നിരാശയേകുന്ന ബജറ്റ്
കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തക്ക പ്രഖ്യാപനവും ആസൂത്രണവും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കാത്തുനിന്ന പൊതുജനത്തിന് നിരാശയേകിയാണ് കേന്ദ്ര ബജറ്റ് ഇന്നലെ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. പുതിയ നികുതി നിര്‍ദേശങ്ങള്‍ ഇല്ലാത്തതാണ് ബജറ്റ്. തുക കണ്ടെത്തുന്നതിനായി പൊതു ഓഹരി വിറ്റ് ഖജനാവ് നിറയ്ക്കുക എന്ന സമീപനം തന്നെയാണ് ഈ വര്‍ഷവും തുടരുന്നത്.
എല്‍.ഐ.സി ഉള്‍പ്പെടെ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍കരണം പ്രഖ്യാപിച്ചു കഴിഞ്ഞു. എല്‍.ഐ.സിയുടെ ഓഹരി വിറ്റഴിക്കല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. രണ്ടു ബാങ്കുകളടക്കം തന്ത്രപ്രധാനമല്ലാത്ത എല്ലാ കമ്പനികളും സ്വകാര്യവല്‍ക്കരിക്കുമെന്നു വ്യക്തമാക്കിയ ധനമന്ത്രി രാജ്യത്തെ പ്രധാന തുറമുഖങ്ങളില്‍ പൊതു -സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബി.പി.സി.എല്‍, എയര്‍ ഇന്ത്യ, എസ്.സി.ഐ, സി.സി.ഐ, ഐ.ഡി.ബി.ഐ, ബി.എം.എല്‍, പവന്‍ ഹാന്‍സ് എന്നിവയും സ്വകാര്യവല്‍കരിക്കുന്നതില്‍ പെടും. ഇതില്‍ ചിലതിന്റെ ഇതുവരെ പ്രഖ്യാപിച്ച ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ 2022 ല്‍ പൂര്‍ത്തിയാകും. സ്വകാര്യ നിക്ഷേപത്തിന്റെ വേഗത ലക്ഷ്യമിട്ട് ഉടന്‍ ഏറ്റെടുക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ പുതിയ പട്ടിക തയാറാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ അടുത്ത സാമ്പത്തിക വര്‍ഷം 1.75 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്നതിലെ രണ്ടു ലക്ഷം കോടിയുടെ ഓഹരി വിറ്റഴിക്കാന്‍ ബാക്കിയുണ്ട്. അതുകൂടി ഈ വര്‍ഷം വിറ്റഴിക്കുകയും ചെയ്യും. അപ്പോള്‍ ഓഹരി വില്‍പനയിലൂടെ 3 .75 ലക്ഷം കോടി അടുത്ത സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ സമാഹരിക്കും. പല പൊതുമേഖലാ ആസ്തികളും സ്വകാര്യ മേഖലയ്ക്ക് കൈമാറി കൂടുതല്‍ ധനം കണ്ടെത്താനും നീക്കം നടക്കും. ഇന്‍ഷുറന്‍സ് മേഖല പൂര്‍ണമായി വിദേശ നിക്ഷേപകരുടെ കൈയില്‍ എത്തിച്ചേരുകയാണ്. മേഖലയിലെ വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനത്തില്‍നിന്ന് 74 ശതമാനമായി ഉയര്‍ത്തി. സര്‍ക്കാരിന് വരുമാനത്തിനുള്ള ഏക മാര്‍ഗം രാജ്യത്തിന്റെ പൊതുമുതല്‍ വില്‍പനയാണ് എന്നത് രാജ്യം തകര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന തന്നെയാണ്. കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് രാജ്യത്തെ തള്ളുന്ന നീക്കമാണിത്. ബജറ്റ് കുത്തകകള്‍ക്ക് അനുയോജ്യമാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ ഓഹരി വിപണിയില്‍ ഉണ്ടായ കുതിച്ചു ചാട്ടം.
ലക്ഷക്കണക്കിനു കര്‍ഷകര്‍ രണ്ടു മാസത്തിലേറെയായി തുടരുന്ന സമരത്തിനിടെ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകരെ കബളിപ്പിക്കുന്ന ചില പ്രഖ്യാപനങ്ങളാണ് നടത്തിയത് എന്നത് ശ്രദ്ധേയമാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ തുടരുമെന്നാണു ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലയ്ക്കു പ്രതീക്ഷിച്ച രൂപത്തിലുള്ള പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. കര്‍ഷകരെ തണുപ്പിക്കാന്‍ താങ്ങുവില കൂട്ടുകയും കാര്‍ഷിക ചന്തകള്‍ക്കു സഹായങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും അവയൊന്നും കാര്‍ഷിക രംഗത്ത് ഉത്തേജനം നല്‍കുന്നതല്ലെന്നാണ് വിദഗ്ധാഭിപ്രായം. കര്‍ഷകര്‍ക്ക് 75,060 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ അടിസ്ഥാന വിഷയങ്ങളില്‍ പരിഹാരമാകാതെ തൊലിപ്പുറത്തുള്ള ചികിത്സ മാത്രമായേ ഇതിനെ കാണാനാകൂ. കര്‍ഷകര്‍ക്ക് സബ്‌സിഡിക്കു പകരം വായ്പ അനുവദിക്കുകയാണ് ചെയ്തത്. ഇത് അവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന സമീപനമാണ്.
