ശ്രീ.എം ആര്‍.എസ്.എസ്സല്ല; ആള്‍ ദൈവവുമല്ല, വി.ടി ബല്‍റാമിനെ വിമര്‍ശിച്ച് പി.ജെ കുര്യന്‍
തിരുവനന്തപുരം: യോഗ സെന്റര്‍ നിര്‍മിക്കാന്‍ ശ്രീ.എമ്മിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ച് സംബന്ധിച്ച് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. ശ്രിഎമ്മിനെ ആര്‍.എസ്.എസ് സഹയാത്രികനെന്നും ആള്‍ ദൈവമെന്നും വിശേഷിപ്പിച്ച എം.എല്‍.എയുടെ വാക്കുകള്‍ അദ്ദേഹത്തെ അറിയുന്ന എല്ലാവരെയും വേദനിപ്പിക്കുമെന്ന് പി.ജെ കുര്യന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
ഒരു എം.എല്‍.എ ആയ ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതാണെന്നും ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുര്യന്‍ കുറിപ്പില്‍ വ്യക്തമാക്കി. അത്തരമൊരു നടപടി ശ്രീ.എമ്മിന്റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ് ഉണക്കാന്‍ ആവശ്യമാണ്. ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൗനിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
സംസ്ഥാന ഗവണ്മെന്റ് ശ്രീ.എം ന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചുകൊണ്ടുള്ള ശ്രീ.വി.ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് എന്റെ ഒരു സുഹൃത്ത് വാട്‌സ് ആപ്പില്‍ തന്നത് വായിച്ചു.
സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ശ്രീ.ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎം-നെ 'ആള്‍ ദൈവമെന്നും ആര്‍.എസ്.എസ് സഹയാത്രികനെന്നും' വിശേഷിപ്പിച്ചത് ശ്രീ.എം- നെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്.
എനിക്ക് ശ്രീ.എം മായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ എകതായാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള്‍ ദൈവവുമല്ല ആര്‍.എസ്.എസ് ഉം
അല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്‌കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആര്‍.എസ്.എസ് ആകുമോ ?. ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള്‍ ദൈവം ആകുമോ?.
ഒരു എം.എല്‍.എആയ ശ്രീ.ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ.എമ്മിന്റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ് ഉണക്കാന്‍ ആവശ്യമാണ്. ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൗനിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."