HOME
DETAILS
MAL
പറഞ്ഞവനിലേക്കല്ല, പറഞ്ഞതിലേക്ക്
backup
May 30 2021 | 05:05 AM
മഴ കനത്തുപെയ്യുകയാണ്. കാട്ടിലെ മൃഗങ്ങളെല്ലാം കൂടുകളില്‍ അഭയം തേടി. കുരങ്ങന്‍ മാത്രം മരക്കൊമ്പിലിരുന്ന് നനഞ്ഞുകുതിരുന്നു. സഹതാപം തോന്നിയതുകൊണ്ടാകാം ഉറുമ്പ് പറഞ്ഞു: ''നിന്നെ ഉള്‍കൊള്ളാന്‍ കഴിയുമായിരുന്നുവെങ്കില്‍ എന്റെ കൂട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. എന്തു ചെയ്യാന്‍...? നിര്‍വാഹമില്ലല്ലോ..''
ഇതു പറഞ്ഞ് ഉറുമ്പ് ചോദിച്ചു:
''എന്തേയ് കൂടൊരുക്കാതിരുന്നു.. മഴക്കാലമായാല്‍ പ്രയാസപ്പെടില്ലേ..''
ഉറുമ്പ് വന്നതും സംസാരിച്ചതുമൊന്നും കുരങ്ങിന് ഇഷ്ടപ്പെട്ടിട്ടില്ല. കൂടൊരുക്കാത്തതിനെ കുറിച്ചുള്ള ചോദ്യം ശരിക്കും കലിയിളക്കി. ധിക്കാര ഭാവേനെ കുരങ്ങ് ചോദിച്ചു:
''എന്നോട് അതു ചോദിക്കാന്‍ നീയാരാ..? എന്റെ കാര്യം നോക്കാന്‍ ഞാന്‍ തന്നെയില്ലേ..''
മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ സൗജന്യമായി ലഭിക്കുമ്പോള്‍ അതെനിക്കാവശ്യമില്ലെന്നു പറഞ്ഞ് പുച്ഛിച്ചുതള്ളണമെങ്കില്‍ മനസ് തീരെ ആര്‍ദ്രമല്ലാതാകണം. എന്നെ പഠിപ്പിക്കാന്‍ മാത്രം നീ വളര്‍ന്നിട്ടില്ലെന്ന പരുഷമായ പ്രതികരണം ഊഷരമായ മനസില്‍നിന്നേ ഉരുവംകൊള്ളൂ. എന്നോട് അതു പറയാന്‍ നീയാര് എന്ന ചോദ്യത്തിനു പിന്നില്‍ പറഞ്ഞ കാര്യത്തിനു കാമ്പില്ലാത്തതല്ല, 'ഞാനും' 'നീയും' തൂക്കമൊക്കാത്തതാണു പ്രശ്‌നം. തന്റെ കൈവശം മാത്രമുള്ള അളവുകോല്‍വച്ചുനോക്കുമ്പോള്‍ 'ഞാന്‍' മാനത്തോളം ഉയര്‍ന്നും 'നീ' പാതളത്തോളം താഴ്ന്നുമാണിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ 'മിന്നാമിനുങ്ങുകള്‍ക്ക്' 'പൂര്‍ണചന്ദ്രനെ' തിരുത്താനുള്ള അവകാശം വകവച്ചു കിട്ടില്ലല്ലോ. എന്നാല്‍ ഉയരത്തിലിരിക്കുമ്പോഴും താഴത്തുള്ള ചെളിവെള്ളത്തിനു മുഖം കാണിക്കുന്നതില്‍ കോട്ടമൊട്ടും വരാനില്ലെന്ന ബോധ്യത്തിനു തിരച്ചറിവ് എന്നു പറയും. ആ തിരിച്ചറിവ് ലഭിക്കാതെ പോകുമ്പോഴാണ് തെറ്റായ അളവുകോലില്‍ അന്ധമായ വിശ്വാസമര്‍പ്പിക്കേണ്ട ഗതികേടുണ്ടാകുന്നത്.
ഇമാം അബൂ ഹനീഫയുടെ ഒരു കഥ പറയാം:
ഒരിക്കല്‍ ഒരു യാത്രയ്ക്കിടെ ഇമാം വഴിക്കുവച്ച് ഒരു കുട്ടിയെ കാണാനിടയായി. മണ്ണില്‍ കളിക്കുകയായിരുന്നു അവന്‍. ഇമാം അവനോട് പറഞ്ഞു: ''വീഴാതെ സൂക്ഷിക്കണം.''
അപ്പോള്‍ കുട്ടി തിരുത്തി: ''ഞാനല്ല, അങ്ങാണ് വീഴാതെ സൂക്ഷിക്കേണ്ടത്. പണ്ഡിതന്റെ കാലിടറിയാല്‍ ലോകം തന്നെ വീഴും.''
നോക്കൂ, പ്രപഞ്ചത്തോളം വളര്‍ന്ന ഒരു മഹാപണ്ഡിതനോടാണ് കളിച്ചുനടക്കുന്ന കുട്ടിയുടെ ഈ പ്രതികരണം.. ഇമാമിന് അതുള്‍കൊള്ളാന്‍ ഒട്ടും വൈമനസ്യം ഉണ്ടായില്ല. കാരണം, തന്നിലെ 'മഹാനായ ഞാനി'ലേക്കോ കുട്ടിയിലെ 'അധമനായ നീ'യിലേക്കോ അല്ല, പറഞ്ഞ കാര്യത്തിലേക്കു മാത്രമായിരുന്നു അദ്ദേഹത്തിന്റെ നോട്ടം.
