HOME
DETAILS

ചരിത്രത്തിനെതിരേ പാഠാവലിയിലെ യുദ്ധം

  
backup
April 10 2023 | 20:04 PM

removing-mugal-history-from-textbook


പ്രൊഫ. റോണി കെ. ബേബി

സംഘ്പരിവാർ നിയന്ത്രിക്കുന്ന കേന്ദ്രഭരണത്തിനു കീഴിൽ രാജ്യത്തെ പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ മുന്നോട്ടുപോവുകയാണ്. തങ്ങൾക്ക് ഹിതകരമല്ലാത്ത പാഠഭാഗങ്ങൾ വെട്ടിനിരത്തിയും താൽപര്യമുള്ളവ ചരിത്രത്തെ വളച്ചൊടിച്ചു കൊണ്ടുപോലും ഉൾപ്പെടുത്തിയുമാണ് പാഠപുസ്തകങ്ങളുടെ ഈ കാവിവൽക്കരണം നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ആറുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ചരിത്രം, രാഷ്ട്രമീമാംസ, സമൂഹികശാസ്ത്രം, പൗര ശാസ്ത്രം, ഹിന്ദിഭാഷ എന്നിവയിൽനിന്ന്‌ സുപ്രധാന വിവരങ്ങളും അധ്യായങ്ങളും എൻ.സി.ഇ.ആർ.ടി വെട്ടിനിരപ്പാക്കിയ വാർത്ത പുറത്തുവരുന്നത്.


2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം വലിയ മാറ്റങ്ങളാണ് നടപ്പാക്കുന്നത്. പാഠപുസ്തകത്തിൽ വരുത്തിയ എല്ലാ തിരുത്തലുകളുടെയും മാറ്റങ്ങളുടെയും സമഗ്ര പട്ടിക എൻ.സി.ആർ.ടി കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു, എന്നാൽ, അധ്യയനവർഷം ആരംഭിച്ചതിനാൽ അന്നത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. ചരിത്രഭാഗങ്ങൾ നീക്കം ചെയ്ത് പുനഃ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ 2023-2024 അക്കാദമിക്ക് വർഷമായപ്പോഴാണ് പുറത്തിറങ്ങുന്നത്. പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളിൽനിന്ന് മുഗൾ ചരിത്രം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി ഒഴിവാക്കി.


പ്രധാനപ്പെട്ട തിരുത്തലുകൾ നടത്തിയത് 12–ാം ക്ലാസിൽ കഴിഞ്ഞ 15 വർഷമായി വിദ്യാർഥികൾ പഠിച്ചുപോന്ന എൻ.സി.ഇ.ആർ.ടിയുടെ രാഷ്ട്രതന്ത്രശാസ്ത്ര പുസ്തകത്തിലാണ്. ഒഴിവാക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഭാഗം ശ്രദ്ധിക്കുക. 'ഹിന്ദു-– മുസ്‌ലിം ഐക്യത്തിനു വേണ്ടിയുള്ള ഗാന്ധിജിയുടെ ദൃഢചിത്തവും നെഞ്ചുറപ്പുള്ളതുമായ തീവ്രോദ്യമം അത്രത്തോളമാകയാൽ അത് ഹിന്ദുത്വ തീവ്രവാദികളെ പ്രകോപിപ്പിക്കുകയും അവർ ഗാന്ധിജിയെ വധിക്കാൻ അനേകം ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഗാന്ധിജിയുടെ കൊലപാതകം രാജ്യത്തെ വർഗീയ സ്ഥിതിവിശേഷത്തിൽ മാന്ത്രികമായ പ്രഭാവമാണുണ്ടാക്കിയത്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ ഇന്ത്യൻ സർക്കാർ ശക്തമായി അടിച്ചമർത്താൻ തുടങ്ങി. ആർ.എസ്.എസ് പോലുള്ള സംഘടനകളെ അൽപ്പകാലം നിരോധിച്ചു". ഗാന്ധി വധവുമായി ബന്ധപ്പെട്ട് സംഘ്പരിവാറിനെതിരേ ഉയർന്ന ആരോപണങ്ങളെ ചരിത്രത്തിൽനിന്ന് തുടച്ചുമാറ്റുന്നതിനു വേണ്ടിയാണ് ഈ തമസ്കരണമെന്ന് ഇതിൽനിന്ന് വ്യക്തമാണ്.


അടിയന്തരാവസ്ഥയെക്കുറിച്ച് രേഖപ്പെടുത്തിയിരുന്ന ഭാഗങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന്, 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ അടിയന്തരാവസ്ഥയെക്കുറിച്ച് പരാമാർശിക്കുന്ന 'സ്വാതന്ത്ര്യം മുതൽ ഇന്ത്യയിലെ രാഷ്ട്രീയം' എന്ന അധ്യായത്തിലെ അഞ്ചു പേജുകൾ വെട്ടിമാറ്റി. 'ജനാധിപത്യക്രമത്തിന്റെ പ്രതിസന്ധി' എന്ന തലക്കെട്ടിലുള്ള അധ്യായത്തിലെ നീക്കം ചെയ്ത ഉള്ളടക്കത്തിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഒഴിവാക്കിയിട്ടുണ്ട്.


