മക്ക മസ്ജിദ്
വിശ്വാസികള്‍ തന്റെ സ്രഷ്ടാവിലേക്ക് പലായനം ചെയ്യുന്ന മാസമാണ്. അവന്റെ ഭവനത്തില്‍ ഒഴിഞ്ഞ വയറുമായി നിരാഹാരമിരിക്കുന്ന മാസം. അവന്റെ ഗ്രന്ഥത്തിലേക്ക് സാകൂതം മനസും ചുണ്ടും പതിപ്പിക്കുന്ന മാസം. ചിത്രം ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ നിന്നുള്ള റമദാന്‍ ആദ്യദിന കാഴ്ചയാണ്. ചാര്‍ മിനാറും ലാട്ട് ബസാറും ചൗമഹല്ലാ പാലസും അതിരിടുന്ന മസ്ജിദിന് മക്കയോളം നീണ്ടുകിടക്കുന്ന, 16-ാം നൂറ്റാണ്ടോളം ആഴ്ന്നുകിടക്കുന്ന ചരിത്രമുണ്ട്. ഖുതുബ് ഷാഹി സാമ്രാജ്യത്തിലെ ഖുലി ഖുതുബ്ഷായാണ് പള്ളിയുടെ പ്രധാന ആര്‍ച്ച് നിര്‍മാണത്തിനാവിശ്യമായ കല്ലുകള്‍ മക്കയില്‍ നിന്ന് എത്തിച്ചത്. ഈ കല്ലുകളാണ് മസ്ജിദിനെ മക്ക മസ്ജിദ് ആക്കിയത്. ചാര്‍ മിനാറിനും ഹൈദരാബാദി ബിരിയാണിക്കും ഹലീമിനും മീതെ ഹൈദരാബാദി മുസ്‌ലിമിന്റെ അടയാളമായി നിലകൊള്ളുകയാണ് മക്കാ മസ്ജിദ്
താഇഫിലെ
പനിനീര്‍ പുഷ്പങ്ങള്‍
സഊദിയില്‍ റോസാ പുഷ്പങ്ങള്‍ പൂത്തു നില്‍ക്കുന്ന കാലമാണ്. താഇഫിലാണ് ഏറ്റവുമധികം റോസാ പുഷ്പങ്ങള്‍ വിടരുന്നത്. ഈ പൂക്കളുടെ നീരെടുത്താണ് വിശുദ്ധ കഅ്ബ കഴുകല്‍ നടത്തുന്നത്. ഇത് തന്നെയാണ് ഈ പൂക്കളുടെ അസാധാരണത്വം. കഴിഞ്ഞ ഏപ്രില്‍ മാസവും കഅ്ബ കഴുകല്‍ ചടങ്ങിന് വേണ്ടി ഇതേ പൂക്കളാണ് ഉപയോഗിച്ചത്. റോസ് എണ്ണ, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയവയും റോസാ പുഷ്പങ്ങളില്‍ നിന്നു സഊദി മാര്‍ക്കറ്റിലിറക്കുന്നുണ്ട്. 300 മില്യണ്‍ പുഷ്പങ്ങളാണ് താഇഫില്‍ ഓരോ വര്‍ഷവും പൂക്കുന്നത്. നഗരപ്രാന്തത്തില്‍ 800 ഓളം റോസ് ഗാര്‍ഡനുകള്‍ ഉണ്ടെന്നാണ് കണക്ക്. മങ്ങിയ നരച്ച മണലാരിണ്യം സുഗന്ധം പൊഴിച്ച് പിങ്കണിഞ്ഞ് നില്‍ക്കുകയാണിപ്പോള്‍ താഇഫില്‍.
യുദ്ധം അടയാളപ്പെടുത്തുന്നത്
ലിബിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ പത്താം വാര്‍ഷികമാണ് ഈ വര്‍ഷം. 2011 ലാണ് ടുണിഷ്യയില്‍ തുടങ്ങിയ അറബ് വസന്തം ഈജിപ്തിനെയും സിറിയയെയും ലിബിയയെയും വിഴുങ്ങിയത്. ഏകാധിപത്യത്തിനെതിരെ ജനം തെരുവിലിറങ്ങിയപ്പോള്‍ പല ഏകാധിപതികളും കടപുഴകി, പല രാജ്യങ്ങളും അരക്ഷിതമായി, മുല്ലപ്പൂ വിപ്ലവമെന്നും അറബ് വസന്തമെന്നും പേരിട്ട, വിപ്ലവമെന്നും കലാപമെന്നും മാറിമാറിവിളിക്കാവുന്ന അരക്ഷിതാവസ്ഥയെ കൂട്ടിക്കുറച്ചപ്പോഴുള്ള ബാലന്‍സ് ഷീറ്റ് നഷ്ടത്തിന്റേത് തന്നെയായിരുന്നു. 40 വര്‍ഷത്തെ ഏകാധിപത്യത്തിനൊടുവില്‍ കലാപകാരികള്‍ക്ക് മുന്നില്‍ മുഅമ്മര്‍ അലി ഗദ്ദാഫിയും മരിച്ചുവീണു. കലാപം ബാക്കിയാക്കിയ ഈ ആയുധങ്ങളുടെ വ്യാപ്തി തന്നെയാണ് അതുണ്ടാക്കിയ അരക്ഷിതാവസ്ഥയുടെ ആഴവും. ആ യുദ്ധമുണ്ടാക്കിയ പരിണാമമാണ് ചിത്രത്തില്‍ ചിതറിക്കിടക്കുന്നത്, ആ യുദ്ധത്തിന്റേത് മാത്രമല്ല, എല്ലാ യുദ്ധങ്ങളും ഇതൊക്കെയാണ് ബാക്കിയാക്കുന്നത്.
മാമാങ്കം
2022 ലാണ് ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറില്‍ അരങ്ങേറുന്നത്. അറബ് ലോകം മാത്രമല്ല മലയാളികളും കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് ഇനി ഒരു വര്‍ഷം മാത്രമാണുള്ളത്. എല്ലാ കാത്തിരിപ്പിനെയും അസ്ഥാനത്താക്കാന്‍ കഴിവുള്ള കൊവിഡ് ഭീഷണിയായി നിലനില്‍ക്കുമ്പോഴും നിര്‍മാണ പ്രവൃത്തി തകൃതിയില്‍ നടക്കുകയാണ് ഖത്തറില്‍. എണ്‍പതിനായിരം ആളുകളെ ഉള്‍കൊള്ളാവുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്റേതാണ് ചിത്രം. ഫൈനലടക്കം പത്തോളം മത്സരങ്ങള്‍ക്ക് വേദിയാവുന്ന ഏറ്റവും പ്രധാന സ്‌റ്റേഡിയമാണ് ലുസൈല്‍. ഇത് കൂടാതെ എട്ട് കൂറ്റന്‍ സ്‌റ്റേഡിയങ്ങളാണ് ഖത്തര്‍ ലോകകപ്പിന് വേണ്ടി ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."