ദുബൈ - കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നു; നാളെ രാവിലെ പുറപ്പെട്ടേക്കും
ദുബൈ: ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സ്‌പൈസ് ജെറ്റ് വിമാനം ദുബൈയിൽ നിന്ന് ഇതുവരെ പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12.10ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെ പുറപ്പെടാത്തത്. സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമായി പറയുന്നത്. 150 ഓളം യാത്രക്കാർ ഇതോടെ ബുദ്ധിമുട്ടിലായി.
വിമാനം വൈകിയതോടെ താമസം അടക്കം ബദൽ സൗകര്യം നൽകുന്നില്ലെന്ന പരാതി ഉന്നയിക്കുകയാണ് യാത്രക്കാർ. റൂം നൽകാത്തതിനാൽ രാത്രി വിമാനത്താവളത്തിലോ ഹോട്ടലിലോ കഴിഞ്ഞുകൂടേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
അതേസമയം, ഇന്ന് ഉച്ചക്ക് 12.10ന് പുറപ്പെടേണ്ട വിമാനം ബുധനാഴ്ച രാവിലെ 7.30ന് പുറപ്പെടും എന്നാണ് ഒടുവിൽ നൽകുന്ന അറിയിപ്പ്. യന്ത്രത്തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. 38 മണിക്കൂറിന് ശേഷമാണ് ഈ വിമാനത്തിലെ യാത്രക്കാരെ നാട്ടിലേക്ക് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."