ആറാം ക്ലാസ് മുതൽ 12 വരെയുള്ളവരുടെ പാഠപുസ്തകങ്ങളിൽനിന്ന് സമകാലിക ഇന്ത്യയിലെ സാമൂഹിക പ്രസ്ഥാനങ്ങളായി മാറിയ പ്രതിഷേധങ്ങളെ വിശദീകരിക്കുന്ന മൂന്ന് അധ്യായങ്ങൾ ഒഴിവാക്കി. ഉദാഹരണത്തിന്, 12-ാം ക്ലാസിലെ പൊളിറ്റിക്സ് ഇൻ ഇന്ത്യ സിൻസ് ഇൻഡിപെൻഡൻസ് എന്ന പുസ്തകത്തിൽനിന്ന് 'റൈസ് ഓഫ് പോപ്പുലർ മൂവ്മെന്റ്സ്' എന്ന അധ്യായം ഒഴിവാക്കി. ആറാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലെ(അവർ പാസ്റ്റ്സ് –I) വർണവ്യവസ്ഥയെ (ജാതിവ്യവസ്ഥ) കുറിച്ചുള്ള ഭാഗം പകുതിയാക്കി വെട്ടിക്കുറച്ചു. ജാതിവ്യവസ്ഥയുടെ പാരമ്പര്യസ്വഭാവം, ആളുകളെ തൊട്ടുകൂടാത്തവരായി തരംതിരിക്കൽ, ജാതി സമ്പ്രദായത്തെ നിരാകരിക്കൽ എന്നിവയെക്കുറിച്ചുള്ള വാക്യങ്ങൾ 'കിങ്ഡം, കിങ്സ്, ആൻ എർളി റിപ്പബ്ലിക്' എന്ന അധ്യായത്തിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.


12-ാം ക്ലാസ് വിദ്യാർഥികളെ പഠിപ്പിക്കുന്ന 'സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ രാഷ്ട്രീയം' എന്ന പാഠപുസ്തകത്തിൽ നിന്ന് 'ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം', 'ഏകകക്ഷി ആധിപത്യത്തിന്റെ കാലഘട്ടം' എന്നിവയും നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഭാരതീയ ജനസംഘം, സ്വതന്ത്ര പാർട്ടി എന്നിവയുടെ ആധിപത്യത്തിന്റെ സ്വഭാവം പഠിപ്പിക്കുന്ന പാഠഭാഗങ്ങളും ഒഴിവാക്കി. പത്താം ക്ലാസ് പാഠപുസ്തകമായ 'ജനാധിപത്യ രാഷ്ട്രീയം-രണ്ടാം' പാഠപുസ്തകത്തിൽ നിന്ന് 'ജനാധിപത്യവും വൈവിധ്യവും', 'ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും', 'ജനാധിപത്യത്തോടുള്ള വെല്ലുവിളികൾ' എന്നീ പാഠങ്ങളും നീക്കം ചെയ്തിട്ടുണ്ട്.


ഗുജറാത്ത് കലാപം


2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും എൻ.സി.ഇ.ആർ.ടി സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, പൊളിറ്റിക്സ് ഇൻ ഇന്ത്യ സിൻസ് ഇൻഡിപെൻഡൻസ് എന്ന നിലവിലെ 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ അവസാന അധ്യായത്തിലെ കലാപത്തെക്കുറിച്ചുള്ള രണ്ടു പേജുകൾ വെട്ടിമാറ്റി. ഇതിലെ ആദ്യ പേജിൽ സംഭവങ്ങളുടെ കാലഗണനയെക്കുറിച്ചുള്ള ഒരു ഖണ്ഡികയുണ്ട്. കർസേവകർ ഉണ്ടായിരുന്ന ട്രെയിനിൽ തീവെച്ചത്, തുടർന്ന് മുസ്‌ലിംകൾക്കെതിരായ അക്രമം, അക്രമം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് ഗുജറാത്ത് സർക്കാരിനെതിരായ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ വിമർശനം എന്നിവയാണ് ഉൾപ്പെട്ടിരുന്നത്. 'മതവികാരം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമൂലം സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് ഗുജറാത്ത്, നമുക്ക് മുന്നറിയിപ്പ് നൽകുന്നു. ഇത് ജനാധിപത്യ രാഷ്ട്രീയത്തിന് ഭീഷണിയാണ്'-എന്ന ഭാഗമുള്ള ഖണ്ഡികയും നീക്കം ചെയ്തതിൽ ഉൾപ്പെടുന്നു.

