഥിരം വാചകമുണ്ട്; "ഇതേക്കുറിച്ച് സംസാരിക്കുകയോ ട്വീറ്റ് ചെയ്യുന്നതോ അത്യാവശ്യമല്ലെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷം. എന്നാലദ്ദേഹത്തിന്റെ മൗനം വാചാലമാണ്'. അതേസമയം, നൂറ്റാണ്ടുകള്‍ക്കു മുമ്പ് ബാബര്‍ ചെയ്തതിനോ ചെയ്യാത്തതിനോ ഇന്നത്തെ മുസ്‌ലിംകള്‍ സംസാരിച്ചേ തീരൂ എന്നതില്‍ എന്തു ന്യായമാണുള്ളത്?
ഇവിടുത്തെ കേന്ദ്രമന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍, സന്ന്യാസിമാർ തുടങ്ങിയ ചില "അപ്രധാന ഘടകങ്ങളുടെ' നിന്ദ്യമായ പ്രസ്താവനകള്‍ക്ക് പ്രധാനമന്ത്രി ഉത്തരവാദിയല്ലെന്നിരിക്കെ, സന്ദര്‍ഭവശാല്‍ മുസ്‌ലിം നാമധാരികളായിപ്പോയ ഒരു ഭരണവര്‍ഗത്തിന്റെ കര്‍മങ്ങള്‍ക്കും കൃത്യവിലോപങ്ങള്‍ക്കും ഇക്കാലത്തെ മുസ്‌ലിംകള്‍ മറുപടി പറയണം എന്ന വ്യാജോക്തിക്കു പിന്നാലെ പോകുന്ന ചില "വിദ്യാസമ്പന്നരായ' സുഹൃത്തുക്കള്‍ എനിക്കുമുണ്ടെന്ന് പറയാതെ വയ്യ.
മുസ്‌ലിംകള്‍ അധിക്ഷേപിക്കപ്പെടുന്നത് സന്ദര്‍ഭവശാല്‍ അവരൊരു പ്രത്യേക മതത്തില്‍ ജനിച്ചുവെന്നതുകൊണ്ടു മാത്രമാണ്. സിയാഉസ്സലാമിന്റെ പുസ്തകത്തില്‍ "ആരാധനാലയങ്ങളോടുള്ള ക്രോധം' എന്നൊരു അധ്യായം എടുത്തുപറയേണ്ടതാണ്. മോദിയുടെ ഭരണത്തിനു കീഴില്‍ ഇസ്‌ലാമിക ആരാധനാലയങ്ങള്‍ സുരക്ഷിതമാണെന്ന നുണയെ കൃത്യമായി പൊളിക്കുന്നതാണ് ഈ ഭാഗം.
"ഒറ്റപ്പെട്ട സംഭവങ്ങള്‍' എന്ന ഭാവനയെ തന്നെ ഇത് തുറന്നുകാട്ടുന്നു. 38 മുസ്‌ലിംകളും 15 ഹിന്ദുക്കളും കൊല്ലപ്പെട്ട 2020ലെ ഡല്‍ഹി കലാപത്തില്‍ പെട്ടുപോയ മുപ്പത്തിയേഴുകാരനായ സുബൈറിനുണ്ടായ ആഘാതം ഞെട്ടിക്കുന്നതാണ്. കുറിയണിഞ്ഞ ഒരാളാല്‍ തെറ്റിദ്ധരിക്കപ്പെട്ട് സുബൈര്‍ ചെന്നകപ്പെട്ടത് കവര്‍ച്ചക്കാരായ ഒരു കൂട്ടത്തിനിടയിലാണ്. "രക്തത്തില്‍ കുളിച്ചുകിടക്കുന്ന അയാളെ കുറുവടികളാല്‍ തുടര്‍ച്ചയായി അക്രമിച്ചുകൊണ്ടിരുന്നു' എന്നാണ് യു.കെയില്‍ നിന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. സിയാഉസ്സലാം എഴുതുന്നു; "അക്രമകാരികള്‍ക്ക് തീർത്തും അപരിചിതനായൊരു വ്യക്തി എന്തുകൊണ്ടാണ് ആക്രമിക്കപ്പെട്ടത് എന്നതിന് സുബൈറിന് ഒരൊറ്റ മറുപടിയാണുള്ളത്:
