തൊടുപുഴ നഗരപരിധിയില്‍ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം
തൊടുപുഴ: തൊടുപുഴ നഗരത്തെ ഭീതിയിലാഴ്ത്തി വീണ്ടും കവര്‍ച്ചാശ്രമം. ജില്ലാ പൊലിസ് മേധാവി നേരിട്ടെത്തി യോഗം വിളിച്ച് നഗരത്തില്‍ പൊലിസ് പരിശോധന ശക്തിപ്പെടുത്താന്‍ തീരുമാനം എടുത്തതിന് പിന്നാലെയുള്ള മോഷ്ടാക്കളുടെ സൈ്വരവിഹാരം പൊലിസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
കോലാനി, ചുങ്കം ഭാഗങ്ങളിലെ നാലു വീടുകളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കള്ളന്‍ എത്തിയത്. ഒരുവീടിനുള്ളില്‍ മാത്രമാണ് പ്രവേശിക്കാന്‍ കഴിഞ്ഞത്. മറ്റുവീടുകളില്‍ വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് കള്ളന്‍ രക്ഷപെട്ടു. ഒരു വീട്ടില്‍ നിന്ന് ആയിരത്തോളം രൂപയും മറ്റൊരു വീട്ടില്‍ നിന്നും താക്കോലുകളും മോഷ്ടിച്ചു. നഗരമധ്യത്തിലെ എസ്ബിഐ മുഖ്യശാഖയില്‍ 12ന് രാത്രി നടന്ന കവര്‍ച്ചാകേസിലെ പ്രതിയ്ക്കായി പൊലിസ് ഊര്‍ജ്ജിതമായ അന്വേഷണം തുടരുന്നതിനിടെയാണ് തലവേദന സൃഷ്ടിച്ച് കോലാനിയിലും ചുങ്കത്തും മോഷ്ടാവ് എത്തിയത്. തൊടുപുഴയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവറായ ചുങ്കം ചേരിയില്‍ സാബു ജോസഫ്, കോട്ടയത്ത് റബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായ കോലാനി തേവരുപറമ്പില്‍ സജി, ചുങ്കം കണിയാപറമ്പില്‍ റെജി ജോസഫ്, കോലാനി പുളിമൂട്ടില്‍ ചന്ദ്രമതി എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്. സാബു ജോസഫിന്റെ വീട്ടില്‍ നിന്നാണ് പണം കവര്‍ന്നത്. റെജി ജോസഫിന്റെ വീട്ടില്‍ നിന്നും രണ്ട് താക്കോലുകളും നഷ്ടമായി.
മോഷ്ടാവ് എത്തിയത് ടോര്‍ച്ചുമാട്ടാണെന്ന് പുളിമൂട്ടില്‍ രാധ പറഞ്ഞു. മുറിക്കുള്ളിലേക്ക് ആരോ ടോര്‍ച്ച് അടിക്കുന്നതറിഞ്ഞാണ് കണ് തുറന്നത്. ഉടന്‍ സഹോദരി ചന്ദ്രമതിയെയും മകന്‍ രാജീവിനെയും വിളിച്ച് എഴുന്നേല്‍പിച്ചു. പുറത്തിറങ്ങി നോക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. വീടിനകത്തും വെളിയിലുമുള്ള ലൈറ്റുകള്‍ തെളിച്ചപ്പോഴേക്കും കള്ളന്‍ രക്ഷപെട്ടു. റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ കോലാനി തേവരുപറമ്പില്‍ സജിയുടെ ബഡ്‌റൂമിന്റെ ഒരു ജനലിന്റെ ഒരുപാളി തുറന്നുകിടക്കുകയായിരുന്നു. മുറിക്കുള്ളിലേക്ക് വെളിച്ചമടിക്കുന്നതു പോലെ തോന്നിയെങ്കിലും ആദ്യം ഗൗനിച്ചില്ല. പുറത്തെ ഇടവഴിയിലൂടെ പോകുന്ന ആരെങ്കിലുമാണെന്നു കരുതി. പിന്നീട് പന്തികേടു തോന്നി വാതില്‍ തുറക്കാതെ ജനലിലൂടെ പുറത്തേക്ക് നോക്കിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടില്ല. അല്‍പനേരം കൂടി പറമ്പിലേക്ക് കണ്ണോടിക്കുന്നതിനിടെ പുറത്ത് ജനലിന്റെ കീഴ്ഭാഗത്ത് നിന്ന് ഒരു കൈ നീണ്ടുവന്ന് ജനല്‍ കര്‍ട്ടന്‍ നീക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ബഹളം വെച്ചപ്പോള്‍ വീടിന്റെ ഇടതുഭാഗത്തു കൂടി ഷര്‍ട്ട് ധരിക്കാത്ത ഒരാള്‍ ഓടിപ്പോയി. തുടര്‍ന്ന് സമീപവാസികളെ ഫോണില്‍ വിളിച്ച് ഉണര്‍ത്തുകയായിരുന്നു. പൊലിസിനെയും വിളിച്ചു. അഞ്ചുമിനിറ്റിനുള്ളില്‍ പൊലിസെത്തി സമീപപ്രദേശങ്ങള്‍ അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. ചുങ്കം ചേരിയില്‍ സാബു ജോസഫിന്റെ ബഡ്‌റൂമിന്റെ ഒരു ജനല്‍പ്പാളി കുത്തിത്തുറന്നാണ് സ്റ്റാന്റില്‍ തൂക്കിയ ഷര്‍ട്ടിലുണ്ടായിരുന്ന ആയിരത്തോളം രൂപയും ഐഡന്റിറ്റി കാര്‍ഡും മോഷ്ടിച്ചത്.
കണിയാപറമ്പില്‍ റെജി ജോസഫിന്റെ വീടുനുള്ളില്‍ മോഷ്ടാവ് കടന്നത് ഏറെ തന്ത്രപരമായാണ്. തുറന്നുകിടന്ന ജനലിലൂടെ നീളമുള്ള പിവിസി പൈപ്പ് ഉപയോഗിച്ച് പിന്‍ഭാഗത്തെ വാതിലിന്റെ കുറ്റി തള്ളിനീക്കിയാണ് തുറന്നത്. ഈ വാതിലിന്റെ മേല്‍ഭാഗത്തെയും താഴത്തെയും കുറ്റി ഇടാതിരുന്നത് മോഷ്ടാവിന് സഹായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."