ഹജ്ജ് അപേക്ഷകൾക്ക് അനുസരിച്ച് ഹജ്ജ് ക്വാട്ട വിതരണം, ആവശ്യം പരിഗണിക്കാതെ ഹജ്ജ് പോളിസി
മലപ്പുറം: ഹജ്ജ് അപേക്ഷകൾക്ക് അനുസരിച്ച് ഹജ്ജ് ക്വാട്ട വിതരണം ചെയ്യണമെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം ഇത്തവണയും ഹജ്ജ് പോളിസിയിൽ ഉൾപ്പെടുത്തിയില്ല. ഇന്ത്യയിൽ ഹജ്ജ് ക്വാട്ട സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യാനുപാതത്തിലാണ് വിതരണം ചെയ്യുന്നത്. ഇതോടെ കൂടുതൽ ഹജ്ജ് അപേക്ഷകളുണ്ടായിട്ടും ജനസംഖ്യാ തോതിലെ കുറവുമൂലം ഹജ്ജ് സീറ്റുകൾ കേരളം, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കുറയുകയാണ്.
ഹജ്ജ് അപേക്ഷകൾ വർഷങ്ങളായി ഏറ്റവും കൂടുതലുണ്ടാവുന്നത് കേരളം, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ്. എന്നാൽ മുസ്‌ലിം ജനസംഖ്യാനുപാതത്തിൽ ക്വാട്ട വിതരണം ചെയ്യുമ്പോൾ അപേക്ഷകൾ കുറഞ്ഞ, മുസ്‌ലിം ജനസംഖ്യ കൂടിയ ബിഹാർ, അസം, മഹാരാഷ്ട്ര, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ ലഭിക്കുന്നത്. വർഷങ്ങളായി ഇവിടെ ക്വാട്ടയ്ക്ക് അനുസരിച്ച് അപേക്ഷകളില്ലാത്ത അവസ്ഥയാണ്. ഇതിനെ തുടർന്നാണ് സംസ്ഥാനങ്ങൾ ഹജ്ജ് പോളിസിയിൽ ക്വാട്ടവിതരണം അപേക്ഷയ്ക്ക് അനുസരിച്ച് വേണമെന്ന് ആവശ്യപ്പെട്ടത്.
2023 മുതൽ 2028 വരെയുള്ള കാലയളവിലെ അഞ്ചുവർഷത്തെ ഹജ്ജ് പോളിസിയാണ് കഴിഞ്ഞദിവസം കേന്ദ്രം പുറത്തിറക്കിയത്. ഇതിൽ വർഷങ്ങളായുള്ള ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. കാലങ്ങളായി ആസാം, ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ഹജ്ജ് ക്വാട്ടക്ക് അനുസരിച്ച് അപേക്ഷകളുണ്ടാവാറില്ല. ഇവ പിന്നീട് മറ്റു സംസ്ഥാനങ്ങൾക്ക് വീതം വയ്ക്കാറാണ് പതിവ്.
അതേസമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഹജ്ജ് സർവിസ് നടത്താൻ അവസരം ലഭിച്ച കരിപ്പൂർ വിമാനത്താവളം പ്രതീക്ഷയിൽ. നിലവിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ കരിപ്പൂരിൽ റൺവേ റീകാർപ്പറ്റിങ് പ്രവൃത്തികൾ നടന്നുവരികയാണ്. ഇതിനെ തുടർന്ന് പകൽ സർവിസില്ല. വ്യോമായാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമാണ് വലിയ വിമാനങ്ങൾ ഹജ്ജ് സർവിസിന് എത്തിക്കാനാവുക. ഹജ്ജ് അപേക്ഷകളിൽ 80 ശതമാനത്തിലധികവും മലബാറിൽ നിന്നുള്ളവരാണ്. കണ്ണൂരും നെടുമ്പാശേരിയും ഹജ്ജ് സർവിസിൽ ഉൾപ്പെട്ടാലും കൂടുതൽ പേർ കരിപ്പൂരിൽനിന്ന് പുറപ്പെടാനായിരിക്കും അപേക്ഷ നൽകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."