കൊവിഡ് മരണം: മധ്യപ്രദേശ് സര്‍ക്കാര്‍ പുറത്തു വിടുന്നത് കള്ളക്കണക്ക്; ശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം ഔദ്യോഗിക രേഖകളേക്കാള്‍ കൂടുതല്‍
ഭോപാല്‍: മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ മറച്ചുവെക്കുന്നതായി റിപ്പോര്‍ട്ട്. പ്രതിപക്ഷമാണ് ഈ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഭോപാല്‍ നഗരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച് സംസ്‌കരിച്ച രോഗികളുടെ എണ്ണവും ഔദ്യോഗിക രേഖകളിലെ എണ്ണവും ഉയര്‍ത്തിക്കാണിച്ചാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്.
നേരത്തെ അഞ്ചുമുതല്‍ 10 വരെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചിരുന്ന ഭോപാലിലെ ശ്മശാനങ്ങളില്‍ ഇപ്പോള്‍ ദിവസേന 35 മുതല്‍ 40 വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കുന്നവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണ്.
ഭോപാല്‍ ദുരന്തത്തിന്റെ സമയത്താണ് ഇത്രയധികം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നത് കണ്ടതെന്ന് 57കാരനായ ബി.എന്‍ പാണ്ഡെ പറയുന്നു. നാലു മണിക്കൂറിനുള്ളില്‍ 30-40 മൃതദേഹങ്ങള്‍ സ്റ്റേഡിയത്തില്‍ സംസ്‌ക്കരിച്ചെന്നാണ് അദ്ദേഹം പറയുന്നത്.
കൊവിഡ് രോഗികളെന്ന് സംശയിക്കുന്നവരാണ് ഇവരെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ഇത് യാഥാര്‍ഥ്യം മറക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം പറയുന്നത്.
സുഭാഷ് നഗര്‍ ഘട്ട്, ഭഡ്ബാഡ ശ്മശാനങ്ങളില്‍ വ്യാഴാഴ്ചക്കും ഞായറാഴ്ചക്കും ഇടയില്‍ 187 മൃതദേഹങ്ങള്‍ ദഹിപ്പിച്ചതായി 'ആജ് തക്' കണ്ടെത്തി. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ ഈ സമയത്ത് അഞ്ച് പേര്‍ മാത്രമാണ് മരിച്ചത്.
കൊവിഡ് മരണങ്ങള്‍ക്കായി പ്രത്യേക സ്ഥലം തന്നെ ശ്മശാനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഭഡ്ബാഡ ശ്മശാനത്തില്‍ വരികളായി മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തിങ്കളാഴ്ച ഭഡ്ബാഡ ശ്മശാനത്തില്‍ ചുരുങ്ങിയത് 12 മൃതദേഹങ്ങള്‍ കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് ദഹിപ്പിച്ചു. നിരവധി പേരാണ് തങ്ങളുടെ കുടുംബാംഗത്തെ ദഹിപ്പിക്കാനായി ഊഴം കാത്തിരിക്കുന്നത്.
എന്നാല്‍ തിങ്കളാഴ്ച പുറത്തുവിട്ട സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ 37 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ഭോപാലിലെ ശ്മശാനങ്ങള്‍ കാണിച്ചുതരുന്ന ചിത്രം വ്യത്യസ്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."