ഉണ്ടാകേണ്ടത് സ്ഥായിയായ ബദലുകള്‍
2011ലെ സി.ഡി.എസിന്റെ പഠനം പ്രവാസികളുടെ പ്രതിസന്ധികളെക്കുറിച്ചുള്ള ആഴം വ്യക്തമാക്കി തന്നിരുന്നു. എന്നാല്‍ അതൊരു ചര്‍ച്ചക്കെടുക്കാന്‍ അധികൃതരോ പ്രവാസികളോ പോലും തയ്യാറായില്ല. അന്നു മാത്രം 13 ലക്ഷം പേര്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയവരായി കേരളത്തിലുണ്ടെന്നും 1.7 ലക്ഷം പേര്‍ തിരിച്ചെത്തിയതില്‍ 60,000 പേര്‍ നേരിട്ട് പ്രതിസന്ധി ഏറ്റുവാങ്ങി വന്നവരാണെന്നും വ്യക്തമാക്കിയിരുന്നു. എന്നിട്ടും മടങ്ങിയെത്തിയവരുടെ തൊഴില്‍ വൈദഗ്ധ്യം കേരളം പ്രയോജനപ്പെടുത്തിയില്ലെന്നായിരുന്നു അതില്‍ചൂണ്ടിക്കാട്ടിയിരുന്നത്. 2015 ആകുമ്പോഴേക്കും തിരിച്ചെത്തുന്നവരുടെ അംഗസംഖ്യ 15.8 ലക്ഷം പേരായി ഉയരുമെന്നും മുന്നറിയിപ്പ് തന്നിരുന്നു. എന്നാല്‍ അതിന്റെ എണ്ണം ഇരട്ടിയാകാനുള്ള സാധ്യതയാണ് തെളിയുന്നത്. മറ്റൊരു കണ്ടെത്തല്‍ 29 പേരില്‍ ഒരാള്‍ വിദേശത്തു നിന്നും തിരിച്ചെത്തിയവരാണെന്നും നൂറുപേരെ എടുത്താല്‍ 16 പേരും ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയവരാണെന്നതുമായിരുന്നു. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ യു എ ഇയിലാണെങ്കിലും കൂടുതല്‍ തിരിച്ചുവരവ് സഊദിയില്‍ നിന്നായിരുന്നു. അതിപ്പോഴും അങ്ങനെ തന്നെയാകുന്നു. അതിന്റെ തീവ്രതയാണ് കൂടുന്നത്. സഊദിയിലെ ജിദ്ദയില്‍ പിരിച്ചുവിടപ്പെട്ട നൂറുകണക്കിനു മലയാളികള്‍ ഇപ്പോഴും റൂമുകളില്‍ കഴിയുന്നുണ്ട്. നാട്ടിലേക്കു മടങ്ങാന്‍പോലുമാകുന്നില്ല അവര്‍ക്ക്. വ്യവസായ മേഖലയായ സനായി ഭാഗങ്ങളിലെല്ലാം ഇത്തരക്കാരെക്കൊണ്ട് നിറഞ്ഞിട്ടുണ്ടെന്ന് തിരൂര്‍ പകരയിലെ സല്‍മാന്‍ പറയുന്നു.
നേരത്തെ തിരിച്ചെത്തിയ പ്രവാസികളുടെ തൊഴില്‍ വൈദഗ്ധ്യം എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ല എന്നതിനുള്ള ഉത്തരം ഇവര്‍ക്കൊരു തൊഴിലിന്റെ ആവശ്യകത ഇല്ലെന്ന തെറ്റായ ധാരണ അധികൃതര്‍ക്കുണ്ടായതുകൊണ്ടാണെന്നാണ്. പത്തു വര്‍ഷത്തിലേറെ ദുബൈയില്‍ പ്രവാസിയായിരുന്ന വടകരയിലെ ഇ കെ ദിനേശന്റെ അഭിപ്രായം. സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇദ്ദേഹം ഗള്‍ഫു കുടിയേറ്റത്തെക്കുറിച്ച് പുസ്തകം രചിച്ചിട്ടുള്ള ആളാണ്.
