ഗൃഹശാന്തതയിലേയ്ക്കു വീണ്ടും മദ്യക്കുപ്പികളെറിയരുത്
സമൂഹം മദ്യവിമുക്തകേരളമെന്ന ആശയത്തോടു സമരസപ്പെട്ടുവരുമ്പോള്‍ ഓണത്തോടനുബന്ധിച്ചു കണ്‍സ്യൂമര്‍ഫെഡിലൂടെ ഓണ്‍ലൈനായി മദ്യം വിതരണം ചെയ്യുമെന്ന ചെയര്‍മാന്റെ പ്രഖ്യാപനം കേരളത്തെ മദ്യപ്പുഴയാക്കാന്‍ മാത്രമേ ഉപകരിക്കൂ. കണ്‍സ്യൂമര്‍ ഫെഡിനുണ്ടായ കോടികളുടെ നഷ്ടം നികത്താനാണ് ഇത്തരമൊരു തീരുമാനം. ചെരുപ്പിനൊപ്പിച്ചു കാലുമുറിക്കുന്നതുപോലെയാണിത്. കണ്‍സ്യൂമര്‍ഫെഡ് നഷ്ടമുണ്ടാക്കിയതു കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും മൂലമാണ്.
'ഓരോ പഞ്ചായത്തിലും ഒരു നന്മസ്‌റ്റോര്‍' എന്ന നയം അട്ടിമറിച്ച് ഓരോ വാര്‍ഡിലും നന്മസ്‌റ്റോറുകള്‍ തുടങ്ങിയത് അഴിമതിനടത്താന്‍ വേണ്ടിയായിരുന്നില്ലേ? കൈക്കൂലിവാങ്ങി നിയമനംനടത്തിയതു മുതല്‍ക്കാണു കണ്‍സ്യൂമര്‍ഫെഡിനു നഷ്ടമുണ്ടാകാന്‍ തുടങ്ങിയത്. നിയമനം നേടിയവര്‍ക്ക് ഇരിപ്പിടമൊരുക്കാനാണു മുക്കിനുമുക്കിന് നന്മസ്‌റ്റോറുകള്‍ ആരംഭിച്ചത്. രണ്ടും മൂന്നും ജീവനക്കാര്‍ ജോലിചെയ്തിരുന്ന നന്മസ്‌റ്റോറുകളില്‍ മാസം അയ്യായിരം രൂപയുടെ വിറ്റുവരവുപോലും നടന്നിരുന്നില്ല.
ജീവനക്കാരുടെ ശമ്പള ഇനത്തിലും വൈദ്യുതിചാര്‍ജിനത്തിലും ഭീമമായ തുക ചെലവാക്കേണ്ടിവന്നു. ഇതിനെത്തുടര്‍ന്നാണു കണ്‍സ്യൂമര്‍ഫെഡ് തകരാന്‍ തുടങ്ങിയത്. ഇതിനു കാരണക്കാരായവരെ കണ്ടെത്തി നഷ്ടം അവരില്‍നിന്ന് ഈടാക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. പകരം നഷ്ടംനികത്താനെന്ന പേരില്‍ ഓണ്‍ലൈന്‍വഴി മദ്യവ്യാപാരം വിപുലീകരിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനെ ഉപയോഗപ്പെടുത്തുന്നതു മദ്യവിമുക്തകേരളമെന്ന ലക്ഷ്യത്തെ ഇല്ലാതാക്കുകയേയുള്ളൂ.
ടൂറിസംവകുപ്പുമന്ത്രി എ.സി മൊയ്തീന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ വാചകമാണു സര്‍ക്കാരിനു മദ്യനയം തിരുത്തുവാന്‍ പ്രേരണ നല്‍കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ വാദങ്ങളില്‍ തീരേ കഴമ്പില്ലെന്നു മനസിലാക്കണം. ഫൈവ് സ്റ്റാറുകള്‍ ഒഴികെയുള്ള ബാറുകളെല്ലാം പൂട്ടിയതിനാലും മദ്യലഭ്യത കുറഞ്ഞതിനാലും ടൂറിസം വരുമാനത്തില്‍ വമ്പിച്ച ഇടിവു വന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കണക്കുകള്‍ അദ്ദേഹത്തിന്റെ വാദത്തെ ഖണ്ഡിക്കുന്നതാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചതിനുശേഷം ടൂറിസ്റ്റുകളുടെ വരവു കുറയുകയല്ല, വര്‍ധിക്കുകയാണുണ്ടായത്. ടൂറിസം ഡയരക്ടറേറ്റിന്റെ കണക്കില്‍നിന്നുതന്നെ ഇതു വെളിപ്പെടുന്നുണ്ട്. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ കേരളത്തിലേയ്ക്കുള്ള സന്ദര്‍ശനത്തില്‍ കഴിഞ്ഞവര്‍ഷം അഞ്ചുശതമാനം വര്‍ധനവുണ്ടായെന്നും ആഭ്യന്തരവിനോദസഞ്ചാരത്തില്‍ എട്ടുശതമാനം വര്‍ധനവുണ്ടായെന്നും ടൂറിസം ഡയരക്ടറേറ്റ് വ്യക്തമാക്കുമ്പോള്‍ മന്ത്രിയുടെ വാദം ബാലിശമാണെന്നു തെളിയുന്നു.
