മണ്ഡലം കൈവിടില്ലെന്ന വിശ്വാസത്തില്‍ കോണ്‍ഗ്രസ്; സ്ഥാനാര്‍ഥി നിര്‍ണയവും അതിവേഗം; തൃക്കാക്കര നേടാന്‍ പി.ടിയുടെ ഉമ
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയ സമയത്തെ പതിവ് രീതികളെല്ലാം തെറ്റിച്ച് കോണ്‍ഗ്രസ് ഇത്തവണ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത് അതിവേഗം. അവകാശവാദങ്ങളുമായി നിരവധിപേരില്ല.
മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എം.എം.ഹസ്സന്‍, രമേശ് ചെന്നിത്തല എന്നിവര്‍ തൃക്കാക്കരയിലെ സ്ഥാനാര്‍ഥിക്കായി ഇന്ദിരാഭവനില്‍ യോഗം ചേരുമ്പോള്‍ ഉയര്‍ന്നത് ഒരു പേരു മാത്രം ഉമ തോമസ്.
പി.ടി.തോമസിന്റെ മണ്ഡലം നിലനിര്‍ത്താന്‍ ഭാര്യ ഉമയാണ് അനുയോജ്യയെന്ന്, വിമതശബ്ദമുയര്‍ത്തിയവരെ നേതൃത്വം അറിയിച്ചു. ഇതോടെ, അനുനയ ശ്രമങ്ങള്‍ക്ക് അവര്‍ വഴങ്ങി. അങ്ങനെ സ്ഥാനാര്‍ഥി നിര്‍ണയമെന്ന വലിയ പ്രശ്‌നത്തിന് കോണ്‍ഗ്രസ് പരിഹാരം കണ്ടു.
ഇനി ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാം. ഏതൊരു പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും മണ്ഡലം തങ്ങളെ കൈവിടില്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ ഉറച്ച് വിശ്വസിക്കുന്നത്. മണ്ഡലം രൂപീകരിച്ചതിന് ശേഷം ഒരിക്കല്‍പ്പോലും യുഡിഎഫിനെ കൈവിട്ടിട്ടില്ലെന്നതാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം. 2016ലും 2021ലും എല്‍ഡിഎഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോഴും തൃക്കാക്കര യുഡിഎഫിനൊപ്പം ഉറച്ച് നിന്നു.കൊച്ചി നഗരസഭയിലെ 22 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് മണ്ഡലം. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി നഗരസഭയില്‍ കോണ്‍ഗ്രസ് പിന്നോട്ട് പോയപ്പോഴും തൃക്കാക്കര മണ്ഡല പരിധിയില്‍ വരുന്ന ഡിവിഷനുകളില്‍ മികച്ച പ്രകടനമാണ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."