കാപ്പനെ ജയിലിലേക്കുമാറ്റിയത് കൊവിഡ് മാറാതെ, യു.പി പൊലിസ് ആശുപത്രിയെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചതായി കുടുംബം; കോടതിയലക്ഷ്യത്തിന് നോട്ടിസയച്ച് അഭിഭാഷകന്‍
കോഴിക്കോട്: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മഥുരയിലെ ജയിലിലേക്ക് മാറ്റുമ്പോഴും കോവിഡ് സുഖപ്പെട്ടിരുന്നില്ലെന്ന് ഡല്‍ഹി എയിംസ് അധികൃതര്‍. പിന്നെ എന്തിനാണ് അദ്ദേഹത്തെ സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചതെന്ന ചോദ്യം ഉയരുന്നതോടൊപ്പം യു.പി സര്‍ക്കാരിന്റെ പ്രതികാര മനസുകൂടി മറനീക്കി പുറത്തുവരികയാണ്. ഇ.ടി മുഹമ്മദ് ബഷീര്‍ എംപിക്ക് അയച്ച കത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. അതേ സമയം ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റിയത് എന്നാണ് മഥുര ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം.
കാപ്പന് കോവിഡ് രോഗം സ്ഥിരീകരിച്ചത് മെയ് രണ്ടാം തിയ്യതിയിലാണ്. രണ്ടാഴ്ച ഐസൊലേറ്റ് ചെയ്യണമെന്ന ചട്ടം മറികടന്നാണ് ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. നേരത്തെ, കോവിഡ് ബാധിതനായിട്ടും അതീവ രഹസ്യമായാണ് ജയിലിലേക്ക് മാറ്റിയതെന്ന് നേരത്തെ തന്നെ കുടുംബം ആരോപിച്ചിരുന്നു.
ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു വിവരവും കുടുംബത്തിന് നല്‍കിയില്ലെന്ന് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് പറയുന്നു. വെള്ളിയാഴ്ച രാവിലെ ഒന്നേകാലോടെയാണ് കാപ്പന്‍ ജയിലില്‍ തിരിച്ചെത്തിയത്. ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ണമായ കോടതിയലക്ഷ്യമാണ്. ആവശ്യമായ ചികിത്സ നല്‍കണമെന്ന് സുപ്രിംകോടതി കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കോവിഡ് വാര്‍ഡിലല്ല ആദ്യം സിദ്ദീഖ് കാപ്പനെ പ്രവേശിപ്പിച്ചിരുന്നതെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു. പിന്നീട് കോവിഡ് വാര്‍ഡിലേക്ക് മാറ്റി. പൊലിസ് ആശുപത്രിയെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഭാര്യ ആരോപിച്ചു. അവര്‍ ഭര്‍ത്താവിനെ കാണാനായി ഡല്‍ഹിയിലെത്തിയെങ്കിലും നിരാശയായി. ഇപ്പോഴും കാണാനാവുമെന്ന പ്രതീക്ഷയില്‍ തന്നെ ഡല്‍ഹിയില്‍ തുടരുകയാണ് റൈഹാന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."