ഇബ്‌നുല്‍ മുവഫ്ഖ് തന്റെ ഫത്ഹുല്‍ ഖയ്യൂമില്‍ എഴുതി:
വസ്തഫിദ് വഇന്‍ യകുന്‍ ബഖ്ഖാലാ
വന്‍ളുര്‍ ഇലല്‍ മഖാലി ലാ മന്‍ ഖാലാ
വിദ്യപകര്‍ന്നു തരുന്നത് പലചരക്കുവ്യാപാരിയാണെങ്കില്‍ പോലും പ്രയോജനപ്പെടുത്തണം. പറഞ്ഞവനിലേക്കല്ല, പറഞ്ഞതിലേക്കാണു നോക്കേണ്ടത്.
സമാനപരാമര്‍ശം അലി ബിന്‍ അബീത്വാലിബും നടത്തിയിട്ടുണ്ട്. അതിങ്ങനെയാണ്:
''ലാ തന്‍ളുര്‍ ഇലാ മന്‍ ഖാല, വന്‍ളുര്‍ ഇലാ മാ ഖാല.''
പറഞ്ഞതു നോക്കുക പറഞ്ഞവനെ നോക്കേണ്ട എന്നര്‍ഥം.
ഖളിറിനെക്കാള്‍ മേലെ മൂസാ നബിതന്നെയായിരുന്നു. എന്നിട്ടും ഖളിറിന്റെ പിന്നാലെ നടക്കാന്‍ മൂസാ നബിക്കു യാതൊരു പ്രയാസവും തോന്നിയില്ല. 'ഞാന്‍' ഉണര്‍ന്നില്ലെന്നതുതന്നെ കാരണം. മുന്‍പ് അഹങ്കാരത്തിന്റെതല്ലാത്ത ഒരു 'ഞാന്‍' പരാമര്‍ശത്തില്‍ വന്നുപോയതിന്റെ 'ശിക്ഷ' കൂടിയായിരുന്നു ഖളിറിന്റെ പിന്നാലെയുള്ള നടത്തം എന്നു കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ വിഷയം എത്രമേല്‍ ഗൗരവമര്‍ഹിക്കുന്നുവെന്നു ചിന്തിക്കാം.
കണ്ണുകള്‍ ഞാനിലേക്കും നീയിലേക്കും പോകുമ്പോഴാണ് ഗുണകാംക്ഷാപൂര്‍വമുള്ള നിര്‍ദേശങ്ങളെ മാനിക്കാനും ഗൗനിക്കാനും കഴിയാതെ പോകുന്നത്. 'ഞാനി'നെ പൂജിക്കുന്നവര്‍ക്കും 'നീ'യിനെ അളക്കുന്നവര്‍ക്കും ജീവിതത്തില്‍ വളര്‍ച്ച കുറയും. പഴയതു തിരുത്താനോ പുതിയതു സ്വീകരിക്കാനോ കഴിയില്ലെന്നതാണു കാരണം.
പ്രായത്തില്‍ താഴ്ന്നവന്റെ തിരുത്തുകള്‍ സ്വീകരിക്കാന്‍ മനസ് അനുവദിക്കുന്നില്ലെങ്കില്‍ തന്റെ മുതിര്‍ന്ന പ്രായം തനിക്കു പക്വത പകര്‍ന്നു തന്നിട്ടില്ലെന്നു മനസിലാക്കിയാല്‍ മതി. താഴ്ന്ന തൊഴിലെടുക്കുന്നവന്റെ നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളാന്‍ ഉയര്‍ന്ന തൊഴിലെടുക്കുന്ന തനിക്കു പ്രയാസമാണെങ്കില്‍ തനിക്കല്ല, തന്റെ തൊഴിലിനു മാത്രമാണ് ഉയര്‍ച്ച എന്നു മനസിലാക്കുക. ഉയര്‍ന്ന തറവാട്ടുകാരനായതാണു താഴ്ന്ന തറവാട്ടുകാരന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ തടസമായി നില്‍ക്കുന്നതെങ്കില്‍ ആശാവഹമല്ലാത്ത തറവാടിത്തബോധം തനിക്കു താഴ്ചയാണു പ്രദാനം ചെയ്യുന്നതെന്നു മനസിലാക്കുക. തന്റെ അഗാധമായ ജ്ഞാനം അജ്ഞാനിയുടെ വാക്കുകള്‍ക്കു ചെവി കൊടുക്കാന്‍ തടസമാകുന്നുവെങ്കില്‍ ആ ജ്ഞാനബോധം തന്നെ അജ്ഞാനിയാക്കുന്നുവെന്നറിയണം. തന്റെ പ്രസിദ്ധി അപ്രസിദ്ധന്റെ വാക്കുകള്‍ മാനിക്കാന്‍ മറയാകുന്നുവെങ്കില്‍ ആ പ്രസിദ്ധി തന്റെ നേരായ വളര്‍ച്ചയ്ക്ക് ഒട്ടും പ്രസക്തമാകുന്നില്ലെന്നോര്‍ക്കുക. തിരുത്തലുകള്‍ക്ക് അതീതരല്ല മനുഷ്യരായിപ്പിറന്ന ആരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."