പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ്ജ് ചെയ്തു; 200 വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു
ഹരിപ്പാട്: പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ്ജ് ചെയ്തു. 200 ഓളം വീടുകളിലെ വൈദ്യുത ഉപകരണങ്ങള്‍ കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെ പിലാപ്പുഴ തെക്ക് നെടുന്തറയില്‍ പുതിയതായി സ്ഥാപിച്ച കോതേരി ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ്ജ് ചെയ്തപ്പോഴായിരുന്നു സംഭവം.
പ്രദേശത്തെ വോള്‍ട്ടേജ് കുറവ് പരിഹരിക്കാനാണ് പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്.
പ്രദേശത്തെ ഇരുനൂറോളം വീടുകളിലെ ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മിഷിന്‍, മോട്ടോര്‍ തുടങ്ങിയവയും ചില വീടുകളുടെ വയറിംഗ് പൂര്‍ണ്ണമായും കത്തി നശിച്ചു. നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ കെ.എസ്.ഇ.ബി തൊഴിലാളികളെ തടഞ്ഞുവെച്ചു.
തുടര്‍ന്ന് ഹരിപ്പാട് എസ്.ഐ എസ്.എസ് ബൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഹരിപ്പാട് സബ്ബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി.
ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്ക് വന്നിട്ടുള്ള നഷ്ടം ആലപ്പുഴ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശപ്രകാരവും കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ഉത്തരവിന്‍ പ്രകാരവും പരിഹരിക്കാമെന്ന് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നിര്‍ദ്ദേശപ്രകാരം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സമ്മതപത്രം നല്‍കിയ ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞ് പോയത്.
വാര്‍ഡ് കൗണ്‍സിലര്‍ കുഞ്ഞുമോളുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.
നാട്ടുകാര്‍ക്ക് അറിയിപ്പ് നല്‍കാതെയാണ് ലൈന്‍ ചര്‍ജ്ജ് ചെയ്തതെന്നും പഴയ ട്രാന്‍സ്‌ഫോര്‍മര്‍ പെയിന്റടിച്ച് സ്ഥാപിക്കുകയായിരുന്നുവെന്നും അതിനാലാണ് അമിതമായി വോള്‍ട്ടേജ് കയറി ഉപകരണങ്ങള്‍ നശിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."