ശരാശരി പ്രവാസി ഗള്‍ഫു ജീവിതത്തിലെ പ്രയാസത്തെക്കുറിച്ച് വീട്ടുകാരോടുപോലും മനസ്സുതുറക്കാത്തവരാണ്. വരുമാനത്തെക്കുറിച്ചോ ജോലിയുടെ ബുദ്ധിമുട്ടിനെക്കുറിച്ചോ അവര്‍ തുറന്നു പറയില്ല. പ്രിയപ്പെട്ടവരെ വേദനിപ്പിക്കേണ്ടെന്നതു കരുതിയാകാം. ഒരു പരിധിവരെ ദുരഭിമാനവും അതിനവരെ അനുവദിക്കുന്നില്ല. എന്നാല്‍ കുടുംബങ്ങളോടെങ്കിലും വസ്തുതകള്‍ പറയാതിരിക്കുന്നത് മണ്ടത്തരമാണെന്നാണ് കോഴിക്കോട്ടെ ഷാജഹാന്റെ അഭിപ്രായം. പ്രവാസികളുടെ യാഥാര്‍ഥ്യബോധയില്ലായ്മയില്‍ നിന്നാണ് പല പ്രതിസന്ധികളും ഉടലെടുക്കുന്നത്. വീടുനിര്‍മാണത്തിലും മക്കളുടെ വിവാഹത്തിലും വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിലുമെല്ലാം ശക്തമായ പൊളിച്ചെഴുത്തിനുള്ള കാലം അതിക്രമിച്ചിട്ടുണ്ടെന്ന് ഇ കെ ദിനേശന്‍ പറയുന്നു. സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് കാണാതെ രാഷ്ട്രീയക്കാരുടെയും ഉത്സവക്കമ്മിറ്റിക്കാരുടെയും മുമ്പില്‍ ഉദാരനായിട്ടെന്തുകാര്യമാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.
കേരളത്തിലെ ഗവണ്‍മെന്റിന് പ്രതിവര്‍ഷം പരമാവധി 20,000 തൊഴില്‍ സാധ്യതകളെ സൃഷ്ടിക്കാനാകുന്നുള്ളൂ. എന്നാല്‍ 22 ലക്ഷത്തിലധികം ആളുകളാണ് തൊഴില്‍തേടി വിദേശങ്ങളില്‍ കുടിയേറിയിരുന്നത്. ആ ഉറവവറ്റുന്നു എന്നു കേള്‍ക്കുമ്പോഴും കേരള, കേന്ദ്ര സര്‍ക്കാരുകള്‍ വേണ്ടത്ര ഉണര്‍ന്നിട്ടില്ല. ചെറിയൊരു ഉദാഹരണത്തിനീകഥ കേള്‍ക്കൂ.
ഒരു ഫിലിപ്പൈന്‍ യുവാവിനെ ബിന്‍ലാദന്‍ കമ്പനി പിരിച്ചുവിട്ടു. ഈ കമ്പനിയെ ഫിലിപ്പൈന്‍ സര്‍ക്കാര്‍ പിന്നീട് കരിമ്പട്ടികയില്‍പ്പെടുത്തുകയും ഇനി ആരെയും ഈ കമ്പനിയിലേക്ക് ജോലിക്കയക്കില്ലെന്നും അവര്‍ തീരുമാനിച്ചു. മറ്റു രാഷ്ട്രങ്ങളൊക്കെ അവരുടെ പൗരന്‍മാരെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളോട് ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ ഇന്ത്യയിലെ ഒന്നല്ല ഒരായിരം പേരെ പിരിച്ചുവിട്ടാലും എമ്പസി ഇടപെടില്ല. പരാതിയുമായിച്ചെന്നാലോ നടപടിയുമുണ്ടാകില്ല. സന്നദ്ധ സംഘടനാ പ്രവര്‍ത്തകരോ നേതാക്കളോ പരാതിയുമായി എത്തി എങ്കില്‍ മാത്രമെ എന്തെങ്കിലും നടപടി സ്വീകരിക്കാറുമുള്ളൂ. ഇന്ത്യയും സഊദിയും തമ്മിലുള്ള തൊഴില്‍ക്കരാര്‍ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിട്ടുണ്ടെന്ന് മലപ്പുറത്തെ സി ടി അബ്ദുല്ല പറയുന്നു.
