മലയാളി വേദികളെ അഞ്ചുപതിറ്റാണ്ടു കാലം കോരിത്തരിപ്പിച്ച വി.എം കുട്ടിക്ക് ഏപ്രില്‍ 16ന് എണ്‍പത്തിയേഴ് വയസാവുന്നു
1935 ഏപ്രില്‍ 16ന് മലപ്പുറം ജില്ലയില്‍ പുളിക്കല്‍ എന്ന പ്രദേശത്ത് ജനനം. പിതാവ് വടക്കുങ്ങര ഉണ്ണീന്‍ മുസ്‌ലിയാര്‍, മാതാവ് എഴിഞ്ഞിലം കാരാട്ട് കുടുംബത്തില്‍ പരീക്കുട്ടി വൈദ്യരുടെ മകള്‍ ഇത്താച്ചുകുട്ടി. പ്രാഥമിക പഠനം പുളിക്കല്‍ എ.എല്‍.പി സ്‌കൂളില്‍. തുടര്‍ന്ന് കൊണ്ടോട്ടി ജി.യു.പി സ്‌കൂളില്‍. ഹൈസ്‌കൂള്‍ പഠനം ഫറോക്ക് ഗണപതി ഹൈസ്‌കുളില്‍. 1954ല്‍ എസ്.എസ്.എല്‍.സി പാസായി. 1955 ല്‍ രാമനാട്ടുകര സേവാമന്ദിരത്തില്‍ അധ്യാപക പരിശീനത്തിനു ചേര്‍ന്നു. 1957ല്‍ ട്രെയിനിങ് പൂര്‍ത്തിയാക്കി കൊളത്തൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
അതേവര്‍ഷം തന്നെ സംഗീതോപകരണങ്ങളോടു കൂടിയ ഗായകസംഘം രൂപീകരിച്ചു. 'പുളിക്കല്‍ കലാസമിതി' എന്ന പേരില്‍ ഒരു ക്ലബ്ബും രൂപീകരിച്ചു. കോഴിക്കോട് റേഡിയോ നിലയത്തില്‍ നിന്ന് നാട്ടിന്‍പുറം, ബാലലോകം, ശിശുലോകം തുടങ്ങിയ ജനപ്രിയ പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത് ഈ ക്ലബ്ബിന്റെ മേല്‍വിലാസത്തിലായിരുന്നു.
തരംഗമാവുന്നു
1962ല്‍ ആദ്യമായി മദ്രാസില്‍ പോയി കൊളംബിയ കമ്പനിക്കുവേണ്ടി ഗ്രാമഫോണ്‍ പാട്ടുകള്‍ റിക്കാഡിങ് തുടങ്ങി. ഇതോടെ വി.എം കുട്ടി ജനമനസുകളില്‍ ഒരു തരംഗമായി മാറി. തുടര്‍ന്ന് ഗാനമേള ട്രൂപ്പുമായി അന്യസംസ്ഥാനങ്ങളിലേക്കും സഞ്ചാരം തുടങ്ങി. തിരക്ക് വര്‍ധിച്ചതോടെ ഹെഡ്മാസ്റ്റര്‍ പദവി രാജിവച്ച് സ്ഥിരം ഗാനമേളക്കാരനായിമാറി. കോഴിക്കോട് റേഡിയോ നിലയത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ വി.എം കുട്ടി റേഡിയോ, ഗ്രാമഫോണ്‍, ഗാനമേള, ചിത്രകല, അഭിനയം, എഴുത്ത് തുടങ്ങി സകല മേഖലകളിലും വെട്ടിത്തിളങ്ങുന്ന ഒരു കലാതാരമായി മാറിയത് ചുരുങ്ങിയ കാലം കൊണ്ടാണ്. ധാരാളം റേഡിയോ നാടകങ്ങളും അവതരിപ്പിക്കാന്‍ ഇക്കാലത്ത് വി.എം കുട്ടിക്ക് കഴിഞ്ഞു.
മാപ്പിളപ്പാട്ടിന്റെ നിത്യചക്രവര്‍ത്തി മഹാനായ മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകള്‍ ഹൃദിസ്ഥമാക്കിയ വി.എം കുട്ടി, തോട്ടോളി മുഹമ്മദ്, ചെമ്പന്‍ കുഞ്ഞി മുഹമ്മദ്, നെച്ചിമണ്ണില്‍ കുഞ്ഞിക്കമ്മു മാസ്റ്റര്‍ എന്നിവരെ തന്റെ ആദ്യകാല ഗുരുക്കന്മാരായി സ്വീകരിച്ചു. പില്‍ക്കാലത്ത് വി.എം കുട്ടിയെ സ്വാധീനിച്ച പ്രഗല്‍ഭര്‍ നല്ലളം ബീരാന്‍, ടി. ഉബൈദ് തുടങ്ങിയവരായിരുന്നു. ഇവരില്‍ നിന്നാണ് അദ്ദേഹം മാപ്പിളപ്പാട്ടിന്റെ വൃത്ത-പ്രാസ നിയമങ്ങളും രചനാശൈലിയും വശത്താക്കിയത്.
