ആത്മവിചാരണയ്ക്ക് താമസമരുത്
പി.കെ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ വാവാട്
കഴിഞ്ഞുപോയ ജീവിതത്തിലെ ഓരോനിമിഷവും വിലയിരുത്തുന്നവനാണ് വിശ്വാസി. സ്വര്‍ഗപാതയിലേക്കുള്ള സന്മാര്‍ഗ വീഥികളില്‍ സംഭവിച്ച അബദ്ധങ്ങള്‍ അവന്‍ വിലയിരുത്തും. ജീവിതത്തിന്റെ ഭാവി പരമാവധി നന്നാക്കാനുള്ള ശ്രമത്തിലായിരിക്കും എപ്പോഴും അവന്‍. ആത്മപരിശോധന ഏതുസമയത്തും നല്ലതാണെന്ന് തിരിച്ചറിയുകയും അതിനായി ജീവിതം ക്രമീകരിക്കുകയും ചെയ്തവനാണ് വിജയികളില്‍ ഉള്‍പ്പെടുന്നത്.
മഹ്ശറയില്‍ നേരിടേണ്ടി വരുന്ന വിചാരണ ഭയാനകമാണെന്നും അതിനായി നാം തയാറാകണമെന്നും നിരന്തരം നമ്മുടെ ആത്മാവിനെയും ശരീരത്തെയും നാം ഓര്‍മപ്പെടുത്തണം. പരലോക വിചാരണ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.”അന്ന് നാമവരുടെ വായ അടച്ചു മുദ്രവയ്ക്കും. അവരുടെ കൈകള്‍ നമ്മോട് സംസാരിക്കും. കാലുകള്‍ സാക്ഷ്യം വഹിക്കും. അവര്‍ ചെയ്തു കൊണ്ടിരുന്നത് എന്തായിരുന്നുവെന്ന്.” (യാസീന്‍: 65)
ഉമറുല്‍ ഫാറൂഖ് (റ) വ്യക്തമാക്കുന്നു: ”കാഠിന്യമുള്ള വിചാരണയ്ക്ക് മുന്‍പ് നീ സ്വയം വിചാരണ നടത്തുക. അതാണ് ഉത്തമ ഭാവിക്ക് നല്ലത്. ആത്മവിചാരണക്ക് സന്നദ്ധനല്ലെങ്കില്‍ പരലോകം ദുഃഖത്തിലും നഷ്ടത്തിലുമായിരിക്കും.” സ്വയം വിചാരണയുടെ മഹത്വമറിഞ്ഞ ഉമര്‍ (റ) ഏകാന്തനായിരുന്ന് സ്വന്തത്തോട് പറയുമായിരുന്നു: ”അല്ലാഹുവില്‍ സത്യം, ഖത്താബിന്റെ പുത്രന്‍ ഉമറേ, നീ അല്ലാഹുവിനെ സൂക്ഷിക്കുക. ഇല്ലെങ്കില്‍ അവന്‍ നിന്നെ കഠിനമായി ശിക്ഷിക്കുക തന്നെ ചെയ്യും.” മുഹാസബയാണ് മുജാഹദയിലേക്ക് എത്തിക്കുന്ന പ്രധാന ഘടകം.
ഒറ്റയ്ക്കിരുന്ന് കരയുന്ന ആഇശ(റ)യോട് നബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു:”നരകത്തെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞതാണ് റസൂലേ. അന്ത്യനാളില്‍ അങ്ങ് അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ? ” നബി(സ) മറുപടി പറഞ്ഞു; ആഇശക്ക് ഒട്ടും പ്രതീക്ഷ നല്‍കാത്ത ഉത്തരം. ”ആഇശാ, മൂന്നു സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെ ഓര്‍ക്കില്ല. നന്മ തിന്മകള്‍ തൂക്കുന്ന ത്രാസിനടുത്ത് വച്ച് തന്റെ ത്രാസിന്റെ ഭാരം കൂടുമോ കുറയുമോ എന്ന ഭയമായിരിക്കും ഓരോരുത്തര്‍ക്കും. കര്‍മപുസ്തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ വലതു കൈയിലാണോ ഇടതു കൈയിലാണോ പിന്നിലൂടെയാണോ അത് നല്‍കപ്പെടുക എന്നറിയുന്നതുവരെ. നരകത്തിനഭിമുഖമായി പാലം വയ്ക്കുകയും അത് മുറിച്ചു കടക്കുകയും ചെയ്യുന്നതുവരെ” (അബൂദാവൂദ്).