മലയാളിയുടെ ഭവന നിര്‍മാണ സങ്കല്‍പ്പത്തെ മാറ്റി തിരുത്തിയത് പ്രവാസികളാണ്. മുപ്പതുകളില്‍ സിലോണില്‍ നിന്നും ബര്‍മയില്‍ നിന്നും എത്തിയ ആദ്യകാല കുടിയേറ്റക്കാരാണ് ഓലമേഞ്ഞ വീടുകള്‍ക്കു മുകളില്‍ ഓടു പാകിയത്. എണ്‍പതുകളില്‍ ഓടുകള്‍ കോണ്‍ക്രീറ്റുകള്‍ക്ക് വഴിമാറി. പിന്നെ വീടുകളുടെ രൂപവും ഭാവവും മാറി. ഇന്നിപ്പോള്‍ അണു കുടുംബങ്ങള്‍ക്കുപോലും ഒന്നിലധികം കൊട്ടാര വീടുകളായി. തലചായ്ക്കാനൊരിടമില്ലാതെ ബുദ്ധിമുട്ടുന്ന ദരിദ്രനാരായണന്‍മാരെ നോക്കി കൊഞ്ഞനം കുത്തുന്നു അവ. അമ്മയ്ക്ക് താളുകറിയില്‍ ഉപ്പില്ലാഞ്ഞിട്ട്, മകള്‍ക്ക് മാലയില്‍ മുത്തില്ലാഞ്ഞിട്ട് എന്നു പറഞ്ഞതുപോലെയാണ് ചിലരുടെ ധാരാളിത്തം. നാലോ അഞ്ചോ വര്‍ഷം ഗള്‍ഫില്‍ ചെലവഴിച്ചാല്‍ പിന്നെ വീട്ടില്‍ സൗകര്യം മതിയാകില്ല.
എല്ലാ സൗകര്യങ്ങളുമുള്ള വീടുകളും ഇടിച്ചു നിരത്തി പൊങ്ങച്ചത്തിന്റെ മണിമാളികകള്‍ പലരും കെട്ടിപ്പൊക്കുന്നു. വലിയ വരുമാനക്കാര്‍ കാണിക്കുന്നതു കണ്ടിട്ട് സാധാരണക്കാരനും അതിന്റെ പിന്നാലെ പാഞ്ഞ് നടുവൊടിയുന്നു. എത്ര കോടി രൂപ ചെലവഴിച്ചു നിര്‍മിച്ചാലും ഒരു രൂപപോലും തിരിച്ചു തരാത്ത ഈ പൊങ്ങച്ച സംസ്‌കാരത്തില്‍ നിന്ന് പ്രവാസികള്‍ പിന്തിരയേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഈ ആപല്‍ സൂചനകള്‍ തരുന്ന മുന്നറിയിപ്പ്. സമ്പത്തുകാലത്ത് തൈപത്തുവെച്ചാല്‍ ആപത്തുകാലത്തു കാ പത്തു തിന്നാമെന്ന പഴമൊഴി മാത്രമാണ് പ്രവാസി മലയാളികളെ ഓര്‍മിപ്പിക്കാനുള്ളതും.
വിവാഹ ധൂര്‍ത്തിലും ഈ തിരിച്ചറിവ് നല്ലതാണ്. സ്വന്തം വരുമാനത്തിന്റെ അളവ് ബോധ്യപ്പെട്ടുകൊണ്ട് മാത്രം ഭൗതികജീവിത സൗകര്യങ്ങള്‍ ഒരുക്കുക. ഗള്‍ഫ് സാധ്യത ക്ഷണികമാണെന്നും സ്ഥായിയായ നിലനില്‍പ്പിന് നാട്ടില്‍ തന്നെ വരുമാനവും നിക്ഷേങ്ങളും കണ്ടെത്തിയാല്‍ പ്രതിസന്ധിഘട്ടങ്ങളില്‍ അതുപകരിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത പ്രതിസന്ധി വരാനിരിക്കുന്നതേയുള്ളൂവെന്നാണ് കൊച്ചിന്‍ സര്‍വകലാശാല മാനേജ്‌മെന്റ് വിഭാഗത്തിലെ മുന്‍ പ്രൊഫസര്‍ ഡോ. സി വി ജയമണി പറയുന്നത്. ഈ നില തുടര്‍ന്നാല്‍ ആഗോള സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഇന്ത്യ കടുത്ത സാമ്പത്തിക തൊഴില്‍ പ്രശ്‌നങ്ങളേയാണ് അഭിമുഖീകരിക്കേണ്ടി വരിക. പ്രവാസി ഇന്ത്യക്കാര്‍ പ്രതിവര്‍ഷം മുപ്പത്തി മൂന്ന് ബില്യന്‍ അമേരിക്കന്‍ ഡോളറാണ് ഇന്ത്യയിലേക്കയക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തിലൂടെ നമ്മള്‍ ലക്ഷ്യമാക്കുന്ന കോടികളേക്കാള്‍ പതിന്മടങ്ങാണ് പ്രവാസികളുടെ തൊഴില്‍ പ്രശ്‌നത്തിലൂടെ നമുക്ക് നഷ്ടമാകുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നാമ്പിടട്ടെ പ്രതീക്ഷയുടെ പച്ചപ്പ്
നിര്‍മാണ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നാണു സഊദി അറേബ്യയിലെ കൊറിയന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സിവില്‍ എന്‍ജിനീയറായ ഷമീജ് പുല്ലങ്കോടിന്റെ അഭിപ്രായം.
