ആഭ്യന്തരവിമാനങ്ങളിൽ കാബിൻ ബാഗേജ് ഒന്നുമാത്രം
ന്യൂഡൽഹി
ആഭ്യന്തര യാത്രാവിമാനങ്ങളിൽ കാബിൻ ബാഗേജായി ഒരു ബാഗ് മാത്രമേ അനുവദിക്കാവൂ എന്ന നിർദേശം കർശനമായി നടപ്പാക്കാൻ വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.
ലേഡീസ് ബാഗ് അടക്കം ഒന്നിൽ കൂടുതൽ ബാഗുകൾ കൈയിൽ കരുതാൻ ഒരു യാത്രക്കാരനെയും അനുവദിക്കരുതെന്നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദേശിച്ചിരിക്കുന്നത്. കൊവിഡ് കാലം പരിഗണിച്ച് ഹാൻഡ് ബാഗിന്റെ എണ്ണം ഒന്നായി ചുരുക്കിയിരുന്നു. എന്നാൽ വിമാനക്കമ്പനികൾ ഇത് കർശനമായി നടപ്പാക്കിയിരുന്നില്ല. അതുകാരണമാണ് കർശന നിർദേശം പുറപ്പെടുവിച്ചത്.
നിലവിൽ വിമാന യാത്രക്കാർ ശരാശരി 2-3 ബാഗുകൾ വരെ കൊണ്ടുവരുന്നുണ്ട്. ഇത് ക്ലിയറൻസ് സമയം വർധിക്കാനും അതുവഴി തിരക്ക് വർധിച്ച് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കാനും കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
വിമാനത്തിലെ സുരക്ഷാ പരിശോധനയുടെ ചുമതലയുള്ള സി.ഐ.എസ്.എഫും കൂടുതൽ ബാഗുകൾ അനുവദിക്കാൻ കഴിയില്ലെന്ന് വിമാനത്താവളങ്ങളെയും വിമാനക്കമ്പനികളെയും അറിയിച്ചിട്ടുണ്ട്. ഒരു ഹാൻഡ് ബാഗ് മാത്രമേ കൈയിൽ കരുതാൻ പാടുള്ളൂവെന്ന വിവരം യാത്രക്കാരെ അറിയിക്കാൻ ടിക്കറ്റുകളിലും ബോർഡിങ് പാസുകളിൽ അക്കാര്യം രേഖപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രവേശന കവാടത്തിലും ചെക്ക് ഇൻ കൗണ്ടറുകൾക്ക് സമീപവും മറ്റും ഇക്കാര്യം ഓർമിപ്പിക്കാൻ ബാനർ, ബോർഡ് തുടങ്ങിയ സ്ഥാപിക്കാൻ വിമാനത്താവള ഓപ്പറേറ്റർമാർ നിർദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
നിർദേശങ്ങൾ നടപ്പാക്കാത്തതാണ് വിമാനത്താവളങ്ങളിലെ തിരക്കിന് പ്രധാന കാരണമെന്നും ഉത്തരവിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."