വല്പസല എത്തുന്നു
1970ലാണ് പില്‍ക്കാലത്ത് 'മാപ്പിളപ്പാട്ടിന്റെ പൂങ്കുയില്‍' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന 10 വയസുമാത്രമുള്ള വിളയില്‍ വല്‍സലയെ അദ്ദേഹം കണ്ടെത്തുന്നത്. വല്‍സലയുടെ ശബ്ദമാധുര്യം മാപ്പിളപ്പാട്ട് ലോകത്ത് അന്നു തീര്‍ത്ത തരംഗം തങ്ക ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടതാണ്. 10 വയസുകാരിയുടെ അരങ്ങേറ്റത്തോടെ വി.എം കുട്ടി- വല്‍സല ഗാനമേളക്കുണ്ടായ സ്വീകാര്യത പത്തരമാറ്റിന്റെ തിളക്കത്തോടെ അപ്രതിരോധ്യമായി മുന്നേറി. 1978ല്‍ ഈ ഗാനമേള ടീം ആദ്യമായി നടത്തിയ ഗള്‍ഫ് പര്യടനം എന്നും ഓര്‍മിക്കപ്പെടുന്ന ഒരു മഹാസംഭവമായിരുന്നു. തുടര്‍ന്ന് ഓരോ വര്‍ഷവും ഈ ജോഡി നാലും അഞ്ചും ഗള്‍ഫ് പര്യടനം നടത്തിവന്നു.
1987ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ലക്ഷദ്വീപ് സന്ദര്‍ശിച്ചപ്പോഴും, അതിനുശേഷം പ്രധാനമന്ത്രി നരസിംഹറാവു മിനിക്കോയ് സന്ദര്‍ശിച്ചപ്പോഴും തുടര്‍ന്ന് സോണിയഗാന്ധി കവരത്തി സന്ദര്‍ശിച്ചപ്പോഴും അവരുടെ മുന്‍പില്‍ ഗാനമേളയും കലാപരിപാടികളും അവതരിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ടത് വി.എം കുട്ടി- വല്‍സല ഗാനമേള സംഘത്തെയായിരുന്നു. 1978 മുതല്‍ 2014 വരെ ഏതാണ്ട് നൂറിലധികം തവണ ഈ ട്രൂപ്പ് ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിച്ചു എന്നത് ഇപ്പോഴും തിരുത്തപ്പെടാത്ത റിക്കാര്‍ഡായി അവശേഷിക്കുന്നു.
അംഗീകാരങ്ങളുടെ നിറവില്‍
ഇതുപോലെ തന്നെ 50 വര്‍ഷങ്ങള്‍ക്കകം അന്‍പതോളം ഗ്രാമഫോണ്‍ റിക്കാര്‍ഡുകള്‍, കാസറ്റുകള്‍, സി.ഡി... എല്ലാം ഭേദിക്കാത്ത റിക്കോര്‍ഡുകള്‍. ഗള്‍ഫ് നാടുകളില്‍ മാത്രം ആയിരത്തോളം സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് വി.എം കുട്ടി മാസ്റ്റര്‍.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പുളിക്കല്‍ 'ദാറുസലാം' വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലാണ് ഈ പ്രതിഭാശാലി. എഴുത്തും വായനയുമൊക്കെ ഇപ്പോഴും ഉണ്ടെങ്കിലും ഓര്‍മശക്തിയുടെ കുറവ് വല്ലാതെ ബാധിച്ചിട്ടുണ്ട് കുട്ടിയെ.
മുന്നൂറോളം അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കേരള കലാമണ്ഡലം അവാര്‍ഡ്, സി.എച്ച് മുഹമ്മദ്‌കോയ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തില്‍ നിന്നു ലഭിച്ച മാപ്പിളകലാരത്‌ന അവാര്‍ഡ്, കോഴിക്കോട് യൂനിവേഴ്‌സിറ്റി 2014 ല്‍ നല്‍കിയ ഫോക്‌ലോര്‍ അവാര്‍ഡ്, 2013 ല്‍ ദുബായില്‍ വച്ച് മീഡിയവണ്‍ നല്‍കിയ മാധ്യമം അവാര്‍ഡ് എന്നിവ അതില്‍ ചിലത് മാത്രം.
സര്‍ഗപ്രതിഭ
പത്തോളം മലയാള സിനിമകളില്‍ സംഗീത സംവിധാനം, ഗാനരചന, അഭിനയം, ഗാനാലാപനം എന്നിവയും നിര്‍വ്വഹിച്ചിട്ടുണ്ട്. ഇശല്‍ നിലാവ്, മാപ്പിളപാട്ടിന്റെ ചരിത്രസഞ്ചാരങ്ങള്‍, മാപ്പിളപ്പാട്ട് ചരിത്രവും വര്‍ത്തമാനവും, ഒപ്പന എന്ന വട്ടപ്പാട്ട്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, ഭക്തിഗീതങ്ങള്‍, വൈക്കം മുഹമ്മദ് ബഷീര്‍ മാലപ്പാട്ട്, മാപ്പിളപ്പാട്ടിന്റെ തായ്‌വേരുകള്‍, കനിവും നിനവും, മഹിമ (നാടകം), മൈത്രീഗാനങ്ങള്‍, മാപ്പിളപ്പാട്ടിന്റെ ലോകം, മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി എഴുതിയ പതിനഞ്ചിലധികം ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ കവിതകള്‍, ഗാനങ്ങള്‍, കഥകള്‍, നാടകങ്ങള്‍, അനുഭവങ്ങള്‍ എല്ലാംപെടും. 1960 മുതല്‍ 1964 വരെ തുടര്‍ച്ചയായി ചന്ദ്രിക ആഴ്ചപതിപ്പിന്റെ മുഖച്ചിത്രങ്ങള്‍ വരച്ചത് വി.എം കുട്ടിയായിരുന്നു.
കൈരളി, ജയ്ഹിന്ദ്, അമൃത ചാനലുകളില്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ജൂറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, കേരള ഫോക്‌ലോര്‍ അക്കാദമി, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി തുടങ്ങിയവയില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഓര്‍മശക്തിയുടെ കുറവല്ലാതെ മറ്റുശാരീരിക അവശതകള്‍ ഒന്നും ബാധിച്ചിട്ടില്ലാത്ത ഈ മഹാസര്‍ഗധനന്‍ ഇനിയും ഏറെക്കാലം ആയുരാരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."