ന്യൂനപക്ഷാവകാശങ്ങള്‍ സാമുദായിക അസമത്വം തിരുത്തണം
പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനാണ് 2008 ഓഗസ്റ്റ് 16ന് കേരള സംസ്ഥാന ന്യൂനപക്ഷ സെല്‍ രൂപീകരിക്കുന്നത്. യഥാര്‍ഥത്തില്‍ മുസ്‌ലിം ക്ഷേമ വകുപ്പ് എന്നുതന്നെ പേര് നല്‍കണമായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളും പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷനും ഉള്ള സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായുള്ള പദ്ധതി നടപ്പാക്കേണ്ട സമിതിക്ക് ആ സമുദായത്തിന്റെ പേര് നല്‍കാതിരുന്നതില്‍ത്തന്നെ ദുരൂഹതയുണ്ട്. 2011 ജനുവരി ഒന്നിന് വകുപ്പിന്റെ പേരു മാറ്റിയപ്പോഴും മുസ്‌ലിം ചേര്‍ത്തില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പായി അത് മാറി. കാരണം മറ്റൊന്നുമല്ല പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അവസാന ഭാഗത്ത് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ No:1 Constitute a minority welfare department in the state Coþ ordinate the similar matters, now dealt in various Department, to this department District level administrative centres of this should also be started എന്നാണ്.
No: 2 വില്‍ പറയുന്നതും ഇതേ പേരില്‍ത്തന്നെ; Constitute Minority Welfare Cell in the state Secretariate prior to the formation of the Department as part of immediate steps to be taken to redress the Muslim backwardness. ഈ സംവിധാനത്തിനു കീഴില്‍ സ്ഥാപിച്ച 'കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് ' പിന്നീട് പേരുമാറ്റി കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറ്റി യൂത്ത് എന്നാക്കി. ഒരു സമുദായത്തിന്റെ മാത്രം ക്ഷേമ പദ്ധതി ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മൊത്തമുള്ളതാണെന്ന കാഴ്ചപ്പാട് പരത്തി ഒച്ചപ്പാടിന് അവസരമുണ്ടാക്കി.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് 31-1-2011 ലെ ഉത്തരവു പ്രകാരം ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ മുസ്‌ലിമേതര ന്യൂനപക്ഷത്തിനു കൂടി അവസരം നല്‍കുന്നതിനായി പരിശീലന കോഴ്‌സുകളില്‍ 20 ശതമാനം വരെ സീറ്റുകള്‍ അവര്‍ക്കനുവദിച്ചത്. മുസ്‌ലിം ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടാത്ത വിധം എന്ന് ഈ ഉത്തരവിലുണ്ടായിരുന്നു. 100ല്‍ നിന്ന് 20 കൊടുത്തപ്പോള്‍ സ്വാഭാവികമായും മുസ്‌ലിം അവസരം നഷ്ടപ്പെട്ടു. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം കൊടുത്തപ്പോഴും പിന്നോക്കക്കാരുടെ അവസരം നഷ്ടപ്പെടില്ലെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ഇതേ സര്‍ക്കാര്‍ തന്നെ 22-2-2011ലെ ഉത്തരവു പ്രകാരം മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയുടെ 20 ശതമാനം ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് കൂടി അനുവദിച്ചു. തുടര്‍ന്നുവന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2015 മെയ് 8 ന് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ 80:20 അനുപാതം തന്നെ നിലനിര്‍ത്തി ഉത്തരവായി.