മദ്യനിരോധനമല്ല; മദ്യവര്‍ജനമാണ് ഇടതുപക്ഷത്തിന്റെ നയമെന്നു നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ നയത്തെപ്പോലും ഇല്ലാതാക്കുകയല്ലേ ഇപ്പോഴത്തെ നീക്കം. മദ്യംവാങ്ങാനെത്തുന്നവരുടെ നിര അറ്റമില്ലാത്ത തരത്തില്‍ നീണ്ടുപോകുന്നതു തുടരുവാന്‍ കഴിയില്ലെന്നാണ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നിലപാട്. ക്യൂവില്‍ നില്‍ക്കുവാന്‍ മാന്യന്മാര്‍ മടിക്കുകയാണത്രേ. ക്യൂതൊഴിലാളികള്‍ എന്നൊരു വിഭാഗംതന്നെ രൂപപ്പെട്ടിട്ടുണ്ടെന്നു മന്ത്രിമാര്‍ക്കറിയാമോ? രാവിലെ മുതല്‍ വൈകീട്ടുവരെ ക്യൂവില്‍ നില്‍ക്കുന്നവര്‍ മദ്യപിക്കുക മാത്രമല്ല, പുറത്തു കാത്തുനില്‍ക്കുന്ന മാന്യന്മാര്‍ക്കു മദ്യം എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. ക്യൂവില്‍നിന്നു നാലും അഞ്ചും കുപ്പികള്‍ വാങ്ങുന്ന ക്യൂതൊഴിലാളികള്‍ ആയിരത്തിലധികം രൂപ ഒരുദിവസം സമ്പാദിക്കുന്നുണ്ട്.
എക്‌സൈസ് നിയമത്തിനെതിരാണ് ഓണ്‍ലൈന്‍ മദ്യവ്യാപാരം. ഇതുവഴി കുട്ടികള്‍ മദ്യത്തിന് അടിമകളാകാനുള്ള സാധ്യതയേറെയാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഓണ്‍ലൈന്‍ മദ്യവ്യാപാരം നിയമവിധേയമല്ല. മദ്യവില്‍പനയ്ക്കു ലൈസന്‍സ് അനിവാര്യമാണ്. ഓരോ മദ്യവില്‍പന ശാലയ്ക്കും വില്‍പനപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചുകൊണ്ട് എങ്ങനെയാണ് ഓണ്‍ലൈനിലൂടെ നിയമവിരുദ്ധമായി മദ്യവില്‍പ്പന നടത്തുക? യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ഗുണംചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് മദ്യനയത്തില്‍ മാറ്റംവരുത്തുവാനുള്ള ഊര്‍ജമായി സര്‍ക്കാര്‍ എടുക്കരുത്.
മദ്യനയം വേണ്ടതുപോലെ ഉപയോഗപ്പെടുത്താന്‍ തെരഞ്ഞെടുപ്പുവേളയില്‍ യു.ഡി.എഫിനു കഴിഞ്ഞില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. വര്‍ഗീയതയോടുള്ള യു.ഡി.എഫിന്റെ അവസാന സമയത്തെ സമീപനമാണു വോട്ടര്‍മാരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ വടംവലിയും അതിനു ശക്തിപകര്‍ന്നു. 418 ബാറുകള്‍ ഒരു കാരണവശാലും തുറക്കാന്‍ പാടില്ലെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ യു.ഡി.എഫ് ഭരണകാലത്തു നിര്‍ബന്ധം പിടിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുധീരനെ കടത്തിവെട്ടാനെന്നവണ്ണം പഞ്ചനക്ഷത്രബാറുകളും റോഡരികിലുള്ള ബിവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളും പൂട്ടുമെന്നും ഘട്ടംഘട്ടമായി പത്തുവര്‍ഷത്തിനകം സമ്പൂര്‍ണമദ്യനിരോധം ഏര്‍പ്പെടുത്തുമെന്നും ഒരു കഷ്ണം കടലാസില്‍ എഴുതിക്കൊണ്ടുവന്നു മന്ത്രിസഭായോഗത്തില്‍ വായിച്ചതു മറക്കാറായിട്ടില്ല.
ഇതൊരു നിയമവിരുദ്ധമായ തീരുമാനമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി അറിയാതിരിക്കാന്‍ വഴിയില്ല. തീരുമാനത്തിനെതിരേ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ കോടതിയില്‍ പോവുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. മാത്രമല്ല, പ്രകടനപത്രികയിറക്കിയതിനുശേഷം ആറു പഞ്ചനക്ഷത്രഹോട്ടലുകള്‍ക്കു ബാര്‍ലൈസന്‍സ് നല്‍കിയതു സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ജനങ്ങള്‍ക്ക് സംശയം ജനിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ലൈസന്‍സ് നല്‍കിയതു ശരിയായില്ലെന്ന് അന്നു മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലതന്നെ തുറന്നടിച്ചതാണ്.
മദ്യം ഓണ്‍ലൈന്‍ വഴി നടപ്പിലാക്കാനുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ തീരുമാനം പിന്‍വലിക്കുകയാണു വേണ്ടത്. നഷ്ടംനികത്തുവാന്‍ മറ്റുവഴികള്‍ ആലോചിക്കണം. ഇപ്പോള്‍ വീടുകളുടെ അകത്തളങ്ങളില്‍ നിലനില്‍ക്കുന്ന ശാന്തിയിലേയ്ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും മദ്യക്കുപ്പികള്‍ എറിഞ്ഞു പട്ടിണിയും ആത്മഹത്യകളും ഗാര്‍ഹികപീഡനങ്ങളും ആരോഗ്യത്തകര്‍ച്ചയും റോഡപകടങ്ങളും കുടുംബശൈഥില്യവും തിരികെ കൊണ്ടുവരരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."