കേരളം പിടിക്കാൻ ബി.ജെ.പിയുടെ തന്ത്രങ്ങൾ
എൻ. പി ചെക്കുട്ടി
കർണാടകവും കേരളവും അടങ്ങുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈയാഴ്ച മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന സന്ദർശനങ്ങൾ അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പിൽ ദക്ഷിണേന്ത്യ കൈയടക്കാനുള്ള ബി.ജെ.പി നീക്കങ്ങളുടെ കേളികൊട്ടാണ്. ന്യൂനപക്ഷ ഗോത്രവിഭാഗങ്ങൾക്കു പ്രാമുഖ്യമുള്ള വടക്കുകിഴക്കൻ ഇന്ത്യയിലെ നാഗാലാൻഡ്, മേഘാലയ, ത്രിപുര തെരഞ്ഞെടുപ്പുകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചശേഷം നരേന്ദ്രമോദി പാർട്ടി ആസ്ഥാനത്ത് അനുയായികളോട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് കേരളമടക്കം ദക്ഷിണേന്ത്യയിലും തങ്ങൾ വെന്നിക്കൊടി പാറിക്കും എന്നാണ്. ഇതുവരെ ബി.ജെ.പിക്ക് പുറംതിരിഞ്ഞുനിന്ന പ്രദേശങ്ങളെയും ജനസമൂഹങ്ങളെയും തങ്ങളിലേക്ക് അടുപ്പിക്കാനുള്ള നയങ്ങൾ രൂപീകരിക്കും എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
സ്വാതന്ത്ര്യാനന്തരമുള്ള പതിറ്റാണ്ടുകളിൽ കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യമായി ബി.ജെ.പി അധികാരം പിടിച്ചത് രാഷ്ട്രീയ കുതന്ത്രങ്ങളും കാലുമാറ്റവും പുറമെ ഗവർണർമാരുടെ രാഷ്ട്രീയ ഇടപെടലുകളും വഴിയായിരുന്നു. അരുണാചൽ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ വളരെ പരസ്യമായാണ് ഗവർണർമാരെ ഉപയോഗിച്ചുള്ള ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ നടത്തിയത്. പക്ഷേ ഈയിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾ സൂചിപ്പിച്ചത് ഇങ്ങനെയൊക്കെ തട്ടിക്കൂട്ടി ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ പിന്തുണ വലിയ ഉടവില്ലാതെ നിലനിർത്തുന്നതിലും ഒരുപരിധിവരെ പ്രദേശത്തെ ജനങ്ങളുടെ പിന്തുണ ഉറപ്പിച്ചെടുക്കുന്നതിലും ബി.ജെ.പിയും അതിന്റെ വിവിധ സർക്കാരുകളും വിജയിച്ചു എന്നുതന്നെയാണ്. അസം അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ നില കൂടുതൽ ഭദ്രമാണെന്ന് ഈയിടെ ആ പ്രദേശങ്ങൾ സന്ദർശിക്കാനിടയായ ഈ ലേഖകനു നേരിട്ട് ബോധ്യമായതുമാണ്.
വിജയകരമായ ഈ രാഷ്ട്രീയ തന്ത്രങ്ങൾ രൂപപ്പെടുത്തിയെടുക്കാൻ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ബി.ജെ.പിയെ സഹായിച്ച ഘടകങ്ങൾ എന്തൊക്കെയെന്ന് കണ്ടെത്തുന്നത് പ്രധാനമാണ്. കാരണം ഒരുപരിധിവരെ അത്തരം തന്ത്രങ്ങൾ തന്നെയാണ് ദക്ഷിണേന്ത്യയിലും അവർ പയറ്റാൻ പോകുന്നത്. അതിനൊരു കാരണം ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും ചരിത്രപരമായും വടക്കുകിഴക്കൻ മേഖലയെയും ദക്ഷിണേന്ത്യയെയും പരസ്പരം ബന്ധിപ്പിക്കുന്ന ഘടകങ്ങൾ നിരവധിയുണ്ട് എന്ന വസ്തുതയാണ്. അവിടെ വിജയിച്ച തന്ത്രങ്ങൾ ഇവിടെയും വിജയിച്ചു കൂടെന്നില്ലെന്ന സത്യവും കാണാതിരിക്കുന്നുകൂടാ.