ക്രൈസ്തവ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭിക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ കേരള സര്‍ക്കാരിനു കീഴിലുണ്ട്. അതില്‍ നിന്ന് ഒരു ശതമാനം പോലും മറ്റു സമുദായത്തിനു ലഭ്യമല്ല. ഒരു സമുദായത്തിന്റെ മാത്രം അവകാശത്തില്‍ നിന്ന് 20 ശതമാനം കവര്‍ന്നെടുത്തതിനു ശേഷം മൊത്തം ക്ഷേമ പദ്ധതികളുടെയും 80 ശതമാനം മുസ്‌ലിംകള്‍ കൈയടക്കുന്നു എന്ന പ്രചാരണം നടത്തി. തെരഞ്ഞെടുപ്പില്‍ പോലും ഇത് വര്‍ഗീയ ധ്രുവീകരണത്തിന് വഴിമരുന്നിട്ടു. രണ്ടു സമുദായങ്ങളെ അകറ്റാന്‍ സംഘ്പരിവാര്‍ ഇക്കാര്യം ആയുധമാക്കി. മദ്‌റസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്നും മുഅല്ലിം ക്ഷേമത്തിനായി തുക നല്‍കുന്നുവെന്നും ചിലര്‍ പ്രചരിപ്പിച്ചു. ഖജനാവില്‍ നിന്ന് ഒരു പൈസ പോലും മദ്‌റസ അധ്യാപകര്‍ക്ക് ലഭിക്കുന്നില്ല. തെരഞ്ഞെടുപ്പ് വരെ ഇതിന്റെയെല്ലാം സത്യാവസ്ഥ വിശദീകരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറായില്ല. ഇപ്പോള്‍ കോടതിയിലെത്തി, ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതികമായി വീതിക്കണമെന്ന ഡിവിഷന്‍ ബെഞ്ച് വിധിയും സമ്പാദിച്ചു. 2015ലെ 3427 ( 8-5-2015) ഉത്തരവ് ചോദ്യം ചെയ്ത് ജസ്റ്റിന്‍ പള്ളിവാതുക്കല്‍ സമര്‍പ്പിച്ച പരാതി സ്വീകരിച്ച് കേരള ഹൈക്കോടതി 28- 5- 2021 ലെ വിധിയില്‍ 80:20 അനുപാതം റദ്ദാക്കി. ഈ വിധിയെ സ്വാഗതം ചെയ്യുന്നവര്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണ്.
1. പൊതുഖജനാവിലെ പ്ലാന്‍ ഫണ്ടും നോണ്‍ പ്ലാന്‍ ഫണ്ടുകളും സാമുദായിക ശതമാനാടിസ്ഥാനത്തില്‍ വീതംവയ്ക്കാന്‍ സന്മനസു കാണിക്കലല്ലേ ന്യായം?
2. കേരളത്തില്‍ ആകെയുള്ളത് 12971 സ്‌കൂളുകള്‍. 4695 സര്‍ക്കാര്‍ സ്‌കൂളുകളും 7216 എയ്ഡഡ് സ്‌കൂളുകളും 1060 അണ്‍ എയ്ഡഡ് സ്‌കൂളുകളും. ഇതിനുപുറമെ 1266 സി.ബി.എസ്.ഇ, 162 ഐ.സി.എസ്.ഇ,36 കേന്ദ്രീയ വിദ്യാലയം, 14 ജവഹര്‍ നവോദയ വിദ്യാലയം എന്നിവയുമുണ്ട്. എയ്ഡഡ് സ്ഥാപനങ്ങള്‍ പകുതിയോളം ക്രിസ്ത്യന്‍ സമുദായത്തിന്റേതാണ്. മലപ്പുറം നഗരകേന്ദ്രത്തില്‍ പോലും പ്രധാന എയ്ഡഡ് എച്ച്.എസ്.എസ് ക്രൈസ്തവ സമുദായത്തിന്റേതു തന്നെ.സംസ്ഥാനത്ത് ആകെ അധ്യാപകര്‍ 162627 ഇതില്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ 50589. എയ്ഡഡ് സ്‌കൂള്‍ ഏറ്റവും കൂടുതല്‍ നടത്തുന്ന സമുദായമാണ് ശമ്പളത്തിന്റെ സിംഹഭാഗം കൈപ്പറ്റുന്നത്. ഇത് സാമുദായിക അസന്തുലിതത്വം വര്‍ധിപ്പിക്കുന്നില്ലേ?3. 2011 ലെ സെന്‍സസ് പ്രകാരം 18.38 ശതമാനം വരുന്ന ക്രൈസ്തവര്‍ക്ക് 95 എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍. 26.56 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് 38 കോളജുകള്‍ (ഇതില്‍ത്തന്നെ 11 എണ്ണം അറബിക് കോളജ്). ഈ അനുപാതം തിരുത്തേണ്ടതല്ലേ?
