'തിരിച്ചടി പ്രതീക്ഷിക്കാത്തത്': തെരഞ്ഞെടുപ്പ് തോല്‍വികളെക്കുറിച്ച് പഠിക്കാന്‍ സമിതിയെ വച്ച് സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ തോല്‍വികളെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. എന്തുകൊണ്ട് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും വമ്പന്‍ തിരിച്ചടിയാണുണ്ടായതെന്നും സോണിയാ ഗാന്ധി വിലയിരുത്തി. കേരളത്തിലെയും അസമിലെയും സര്‍ക്കാരുകളെ തോല്പ്പിക്കാനാവാത്തതെന്തേയെന്നും സോണിയാ ഗാന്ധി ചോദിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് സോണിയാ ഗാന്ധിയുടെ വിമര്‍ശനം. തിരിച്ചടിയില്‍നിന്നു പാഠം പഠിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനു ശരിയായ ദിശയില്‍ മുന്നോട്ടുപോവാനാവില്ലെന്ന് സോണിയ പറഞ്ഞു.
ഗൗരവമുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസിനു നേരിട്ടത്. ഇത്തരത്തില്‍ പറയേണ്ടിവന്നതില്‍ നിരാശയുണ്ട്. തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. എത്രയും പെട്ടെന്നു സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും സോണിയ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനാവാത്തത് എന്തുകൊണ്ടെന്നും പരിശോധിക്കേണ്ടതുണ്ട്. അസൗകര്യകരമായ കാര്യങ്ങളാവും ഈ പരിശോധനയില്‍ ഉരുത്തിരിഞ്ഞുവരിക. എന്നാല്‍ യാഥാര്‍ഥ്യത്തെ നേരിട്ടുകൊണ്ടല്ലാതെ പാര്‍ട്ടിക്കു മുന്നോട്ടുപോവാനാവില്ലെന്നും സോണിയ പറഞ്ഞു.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി തന്നെയാണ് ഉണ്ടായത്. പുതുച്ചേരിയില്‍ ഭരണം നഷ്ടപ്പെട്ടു. പശ്ചിമബംഗാളില്‍ ഒരു സീറ്റ് പോലും നേടാനായില്ല. അസമില്‍ വലിയ മുന്നേറ്റമുണ്ടാക്കാനോ സര്‍ക്കാരിനെ തോല്പിക്കാനോ ആയില്ല. മാറിമാറിവരുന്ന കേരളത്തില്‍ പോലും ഭരണം പിടിക്കാനായില്ല. ഡി.എം.കെയുടെ പ്രഭാവത്തില്‍ തമിഴ്നാട്ടില്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."