ഒന്നാമത്തെ കാര്യം, ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ സവിശേഷതകളാണ്. വടക്കേ ഇന്ത്യൻ ഹിന്ദി-പശു ബെൽറ്റ് സമൂഹങ്ങളിലെ സമൂഹവും സംസ്‌കാരവും രീതികളും വളരെ അന്യമായി നിലകൊള്ളുന്ന പ്രദേശങ്ങളാണ് വടക്കുകിഴക്കും തെക്കും കാണാനാവുന്നത്. അവയുടെ പ്രാദേശിക സംസ്‌കാരവും ഭാഷയും ഭക്ഷ്യരീതിയും വളരെ ഭിന്നമാണ്. അതിനാൽ വടക്കേ ഇന്ത്യയിൽ പ്രയോഗിക്കുന്ന പശുരാഷ്ട്രീയം അതേമട്ടിൽ ഈ പ്രദേശങ്ങളിൽ ചെലവാകുകയില്ല. ഹിന്ദി അടിച്ചേൽപ്പിക്കുന്ന നയങ്ങളും ഇവിടെ കടുത്ത പ്രതിഷേധവും പ്രത്യാഘാതങ്ങളും ഉണ്ടാക്കും.
രണ്ടാമത്തെ കാര്യം ജനങ്ങളുടെ വിശ്വാസപരമായ സവിശേഷതകളാണ്. തെക്കേ ഇന്ത്യയിലെന്ന പോലെ, ബംഗാളിലും അസമിലും മുസ് ലിംകൾ വളരെ പ്രധാനമായ സാമൂഹിക വിഭാഗമാണ്. എന്നാൽ മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ ക്രൈസ്തവ സാന്നിധ്യമാണ് നിലനിൽക്കുന്നത്. അവിടെയുള്ള ക്രൈസ്തവസഭാ നേതൃത്വങ്ങളുമായി കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ശക്തമായ ബന്ധങ്ങളാണ് ബി.ജെ.പി നേതൃത്വം കെട്ടിപ്പടുത്തത്. മിസോറാമിൽ ഗവർണറായിരിക്കെ പി.എസ് ശ്രീധരൻ പിള്ളയുടെ പ്രധാന ചുമതലകളിൽ ഒന്ന് അവിടെയുള്ള വിവിധ സഭകളുമായി ബന്ധം ശക്തമാക്കുക എന്നതായിരുന്നു. അത് വിജയകരമായി അദ്ദേഹം നിർവഹിക്കുകയും ചെയ്തു. അതുകൊണ്ടാവാം കൂടുതൽ ക്രൈസ്തവ സാന്നിധ്യമുള്ള ഗോവയിലേക്കു പിന്നീട് അദ്ദേഹത്തെ നിയോഗിച്ചത്.
ഇതേ തന്ത്രങ്ങൾ തന്നെയാണ് ഇത്തവണ കേരളത്തിലും പയറ്റുന്നതിന് ബി.ജെ.പി നിശ്ചയിച്ചിരിക്കുന്നത്. സാമൂഹികമായി കേരളത്തിന് വടക്കുകിഴക്കൻ ഇന്ത്യയുമായുള്ള സാജാത്യം ശക്തമാണ്. അതിനാൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മക സ്വഭാവം ഒതുക്കിവച്ചു, സൗഹൃദത്തിന്റെ പുതു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനാണ് ശ്രമം. അതിനുവേണ്ടിയുള്ള നീക്കങ്ങൾ വിവിധതലങ്ങളിൽ നടക്കുന്നുമുണ്ട്.
അതിലൊന്ന്, ന്യൂനപക്ഷങ്ങളുമായി കൂടുതൽ അടുത്ത ബന്ധങ്ങൾ സ്ഥാപിക്കലാണ്. ക്രിസ്ത്യൻ, മുസ്‌ലിം സാമുദായിക വിഭാഗങ്ങളിലേക്കു കടന്നുകയറിച്ചെല്ലാനുള്ള നീക്കങ്ങൾക്കു കേന്ദ്രനേതൃത്വം പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. അതിന്റെ ഭാഗമായി ഇത്തവണ ഈസ്റ്ററിനും പെരുന്നാളിലും ആയിരക്കണക്കിനു ക്രിസ്ത്യൻ, മുസ്‌ലിം ഭവനങ്ങളിൽ ആശംസകളുമായി സന്ദർശനം നടത്താൻ ബി.ജെ.പിയും മറ്റു സംഘ്പരിവാർ ശക്തികളും പരിപാടികൾ തയാറാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങൾക്കിടയിൽ തങ്ങൾക്കെതിരേ നിലനിൽക്കുന്ന 'തെറ്റിദ്ധാരണകൾ' തിരുത്തുകയാണ് ലക്ഷ്യമെന്ന് ബി.ജെ.പി നേതാക്കൾ വിശദീകരിക്കുന്നുണ്ട്.
ഒരുപരിധിവരെ അതിൽ അവർ വിജയിക്കുന്നുണ്ട് എന്ന വസ്തുതയും കാണാതിരുന്നുകൂടാ. മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് പുതുനിര നേതാക്കളെയും പ്രവർത്തകരെയും സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങൾ അവർ നടത്തുന്നുണ്ട്. അവരിൽ പലർക്കും മെച്ചപ്പെട്ട പദവികൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഏറ്റവും അവസാനത്തെ ഉദാഹരണം എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനം തന്നെ. കോൺഗ്രസ് നേതാക്കൾ അതിൽ പ്രത്യേകിച്ച് ഉത്കണ്ഠാജനകമായി ഒന്നും കാണുന്നില്ല. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനേയല്ല; അതിനാൽ ആളു പോയാലും പിന്നാലെ ഒരു കുഞ്ഞും പോവില്ല എന്നൊക്കെയാണ് അവർ സ്വയം വിശ്വസിക്കാനും നാട്ടുകാരെ വിശ്വസിപ്പിക്കാനും ശ്രമിക്കുന്നത്.
എന്നാൽ എന്താണ് യാഥാർഥ്യം? മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെയും അസമിൽ ഹിമാന്ത ബിശ്വ ശർമയേയും അടുത്തകാലത്ത് ബി.ജെ.പിയിൽ എത്തിച്ചതുപോലെ നിർണായകമായ രാഷ്ട്രീയവിജയം തന്നെയാണ് അനിൽ ആന്റണിയുടെ കാര്യത്തിൽ ബി.ജെ.പി കേരളത്തിൽ നേടിയിരിക്കുന്നത്. അദ്ദേഹം കത്തോലിക്കാസഭയിലെ യുവജനങ്ങളുടെ ഒരു പ്രതിനിധിയാണ്; നമ്മുടെ സമൂഹത്തിലെ ഏറ്റവും വിദ്യാസമ്പന്നരായ ഒരു തലമുറയുടെ പ്രതിനിധി കൂടിയാണ് അമേരിക്കയിലെ വിശ്വോത്തരമായ സ്റ്റാൻഫഡ്, എം.ഐ.ടി തുടങ്ങിയ ഉന്നത കലാലയങ്ങളിൽ പഠിച്ചു പല അന്താരാഷ്ട്ര സ്ഥാപനങ്ങളിലും ജോലി ചെയ്ത് പിന്നീട് സാമൂഹിക സേവനത്തിന്റെ ഉൾവിളിയുടെ പേരിൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകനായി മാറിയ അനിൽ ആന്റണി. ആന്റണി നിർബന്ധിച്ചതു കൊണ്ടോ ഉന്നത പദവികൾ സ്വപ്നം കണ്ടോ മാത്രമാണ് അനിൽ കോൺഗ്രസിൽ ചേർന്നത് എന്ന് വിശ്വസിക്കാനാവില്ല. പുതുതലമുറയിൽ രാഷ്ട്രസേവനത്തിനും സമൂഹസേവനത്തിനുമുള്ള അഗാധമായ ഒരു ത്വരയുണ്ട്; അവർക്ക് പുതുരീതിയിൽ സാമൂഹിക പ്രവർത്തനവും ജനസമ്പർക്കവും സംഘടിപ്പിക്കാനുള്ള കഴിവുമുണ്ട്.
അതിന്റെ ഏറ്റവും വലിയ നേട്ടങ്ങൾ കൈവരിച്ചത് ഇന്ത്യയിൽ ആം ആദ്മി പാർട്ടിയാണ്. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ഉദയം കൊണ്ട കോൺഗ്രസ് അത്തരം പുതുവഴികൾ വെട്ടിത്തുറക്കുന്നതിലും യുവതലമുറയെ പ്രായോഗികമായി നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിലും പരാജയപ്പെട്ടു. നെഹ്‌റു കുടുംബത്തിൽ മാത്രമല്ലല്ലോ യുവജനങ്ങളുള്ളത്. ഇതുവരെ മാറ്റിനിർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളെ ഉൾക്കൊള്ളാനുള്ള നടപടികൾ സംബന്ധിച്ച് ഈയിടെ നടന്ന ഉദയ്പുർ സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങൾ പോലും നടപ്പാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെടുകയാണ്. പരാജയത്തിന്റെ വ്യക്തവും വേദനാജനകവുമായ സൂചനയാണ് അനിൽ ആന്റണിയുടെ രാഷ്ട്രീയമാറ്റത്തിൽ കാണാനാവുന്നത്.
ആന്റണിയും കോൺഗ്രസും അതിനോട് പ്രതികരിച്ച രീതിയും പ്രതീക്ഷയ്ക്കു വക നൽകുന്നില്ല. എമ്പതുകഴിഞ്ഞ ആന്റണി മകന്റെ യാത്രപറച്ചിൽ വ്യക്തിപരമായ തിരിച്ചടി എന്ന നിലയിലാണ് കാണുന്നത് എന്നാണ് വൈകാരികമായ അദ്ദേഹത്തിന്റെ പ്രതികരണം സൂചിപ്പിക്കുന്നത്. സ്വയംവിമർശനത്തിന്റെ ലാഞ്ചന പോലും കോൺഗ്രസ് പ്രതികരണങ്ങളിൽ കാണുന്നില്ല. വ്യക്തികൾ ഓരോരോ സന്ദർഭങ്ങളിൽ തങ്ങൾക്കു സ്വീകാര്യമായ പാതകൾ തെരഞ്ഞെടുക്കും. അതൊന്നും വ്യക്തിപരമായ താൽപര്യങ്ങളുടെയോ തെരഞ്ഞെടുപ്പിന്റെയോ മാത്രം പ്രശ്‌നമല്ല. സാമൂഹികവും ചരിത്രപരവുമായി ആഴത്തിൽ നടക്കുന്ന വ്യതിയാനങ്ങളുടെ ബഹിർസ്ഫുരണം കൂടിയാണ് വ്യക്തികളുടെ തലത്തിൽ കാണപ്പെടുന്ന ഈ മാറ്റങ്ങൾ. ഒരു ഉദാഹരണം നോക്കുക: നാലുപതിറ്റാണ്ടു മുമ്പ് ഇതേ എ.കെ ആന്റണി ഇന്ദിരാഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞു കോൺഗ്രസ് വിട്ടിരുന്നു. അന്നദ്ദേഹം അഭയം തേടി പോയത് ഇടതുപക്ഷത്തേക്കാണ്. ഇന്നും കേരളത്തിലെങ്കിലും ഇടതുപക്ഷം ശക്തമാണ്. എന്നാൽ ആന്റണിയുടെ മകൻ രാഷ്ട്രീയത്തിൽ അഭയം തേടി പോയത് മറുവശത്തേക്കാണ്. ബി.ജെ.പിയാണ് തന്റെ ഭാവിക്കു നല്ലത് എന്ന തെരഞ്ഞെടുപ്പാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
അതാണ് ഈ സംഭവത്തിൽ ഏറ്റവും നിർണായകമായ ദിശാസൂചകം എന്നാണെനിക്കു തോന്നുന്നത്. ഒരുകാലത്ത് കോൺഗ്രസ് പോലുള്ള മധ്യവർത്തി പാർട്ടികളിൽ പ്രതിസന്ധിയുണ്ടാകുമ്പോൾ റബലുകളെ ആകർഷിച്ചത് ഇടതുപക്ഷം ആയിരുന്നു. എന്നാൽ ഇന്ന് പെൻഡുലം പൂർണമായും മറുഭാഗത്തേക്കു ചാഞ്ഞിരിക്കുന്നു. മധ്യവർത്തി പാർട്ടികളിൽ നിന്ന് തീവ്ര വലതുപക്ഷ പാർട്ടികളിലേക്കാണ് ഇന്ന് ഒഴുക്കുകണുന്നത്. അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചനയാണ്. ഇടതുപക്ഷവും മധ്യവർത്തി കക്ഷികളും പുതുതലമുറയുടെ ശ്രദ്ധയും പിന്തുണയും നേടുംവിധം സ്വയം ഉടച്ചുവാർക്കാൻ സമയമായി എന്നാണത് നമ്മോടു പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."