4. തൊഴിലില്ലാത്തവര്‍ മുസ്‌ലിംകളില്‍ 55.2 ശതമാനവും ക്രിസ്ത്യന്‍ വിഭാഗത്തില്‍ 31.9 ശതമാനവുമാണ്. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം 7383 തസ്തികകള്‍ മുസ്‌ലിംകള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നത് വ്യക്തമായിട്ടും സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിന് തയാറാവാത്തത് നീതി നിഷേധമല്ലേ?
5. കേരള മുസ്‌ലിംകള്‍ക്ക് ഒ.ബി.സി ആനുകൂല്യം മാത്രം (അതില്‍ത്തന്നെ ക്രീമിലെയര്‍ പുറത്തും 10 ശതമാനം മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്കും). ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷ ആനുകൂല്യം, മുന്നോക്ക സമുദായ ആനുകൂല്യം, പട്ടികവര്‍ഗ ആനുകൂല്യം എന്നീ വിവിധവിഭാഗ സഹായം ലഭിക്കുന്നു. ഒരു സമുദായത്തിന് ഒരേസമയം മുന്നോക്ക, പിന്നോക്ക, പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍! എന്നിട്ടും മുസ്‌ലിംകള്‍ക്ക് മാത്രമായുള്ളതില്‍ നിന്ന് കവരുന്നത് നീതീകരിക്കാനാവുമോ?
6. കേരളത്തിലെ ഭൂരഹിതര്‍ മുസ്‌ലിം 37.8 ശതമാനവും ക്രൈസ്തവര്‍ 3 ശതമാനം മാത്രവും. വനഭൂമി കൃഷിയോഗ്യമാക്കി പട്ടയം നേടിയ കണക്കും ബ്രിട്ടിഷ് കാലത്ത് പതിച്ചുകിട്ടിയ ഭൂമി കണക്കും പരിശോധിച്ചാല്‍ ആരുടെ കൈവശമാണ് ഭൂസ്വത്ത് കൂടുതല്‍?
7. പ്രവാസികളുടെ കണക്കെടുത്താല്‍ കേരളത്തില്‍ കൂടുതല്‍ സമ്പാദ്യമുള്ളവര്‍ യൂറോപ്പില്‍ നിന്ന് വരുമാനം നേടുന്ന വിഭാഗമാണെന്നത് വസ്തുതയല്ലേ(അതുകൊണ്ടാണല്ലോ ആര്‍.ബി.ഐ കണക്കില്‍ ഏറ്റവും കൂടുതല്‍ ബാങ്കും ബാങ്ക് ശാഖകളും ഉള്ള താലൂക്ക് തിരുവല്ലയാണെന്ന റിപ്പോര്‍ട്ട് വന്നത്)?
8. മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ വഴി എം.ഫില്‍, പിഎച്ച്.ഡി എന്നിവയ്ക്ക് 25000 രൂപ സഹായം നല്‍കുന്നു. 'മുസ്‌ലിം പിന്നോക്ക വിഭാഗത്തിന് ഇത് ലഭ്യമേ അല്ല. പ്രഫഷണല്‍ കോഴ്‌സിന് പിന്നോക്കക്കാര്‍ക്ക് 7000 ലഭിക്കുമ്പോള്‍ ക്രൈസ്തവരടക്കം മുന്നോക്കക്കാര്‍ക്ക് 50000 വരെ ലഭിക്കുന്നു. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന് മാത്രം കാബിനറ്റ് പദവി. ഇവയെല്ലാം തിരുത്തപ്പെടേണ്ടതല്ലേ?
9 കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ കണ്‍വെര്‍ട്ടഡ് ഫ്രം എസ്.സി ആന്‍ഡ് റക്കമന്റഡ് കമ്യൂണിറ്റീസ് എന്ന സര്‍ക്കാര്‍ സംവിധാനം മറ്റു മതങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് മാത്രം സഹായം നല്‍കാനുള്ളതാണ്. ഇവര്‍ക്ക് കൃഷിഭൂമി വായ്പ, ഭവനനിര്‍മാണ വായ്പ, വിവാഹ വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ തുടങ്ങി നിരവധി ആനുകൂല്യങ്ങളുണ്ട്.