ആരോഗ്യ ബജറ്റാണെന്ന് പ്രചാരണമുണ്ടെങ്കിലും അതും അസ്ഥാനത്താണ്. കൊവിഡ് മഹാമാരിയില്‍നിന്ന് മുക്തിനേടാനുള്ള കൊവിഡ് വാക്‌സിനായി 35,000 കോടി രൂപ മാത്രമേ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളൂ. ഇതില്‍ മാറ്റം വരുത്തിയില്ല എങ്കില്‍, രാജ്യത്തെ പകുതിയിലേറെ ജനത്തിനു മാത്രമേ ബജറ്റ് കാലയളവില്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയു.
പൊതുജനങ്ങള്‍ക്ക് പേരിനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കുന്ന മുന്‍ബജറ്റുകളില്‍നിന്നു മാറി പൊതുജനങ്ങളെ പാടെ തഴഞ്ഞ ബജറ്റാണിത്. ദേശീയപാതാ വികസനവും മെട്രോയ്ക്ക് രണ്ടാംഘട്ട ഫണ്ടും ആണ് പറയത്തക്ക പ്രഖ്യാപനമായി ബജറ്റില്‍ കേരളത്തിനുള്ളത്.
പെട്രോളിന് രണ്ടര രൂപയും ഡീസലിന് നാല് രൂപയും അഗ്രി ഇന്‍ഫ്രാ സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പറയുന്നു. വില ഉയരില്ല എന്ന് കേന്ദ്ര മന്ത്രിയുടെ വായ്ത്താരി ഉണ്ടെങ്കിലും കാരണമൊന്നുമില്ലാതെ ദിവസേന കുതിച്ചുയരുന്ന ഇന്ധന വില ഇനിയും അനിയന്ത്രിതമായി ഉയരും. കൂടാതെ ക്രൂഡ് പാം ഓയില്‍ (17.5 ശതമാനം), സോയാബീന്‍ (20 ), സൂര്യകാന്തി എണ്ണ (20), ആപ്പിള്‍ (35), കല്‍ക്കരി, ലിഗ്‌നൈറ്റ് (1.5 ), യൂറിയ അടക്കമുള്ള നിര്‍ദിഷ്ട വളം (5 ), പയര്‍ (40), കാബൂളി കടല (30 ), ബംഗാള്‍ കടല (50), പരിപ്പ് (20), പരുത്തി (5) എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുമ്പ്, സ്റ്റീല്‍, വൈദ്യുതി, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്കും ഉണ്ടാകുന്ന വിലവര്‍ധന സാധാരണക്കാരന്റെ ജീവിതത്തെ സാരമായി ബാധിക്കും. കര്‍ഷക ക്ഷേമത്തിന് എന്നു പറഞ്ഞാണ് സെസ് ഏര്‍പ്പെടുത്തുന്നത്. സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകുന്നതാണ് കേന്ദ്രത്തിന്റെ പുതിയ സെസ് നീക്കമെന്നാണ് വിദഗ്ധാഭിപ്രായം.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ചില ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പരാമര്‍ശിക്കുന്നു. ഏപ്രില്‍- മേയ് മസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണിവ. കേരളത്തില്‍ 65,000 കോടിയുടെ റോഡ് നവീകരണം നടക്കും. ഈ തുക ഉപയോഗിച്ച് 1100 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കും. മധുര- കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയ പാതയ്ക്ക് 1,03,000 കോടി രൂപയാണ് ബജറ്റിലുള്ളത്. ബംഗാളില്‍ 675 കിലോമീറ്റര്‍ ദേശീയപാതയ്ക്കായി 25000 കോടിയുടെ പ്രത്യേക പദ്ധതിയുണ്ട്. അസമില്‍ 1,300 കിലോമീറ്റര്‍ ദേശീയപാതാ നിര്‍മാണത്തിന് 34,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അസമിലേയും ബംഗാളിലേയും തേയില കര്‍ഷകര്‍ക്കായി കോടികളുടെ പ്രത്യേക പാക്കേജും ബജറ്റിലുണ്ട്.
9.5 ശതമാനമായി ഉയര്‍ന്ന ധനക്കമ്മിയെ മറികടക്കാന്‍ കടമെടുത്തു പണവ്യയം കൂട്ടി സാമ്പത്തിക രംഗം ചലിപ്പിക്കാനുള്ള ചെപ്പടിവിദ്യയാണ് സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. വരുന്ന രണ്ട് മാസത്തിനുള്ളില്‍ 80,000 കോടിയും ഈ വര്‍ഷം 12 ലക്ഷം കോടിയും കടമെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുജനത്തിനുമേല്‍ കടത്തിന്റെ ഭാരം വര്‍ധിപ്പിക്കാനല്ലാതെ ഇത് ഗുണം ചെയ്യില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."