എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: ഷാറൂഖിന് വൈദ്യസഹായം നല്‍കേണ്ടി വരുമെന്ന് അന്വേഷണ സംഘം
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ കുറ്റാരോപിതനായ ഷാറൂഖ് സെയ്ഫിക്ക് ഇനിയും വൈദ്യ സഹായം നല്‍കേണ്ടി വരുമെന്ന് അന്വേഷണ സംഘം. ശാരീരിക അവശതകള്‍ ഷാറൂഖ് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണിത്. മെഡിക്കല്‍ സംഘത്തെ ക്യാംപിലേക്ക് അയക്കാമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും തെളിവെടുപ്പ് തീരുമാനിക്കുക. അതേസമയം, ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. പ്രതിക്ക് സംസ്ഥാനത്തിനകത്തുനിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ പത്ത് മണിക്കൂറിലധികം സമയമാണ് ഷാറൂഖ് സെയ്ഫിയെ ചോദ്യംചെയ്തത്. കുറ്റം സമ്മതിച്ച ഇയാള്‍ മറ്റാരുടെയും സഹായമുണ്ടായിട്ടില്ലെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പൊലിസ് പറയുന്നു. എന്നാല്‍, ഇത് അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. പ്രതിക്ക് കേരളത്തില്‍നിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
റെയില്‍വേ സ്റ്റേഷനുകളില്‍നിന്നും പെട്രോള്‍ പമ്പില്‍നിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളും പൊലിസ് പരിശോധിച്ചുവരികയാണ്. ഷൊര്‍ണൂരില്‍ ഒരു പകല്‍ മുഴുവന്‍ ചെലവിട്ടശേഷമാണ് ഇയാള്‍ ആലപ്പുഴകണ്ണൂര്‍ എക്‌സ്പ്രസില്‍ കയറിയത്. 14 മണിക്കൂര്‍ കാത്തിരുന്നത് എന്തിനെന്ന ചോദ്യത്തിനും ഷാറൂഖ് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ വലിയ ആസൂത്രണം ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടാകാമെന്നാണ് പൊലിസ് നിഗമനം.
രണ്ടാം തിയതി രാവിലെ ഷൊര്‍ണൂരിലെത്തിയ പ്രതി അന്ന് എവിടെയെല്ലാം പോയിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. ഡി.ഐ.ജി കാളിരാജ് മഹേശ്വറിന്റെ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘവും കോഴിക്കോട്ട് ക്യാംപ് ചെയ്യുന്നുണ്ട്. തീവ്രവാദബന്ധം തെളിയിക്കുന്ന വ്യക്തമായ തെളിവ് ലഭിച്ചാല്‍ മാത്രമാകും എന്‍.ഐ.എ കേസ് ഏറ്റെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."