നേപ്പാള്‍ വിമാനാപകടം: എല്ലാവരും മരിച്ചതായി സൈനിക വക്താവ്, 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു
കാഠ്മണ്ഡു: നേപ്പാള്‍ വിമാനാപകടത്തില്‍ മുഴുവന്‍ പേരും മരിച്ചതായി സൈനിക വക്താവ്. 14 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് താര എയര്‍ലൈന്‍സിന്റെ 9എന്‍എഇടി വിമാനം പൊഖാറയില്‍ നിന്ന് ജോംസോമിലേക്ക് പറന്നുയര്‍ന്ന ശേഷം കാണാതായത്. നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പറക്കുന്നതിനിടെ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ന് കണ്ടെത്തിയിരുന്നു. മസ്താങ് ജില്ലയിലെ സനോസ്വെയറിലാണ് വിമാനം തകര്‍ന്നത്.
വിമാനവുമായുള്ള ബന്ധം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നുവെന്ന് ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ നേത്ര പ്രസാദ് ശര്‍മ പറഞ്ഞു. പറന്നുയര്‍ന്ന് 15 മിനിറ്റിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
വിമാനം തകര്‍ന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനം കണ്ടെത്തി പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ അപകട കാരണം അറിയാന്‍ കഴിയൂ.
അശോക് കുമാര്‍ ത്രിപാഠി, ഭാര്യ വൈഭവി ബന്ദേക്കര്‍, മക്കളായ ധനുഷ്, റിതിക എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. മഹാരാഷ്ട്രയിലെ താനെ സ്വദേശികളാണിവര്‍. നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാളികളും 3 ജപ്പാന്‍കാരും 2 ജര്‍മന്‍കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
കാണാതായ വിമാനത്തിനായുള്ള തെരച്ചിലിനായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം മസ്താങ്ങില് നിന്നും പൊഖാറയില്‍ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിരുന്നു. മഞ്ഞുവീഴ്ച കാരണം തെരച്ചില്‍ ദുഷ്കരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."