രണ്ടാമത്തെ പേജിൽ (ഇപ്പോൾ നീക്കിയത്) മൂന്ന് പത്ര റിപ്പോർട്ടുകളുടെ കൊളാഷും കൂടാതെ ഗുജറാത്ത് സർക്കാർ കലാപം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള 2001-2002 ലെ വാർഷിക റിപ്പോർട്ടിൽ നിന്നുള്ള എൻ.എച്ച്.ആർ.സിയുടെ നിരീക്ഷണത്തിന്റെ ഉദ്ധരണിയും ഉൾക്കൊള്ളുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പ്രസിദ്ധമായ ‘രാജ് ധർമ്മ’ പരാമർശവും നീക്കം ചെയ്തു. ‘രാജ് ധർമം’ പിന്തുടരണമെന്നാണ് മുഖ്യമന്ത്രിക്കുള്ള എന്റെ സന്ദേശം. ഒരു ഭരണാധികാരി തന്റെ പ്രജകൾക്കിടയിൽ ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിവേചനവും കാണിക്കരുത്'- 2002 മാർച്ചിൽ അഹമ്മദാബാദിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ അരികിലിരുത്തി വാജ്‌പേയി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.


ആവർത്തിക്കുന്ന ഒഴിവാക്കലുകൾ


പാഠപുസ്തകങ്ങളിൽനിന്ന് ഇത്തരം അധ്യായങ്ങൾ നീക്കം ചെയ്യുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം ഏപ്രിലിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ ചേരിചേരാ പ്രസ്ഥാനം, ശീതയുദ്ധ കാലഘട്ടം, ആഫ്രോ-ഏഷ്യൻ പ്രദേശങ്ങളിലെ ഇസ് ലാമിക സാമ്രാജ്യങ്ങളുടെ ഉദയം, മുഗൾ കോടതികളുടെ ചരിത്രരേഖകൾ, വ്യവസായ വിപ്ലവം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ ഉപേക്ഷിച്ചിരുന്നു. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷമുള്ള മൂന്നാമത്തെ പാഠപുസ്തക അവലോകനമാണിത്. ആദ്യത്തേത് 2017ൽ നടന്നു. അതിൽ എൻ.സി.ഇ.ആർ.ടി 182 പാഠപുസ്തകങ്ങളിൽ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ഡാറ്റ അപ്ഡേറ്റുകളും ഉൾപ്പെടെ 1,334 മാറ്റങ്ങൾ വരുത്തി. രണ്ടാമത്തെ അവലോകനം 2019ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കറുടെ നിർദേശപ്രകാരം വിദ്യാർഥികളുടെ ഭാരം കുറയ്ക്കാനെന്ന പേരിലായിരുന്നു ആരംഭിച്ചത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന്റെ വ്യവസ്ഥകൾ അനുസരിച്ച് പാഠപുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടിയാണ് ഈ പരിഷ്കാരങ്ങൾ എന്നാണ് എൻ.സി.ഇ.ആർ.ടി പറയുന്നത്.
എൻ.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ചരിത്ര തമസ്കരണത്തിനെതിരേ വലിയ വിമർശനമാണ് രാജ്യത്തിനകത്തും പുറത്തും ഉയരുന്നത്. സൈമൺ ഷാമ എന്ന ബ്രിട്ടിഷ് ചരിത്രകാരൻ പ്രതികരിച്ചത് 'ഇത് ചരിത്രത്തിനെതിരായ മറ്റൊരു അപകീർത്തികരമായ യുദ്ധമാണ് ' എന്നാണ്. 'ഹിന്ദു ദേശീയവാദ ഭരണത്തിൻ കീഴിൽ ഇന്ത്യൻ സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്ന അറിവിനെക്കുറിച്ചുള്ള അജ്ഞതയുടെ ആലിംഗനത്തിന്റെ മറ്റൊരു അധ്യായം' ഈ നീക്കം അടയാളപ്പെടുത്തുന്നുവെന്നാണ് ഗ്രന്ഥകാരനും പ്രശസ്ത ചരിത്രകാരനുമായ ഓഡ്രി ട്രൂഷ്‌കെ പറഞ്ഞത്.


ചരിത്രത്തെ വക്രീകരിച്ചും തമസ്ക്കരിച്ചും പുതിയ ചരിത്രം അടിച്ചേൽപ്പിക്കുന്നതിനാണ് രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് വളരെ അപകടകരമായ നീക്കമാണ്. പുതിയ ചരിത്രനിർമിതികൾ ഏകപക്ഷീയമാവുമ്പോൾ അതിലൂടെ വാർത്തെടുക്കപ്പെടുന്ന ഭാവിതലമുറകൾ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര വക്താക്കളായി മാറുമെന്ന സ്ഥിതിവിശേഷമാണ് മുൻപിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago