തീവ്ര വലതുപക്ഷ നേതാവ് ബെന്നറ്റും പ്രതിപക്ഷ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നു; 12 വര്‍ഷത്തിനു ശേഷം നെതന്യാഹു പുറത്തേക്ക്
തെല്‍ അവീവ്: പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡിനൊപ്പം തീവ്ര വലതുപക്ഷ നേതാവ് നാഫ്തലി ബെന്നറ്റും ചേര്‍ന്നതോടെ ഇസ്‌റാഈലില്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന് പടിയിറങ്ങേണ്ടിവന്നു. നീണ്ട 12 വര്‍ഷക്കാലം പ്രധാനമന്ത്രിയായാണ് നെതന്യാഹു അധികാരമൊഴിയുന്നത്. രണ്ട് കാലാവധി പൂര്‍ത്തിയാക്കി നെതന്യാഹുവിന് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്‌റാഈലില്‍ നടന്നത്. എന്നാല്‍ ഫലം ഒന്നിലും മാറ്റം വരാത്തതിനാല്‍ പ്രതിപക്ഷത്തുള്ള കക്ഷികളെല്ലാം ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 11.59ന് മുന്‍പ് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ലാപിഡിന് പ്രസിഡന്റ് സമയം നല്‍കിയിരിക്കുന്നത്. എന്നാല്‍ ബെന്നറ്റിന്റെ സഹായം കൂടാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലാപിഡിനാവുമായിരുന്നില്ല. അഞ്ചാം തവണ തെരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടെന്ന ധാരണയുടെ പുറത്താണ് സര്‍ക്കാര്‍ രൂപീകരണ ശ്രമമെന്ന് ബെന്നറ്റും ലാപിഡും പറഞ്ഞു.
[caption id="attachment_950743" align="aligncenter" width="630"] യായിര്‍ ലാപിഡും ബെന്നറ്റും[/caption]അതേസമയം, സഖ്യനീക്കത്തെ നെതന്യാഹു വിമര്‍ശിച്ചു. ഇസ്‌റാഈലിന്റെ സുരക്ഷിതത്വത്തിന് വെല്ലുവിൡയാണ് നീക്കമെന്ന് നെതന്യാഹു പറഞ്ഞു.
ദുര്‍ബല സഖ്യം, അറബ് അംഗങ്ങളുടെ പിന്തുണ വേണം
വലിയ കോലാഹലങ്ങളിലേക്കായിരിക്കും ഇനി ഇസ്‌റാഈല്‍ പോവുക. അത്ര എളുപ്പമായിരിക്കും സഖ്യസര്‍ക്കാരിന്റെ മുന്നോട്ടുപോക്ക്. ഇസ്‌റാഈല്‍ അധിനിഷ്ട വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ സെറ്റില്‍മെന്റുകള്‍ തുറക്കണമെന്ന് ആവശ്യപ്പെടുന്ന ബെന്നറ്റിനെ ശക്തമായി എതിര്‍ക്കുന്ന ഫലസ്തീനിയന്‍- ഇസ്‌റാഈല്‍ അംഗങ്ങളുടെ കൂടി പിന്തുണ ആവശ്യമാണ്. പുറത്തുനിന്ന് പിന്തുണയ്ക്കുകയെങ്കിലും ഇത് എപ്പോഴും വീഴാമെന്ന നിലയിലായിരിക്കും.
സെറ്റില്‍മെന്റ് നീക്കം, ഫലസ്തീനികള്‍ക്ക് പ്രത്യേക രാഷ്ട്രം തുടങ്ങിയ കാര്യങ്ങളൊക്കെ തൊടാതെ കൊവിഡ് കാരണം പ്രതിസന്ധിയിലായ സാമ്പത്തിക വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിലായിരിക്കും സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
ഇസ്‌റാഈലില്‍ ആരുവന്നാലും ഫലസ്തീനികള്‍ക്ക് ഒരു മാറ്റവും വരാനില്ലെന്ന് വാര്‍ത്തകളോട് ഫലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചു. തീവ്രവതുപക്ഷ പിന്തുണയുള്ള സര്‍ക്കാര്‍ വരുന്നതോടെ, ഇതുവരെയുണ്ടായിരുന്ന നെതന്യാഹുവിന്റെ ഭരണകൂടത്തില്‍ നിന്ന് മാറ്റമൊന്നും ഉണ്ടാവില്ലെന്നും പി.എല്‍.ഒ നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."