ലാഹോർ
പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാക്കിസ്ഥാൻ ദേശീയ അസംബ്ലി പിരിഞ്ഞു. പ്രമേയം ചർച്ചചെയ്ത് വോട്ടിനിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. തുടർന്ന് ഏപ്രിൽ മൂന്നിന് വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കർ ഖാസിം സുരി അറിയിച്ചു.
മാർച്ച് 28നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. പ്രമേയം അവതരിപ്പിക്കാൻ അന്നു തന്നെ അംഗീകാരം നൽകുകയും ചെയ്തിരുന്നു. പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തികൂടിയാണ് ഷഹബാസ്. അധികാരം നിലനിര്‍ത്താന്‍ 172 പേരുടെ പിന്തുണയാണ് ഇമ്രാന് വേണ്ടത്. ഏഴ് അംഗങ്ങളുള്ള എം.ക്യു.എം. മുന്നണി വിട്ടതോടെ ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. 176 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയം നേരിടുന്ന മൂന്നാമത്തെ പാക്ക് പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ.