ഇവിടെ സെസ് കൂടും, അവിടെ ആളും
തലശേരി: ബജറ്റില്‍ അധിക സെസ് ഏര്‍പ്പെടുത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ധനവില രണ്ടുരൂപ വീതം നാളെ മുതല്‍ വര്‍ധിപ്പിക്കുന്നതോടെ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ തിരക്കേറും. കേരളത്തില്‍ ഇന്ധനവില കൂടാനിരിക്കുന്നതുകൊണ്ടു തന്നെ നല്ല തിരക്കാണു അടുത്തദിവസങ്ങളിലായി മാഹിയിലെ പമ്പുകളില്‍ അനുഭവപ്പെടുന്നത്. മാഹിയില്‍ ഒരുലിറ്റര്‍ പെട്രോളിനു 93.80 രൂപയും ഡീസലിനു 83.72 രൂപയുമാണു വില. തൊട്ടടുത്ത കണ്ണൂരില്‍ 106.19 രൂപ പെട്രോളിനും 95.12 രൂപ ഡീസലിനും നല്‍കണം.
രണ്ടുരൂപ വര്‍ധിച്ചാല്‍ പെട്രോളിനും ഡീലസിനും കേരളവും മാഹിയുമായി വലിയ വ്യത്യാസമുണ്ടാകും. ഒരുലിറ്റര്‍ പെട്രോളിനു മാത്രം 14രൂപയിലധികം കേരളത്തില്‍ നല്‍കേണ്ടി വരും. നിലവില്‍ 12രൂപയുടെ വ്യത്യാസമാണു പെട്രോളിനു മാഹിയും കേരളവും തമ്മിലുള്ളത്. കണ്ണൂരിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ ഭൂരിഭാഗവും നിലവില്‍ മാഹിയില്‍ നിന്നാണു ഇന്ധനം നിറയ്ക്കുന്നത്. ചരക്കുലോറികള്‍ അതിരാവിലെ പമ്പുകളിലെത്തി ഇന്ധനം നിറയ്ക്കുകയാണു പതിവ്. വാഹനങ്ങളുടെ തിരക്കേറുന്നതോടെ വീതി കുറഞ്ഞ റോഡുകളുള്ള മാഹിയിലെ ഗതഗാതക്കുരുക്കഴിക്കാന്‍ അധികൃതര്‍ പാടുപെടുമെന്നുറപ്പാണ്.
തിരക്കുകൂടുന്നതോടെ പമ്പുകളിലെ ജീവനക്കാരും കുഴയും. മിക്കവരും ജോലി കഴിഞ്ഞു തിരിച്ചു പോകുന്ന വൈകുന്നേരങ്ങളില്‍ മാഹിയിലെ പമ്പുകളില്‍ നിലവില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മാഹിയുടെ സമീപത്തുള്ള കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലുള്ളവരെല്ലാം ഇവിടെയെത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്. വിവിധ കമ്പനികളുടെ 14 പമ്പുകളാണു ഒന്‍പത് ചതുരശ്ര കി.മീ വിസ്തൃതിയുള്ള മാഹിയില്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."