ഒരു മാന്ദ്യം ഉണ്ടെന്നതു നേരാണ്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുംപോലെ നിര്‍മാണമേഖല പൂര്‍ണമായി സ്തംഭിച്ചിട്ടില്ല എന്ന് പ്രവാസലോകവും സൂചന നല്‍കുന്നു. നിര്‍മാണത്തിലിരിക്കുന്ന വന്‍കിട പദ്ധതികളെല്ലാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. എണ്ണയിതര വരുമാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിഷന്‍ 2030 സാമ്പത്തിക പരിഷ്‌കരണ പദ്ധതി വന്‍ തൊഴില്‍ സാധ്യതകള്‍ തുറന്നിടുമെന്നും പ്രത്യാശിക്കുന്നു.
പത്തിലധികം വലിയ പ്രോജക്ടുകള്‍ ക്രൂഡ് ഓയിലിന്റെ വിലത്തകര്‍ച്ചക്കുശേഷവും ഇവിടെ നടക്കുന്നുണ്ട്. ഒപക് രാജ്യങ്ങളിലെ പ്രധാന എണ്ണ ഉത്പാദകരായ സഊദി ഉത്പാദനം കുറച്ചിട്ടില്ല. പ്ലാന്റുകളില്‍ മെയിന്റനന്‍സുകളും എക്‌സറ്റന്‍ഷനുകളുമായി പുതിയ തൊഴില്‍ സാധ്യതകളുമുണ്ടാകും. വിലയിടിവ് മറികടക്കാനായി ഉത്പാദനച്ചെലവ് കുറക്കാനുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ പദ്ധതികളുമുണ്ടാകും. അതിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍.
ജുബൈലില്‍ സഊദി അരാംകോക്ക് കീഴിലുള്ള ഒരു വന്‍കിട പ്രോജക്ടാണ് സള്‍ഫര്‍ റെയില്‍കാര്‍ ലോഡിംഗ് ഫെസിലിറ്റീസ്. അടുത്ത കാലത്തു തുടങ്ങിയ പദ്ധതിയാണിത.് ഇവിടെയൊന്നും പ്രതിസന്ധിയില്ലെന്ന് അവിടെ സിവില്‍ എന്‍ജിനീയറായ ഷമീജ് പറയുന്നു. ഇത്തരം പ്രൊജക്ടുകള്‍ യാമ്പുവിലും ജിസാനിലും റിയാദിലും പുതുതായി കമ്പനി തുടങ്ങുന്നുണ്ട്.
എണ്ണ കൂടാതെ സഊദി ഗവണ്‍മെന്റിന്റെ കീഴിലുള്ള മൈനിംഗ് കമ്പനിയായ മാദന്‍ സ്വര്‍ണവും അലൂമിനിയവും അടക്കമുള്ള മറ്റു മേഖലകളിലും പദ്ധതികള്‍ പുരോഗമിക്കുകയാണ്. തായിഫില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ ദൂരെയുള്ള മരുഭൂമിയിലാണ് അട്ടുഹൈവി ഗ്രാവിറ്റി സി ഐ എല്‍ ഗോള്‍ഡ് പ്രൊജക്ട് അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയത്. 50 കിലോമീറ്ററുകള്‍ക്കപ്പുറത്ത് ഇതിന്റെ രണ്ടാം പ്രൊജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ബദല്‍ ഊര്‍ജമെന്ന നിലയില്‍ സൗരോര്‍ജ മേഖലയിലും കൂടുതല്‍ നിക്ഷേപവും പദ്ധതികളും ഉണ്ടാകുന്നുണ്ട്. അതിനെചുറ്റിപ്പറ്റി പുതിയ തൊഴില്‍ അവസരങ്ങളും. എത്ര വിലയിടിഞ്ഞാലും ലോകം ചലിക്കണമെങ്കില്‍ പെട്രോളല്ലാതെ മറ്റെന്ത് ഇന്ധനമാണുള്ളത്.? അതുകൊണ്ട് കര്‍ക്കശമാകുന്ന നിയമങ്ങളേയും വലിഞ്ഞുമുറുകുന്ന നിബന്ധനകളേയും വകഞ്ഞുമാറ്റി ഇനിയും പ്രവാസത്തിന്റെ പൂമരം പൂവിടുമെന്ന പ്രതീക്ഷ തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. എത്രകാലത്തേക്കെന്നറിയില്ലെങ്കിലും.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."