കെ. സുധാകരനെതിരേ നീക്കവുമായി ഗ്രൂപ്പുകള്‍ തീവ്രനിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന്
സ്വന്തംലേഖകന്‍
തിരുവനന്തപുരം: പ്രതിപക്ഷനേതൃസ്ഥാനത്തിനു പുറമെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തും മാറ്റമുണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ കെ. സുധാകരനെതിരേ പടയൊരുക്കവുമായി ഗ്രൂപ്പുകള്‍. സുധാകരന്റെ തീവ്രനിലപാട് പാര്‍ട്ടിക്ക് ദോഷകരമാകുമെന്ന് എ, ഐ ഗ്രൂപ്പുകളുടെ നേതാക്കളില്‍ ചിലര്‍ എ.ഐ.സി.സിയെ അറിയിച്ചതായാണ് സൂചന.
ഗ്രൂപ്പുകള്‍ക്കതീതനായ വി.ഡി സതീശന്‍ പ്രതിപക്ഷനേതാവായതിനു പുറമെ സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റാവുക കൂടി ചെയ്താല്‍ ഗ്രൂപ്പുകളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകുമെന്ന് കരുതിയാണ് നേതാക്കളില്‍ ചിലര്‍ തടസ്സവാദവുമായി രംഗത്തെത്തിയത്.
കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സുധാകരന് സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രകടനത്തെ എങ്ങനെ മെച്ചപ്പെടുത്താനാകുമെന്ന ചോദ്യം ഇവര്‍ ഉന്നയിക്കുന്നുണ്ട്. പൊതുവേദികളില്‍ സുധാകരന്‍ നടത്തുന്ന തീവ്ര പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തെ പാര്‍ട്ടിയില്‍നിന്ന് അകറ്റുമെന്നും ഇവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിക്കെതിരായി സുധാകരന്‍ നടത്തിയ പരാമര്‍ശവും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഇതിനുദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ പാര്‍ട്ടി പുനഃസംഘടന സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിക്കപ്പെട്ട അശോക് ചവാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി അടുത്തയാഴ്ച കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. നേരിട്ടെത്താനാണ് തീരുമാനമെങ്കിലും കൊവിഡ് സാഹചര്യം തടസ്സമായാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയെങ്കിലും സമിതി അംഗങ്ങള്‍ നേതാക്കളുമായി സംസാരിക്കും.
തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ നിയോഗിക്കപ്പെട്ട സമിതിക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇതുവരെയും കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞിരുന്നില്ല. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."