അണികളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം, നിലനില്‍പിനായുള്ള ഇമ്രാന്‍ തന്ത്രം; അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന്
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസപ്രമേയം ഇന്ന് വോട്ടിനിടും. അവിശ്വാസ പ്രമേയത്തിലെ ചര്‍ച്ചയും വോട്ടെടുപ്പുമാണ് രാവിലെ പതിനൊന്നരയ്ക്ക് ചേരുന്ന ദേശീയ അസംബ്ലി യോഗത്തിന്റെ പ്രധാന അജണ്ട. സര്‍ക്കാറിലെ രണ്ട് ഘടകകക്ഷികള്‍ കൂറുമാറിയതോടെ ഇമ്രാന്‍ സര്‍ക്കാറിന്റെ ഭാവി തുലാസിലാണ്. നാടകീയമായ നീക്കങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇമ്രാന്റെ ന്യൂനപക്ഷ സര്‍ക്കാര്‍ ഇന്ന് നിലം പൊത്തും.
അതേസമയം, സ്വതന്ത്രവും ജനാധിപത്യപരവുമായ പാകിസ്താനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.
പ്രമേയത്തെ എങ്ങനെ നേരിടമെന്ന് തനിക്കറിയാമെന്നും രാജ്യത്തിന് നിരക്കാത്തതായ എന്ത് സംഭവിച്ചാലും തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. രാജി, അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തുക, തെരഞ്ഞെടുപ്പ് എന്നിങ്ങനെ മൂന്ന് വഴികളാണ് തനിക്ക് മുന്നിലുള്ളതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
മാര്‍ച്ച് 8നാണ് ഇമ്രാനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 342 അംഗങ്ങളുള്ള ദേശീയസഭയില്‍ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താനായി ഇമ്രാന് വേണ്ടത്. ഇമ്രാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്‌രി ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് നിലവില്‍ 165 പേരുടെ പിന്തുണയാണ് ഉള്ളത്.
പാകിസ്താന്റെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. 2018ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇമ്രാന്‍ ഇപ്പോള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."