നമ്മുടെ സ്വന്തം അവയവങ്ങളും നമ്മെ തള്ളിപ്പറയുന്ന വിചാരണാഘട്ടം നാളെ വരാനുണ്ടെന്ന് അല്ലാഹു മുന്നറിയിപ്പ് നല്‍കിയതാണ്. ”അവര്‍ അവിടെ എത്തിയാല്‍ അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവരുടെ കാതുകളും കണ്ണുകളും ചര്‍മങ്ങളും അവര്‍ക്കെതിരേ സാക്ഷ്യം വഹിക്കും. അപ്പോള്‍ അവര്‍ തൊലിയോട് ചോദിയ്ക്കും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരേ സാക്ഷ്യം വഹിച്ചത്? അവ പറയും: സകല വസ്തുക്കള്‍ക്കും സംസാര ശേഷി നല്‍കിയ അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചു. അവനാണു ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങള്‍ തിരിച്ചു ചെല്ലേണ്ടതും അവങ്കലേക്കു തന്നെ.” (ഫുസ്സ്വിലത്ത്: 20-21). കഴിഞ്ഞുപോയ മഹാന്‍മാര്‍ മുഴുവന്‍ സ്വന്തത്തെ നിരന്തരം വിചാരണ നടത്തിയവരായിരുന്നു. അതുല്യമായ ഈമാനിന്റെ ശക്തിയുണ്ടായിരുന്ന സ്വഹാബികള്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ കണ്ണീരൊലിപ്പിച്ച് പ്രാര്‍ഥിച്ചത് അല്ലാഹുവിന്റെ വിചാരണ ഓര്‍ത്തിട്ടായിരുന്നു.
”ഇനിയൊരിക്കലും ജീവിതത്തില്‍ വീഴ്ച വരാതിരിക്കാനും കാര്യങ്ങള്‍ നിസാരമായി കാണാതിരിക്കാനും സ്വന്തം ശരീരത്തെ നിത്യമായി നീ വിചാരണ ചെയ്യാന്‍ നീ സൂക്ഷിക്കണം” മനുഷ്യനെ സംസ്‌കരിച്ചെടുക്കാനും ഉത്തമനാക്കാനും അനിവാര്യമായ ഘടകങ്ങള്‍ എണ്ണിപ്പറയുന്നതിനിടയില്‍ മഖ്ദൂം തങ്ങള്‍ വിവരിക്കുന്ന ഭാഗത്തിന്റെ വിവര്‍ത്തനമാണിത്. വിചാരണ നടത്തുന്നത് വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്. ഇന്നെനിക്ക് സംഭവിച്ച തെറ്റുകളും അബദ്ധങ്ങളും വിചാരണയ്ക്ക് വിധേയനാക്കുമ്പോള്‍ മാത്രമേ ഇനി ആതെറ്റുകള്‍ വരാതിരിക്കാനുള്ള നീക്കങ്ങള്‍ നമ്മില്‍ നിന്ന് ഉണ്ടാകൂ. പരലോകത്ത് നാം വിചാരണ ചെയ്യപ്പെടും എന്നത് തീര്‍ച്ചയാണ്. നമ്മുടെ അടക്കവും അനക്കവും മൗനവും സംസാരവും ഉറക്കും ഉണര്‍വും തുടങ്ങി എല്ലാം വിചാരണ ചെയ്യപ്പെടും. വിചാരണ സുഗമമാവണമെങ്കില്‍ നാമിപ്പോള്‍ തന്നെ ഒരു ആത്മവിചാരണയ്ക്ക് തയാറാകണം. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."