"എനിക്കു യാതൊരു പിടിയുമില്ല. ഒന്നറിയാം അവരെന്നെയല്ല അക്രമിച്ചത്, എന്റെ മുസ്‌ലിം സ്വത്വത്തെയാണ്'. സിയാഉസ്സലാം അവസാനിപ്പിക്കുന്നതിങ്ങനെ: "എല്ലാത്തിനും വിപരീതമായി സുബൈര്‍ അതിജീവിച്ചു. ഇന്ത്യയും അതിജീവിച്ചു. ഇന്ത്യയുടെ ആത്മാവില്‍ നടന്നുകൊണ്ടിരിക്കുന്ന ഓരോ പുതിയ ആക്രമണവും അവസാനിക്കുമ്പോള്‍ സംഭവിക്കുന്ന ആ ചെറിയ അത്ഭുതം ഈ സമുദായത്തിന്റെ സ്വത്വം തന്നെയാണ്'.
നാം സംസാരിക്കാതെ മറ്റാരാണ് സംസാരിക്കുക
എന്റെ സങ്കടം മുസ്‌ലിംകളെക്കുറിച്ചു മാത്രമല്ല. ഞാനെപ്പോഴും സംശയിച്ചുകൊണ്ടിരുന്നതിനെ സ്ഥിരീകരിക്കുക മാത്രമാണ് ഓരോ സംഭവങ്ങളും. വാര്‍ത്താമുറികളില്‍ ഞാന്‍ ചെലവഴിച്ച സമയമെല്ലാം പാഴായിരുന്നു. ഈ അനുഭവങ്ങളെല്ലാം പ്രത്യാഘാതങ്ങളൊന്നും വകവയ്ക്കാതെ പത്രത്തിന്റെ ആദ്യപേജില്‍ തന്നെ വരണമായിരുന്നു. നാം സംസാരിക്കാതെ മറ്റാരാണ് സംസാരിക്കുക. മുന്നറിയിപ്പ് കിട്ടിയില്ലെന്നുപോലും പറയാന്‍ നമുക്ക് സാധ്യമല്ല.
"ഹിറ്റ്‌ലറിനു ജുതരോടായിരുന്നു. അദ്വാനിക്ക് മുസ്‌ലിംകളോടായിരുന്നു. ആര്യന്‍ യുവത്വത്തെ ശ്വാസംമുട്ടിച്ച എലികളായിരുന്നു ജൂതന്മാര്‍.
ഭാരതാംബയുടെ ശരീരത്തിലിഴയുന്ന പാമ്പുകളാണ് മുസ്‌ലിംകള്‍. കൊല്ലണം, കൊല്ലണം, കൊല്ലണം..' _ ഞാന്‍ പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ സ്ഥാപക പത്രാധിപരായ എം.ജെ അക്ബര്‍ എഴുതിയതാണിത്. അതെ മറ്റൊരു കാലഘട്ടത്തില്‍, നൂറ്റാണ്ടില്‍, നെഹ്‌റുവിന്റെ ആരാധകനായിരുന്നയാള്‍ വൈകാതെ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇനിയും മോദിയെയും ബി.ജെ.പിയെയും മാത്രം കുറ്റപ്പെടുത്തുന്നത് വ്യര്‍ഥമാണ്. ബാപ്പുവിന്റെ വധത്തിനു ശേഷം ഇന്ത്യന്‍ മുസ്‌ലിംകള്‍ അനാഥരായി എന്നതാണ് സിയാഉസ്സലാം മുന്നോട്ടുവയ്ക്കുന്ന പ്രസക്തനിരീക്ഷണം.
(സംഭാഷണത്തിന്റെ
അവസാന ഭാഗം നാളെ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."