12-5- 2017 ന് നിയമസഭയില്‍ 3457 നമ്പര്‍ ചോദ്യത്തിന് മന്ത്രി ബാലന്‍ നല്‍കിയ മറുപടിയില്‍ ഇവര്‍ക്ക് നല്‍കുന്ന വായ്പകളും മറ്റും വിശദമാക്കിയിട്ടുണ്ട്. 2010 ല്‍ ഇവരുടെ 159 കോടി ലോണ്‍ എഴുതിത്തള്ളിയതായും സൈറ്റില്‍ കാണിച്ചിട്ടുണ്ട്. പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ജോലി നല്‍കാന്‍ പി.എസ്.സി അമിത താല്‍പര്യം കാണിക്കുന്നുവെന്ന് പരാതിപ്പെട്ടതും അഞ്ചു കോടി ഈ കോര്‍പറേഷന് അനുവദിച്ചത് പട്ടികജാതി, പട്ടികവര്‍ഗക്കാരെ മതം മാറ്റാന്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചതും ജനം ടി.വിയും ജനം വെബ് ഡസ്‌കുമാണ് (2019- ഏപ്രില്‍ 26). ഈ കോര്‍പറേഷന്റെ ആസ്ഥാനം കോട്ടയത്താണ്. പരിവര്‍ത്തിത മുസ്‌ലിംകള്‍ക്ക് ഒരു കോര്‍പറേഷനുണ്ടാക്കി അതിന്റെ ആസ്ഥാനം മലപ്പുറവും കൂടിയാക്കി സങ്കല്‍പ്പിച്ചു നോക്കൂ, എന്തായിരിക്കും കോലാഹലം.
ആനുകൂല്യം നല്‍കി മതം മാറ്റല്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. എന്നാല്‍, പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ കോര്‍പറേഷന്‍ കോട്ടയം ആസ്ഥാനമാക്കി സര്‍ക്കാര്‍ ചെലവില്‍ 1980 മുതല്‍ പ്രവര്‍ത്തിക്കുന്നു. മുസ്‌ലിംകള്‍ക്ക് ഒരു പരാതിയുമില്ല.അതാത് സമുദായങ്ങളുടെ നേട്ടങ്ങളും അവകാശങ്ങളും അവര്‍ അനുഭവിക്കട്ടെ. മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് പോലും 20 ശതമാനം മാത്രം ക്രൈസ്തവര്‍ക്കും 80 ശതമാനം മുസ്‌ലിംകള്‍ക്കുമാണെന്ന് വൈകാരികമായി പ്രചരിപ്പിക്കുന്നവര്‍, പാലോളി കമ്മിറ്റി മുസ്‌ലിം ന്യൂനപക്ഷത്തിനു മാത്രമായി കൊണ്ടുവന്ന വകുപ്പിനു കീഴിലുള്ള സ്‌കോളര്‍ഷിപ്പാണിതെന്നറിയാത്തവരല്ല. മദര്‍ തെരേസയുടെ പേരിട്ടതുകൊണ്ട് മാത്രം അത് അവരുടെ സമുദായത്തിനു വേണ്ടിയുള്ളതാകില്ല. സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പും എ.പി.ജെ അബുല്‍ കലാം സ്‌കോളര്‍ഷിപ്പും മറ്റു സമുദായങ്ങള്‍ക്ക് ലഭ്യമാണല്ലോ.
കേരള ചരിത്രത്തില്‍ 1956 മുതല്‍ ഇതേവരെ ഒരു മുഖ്യമന്ത്രിയും ഒരു ചീഫ് സെക്രട്ടറിയും ഒരു ഡി.ജി.പിയും മാത്രമാണ് മുസ്‌ലിം സമുദായത്തില്‍ നിന്നുണ്ടായത്. അവര്‍ മൂവരും ഒരു വര്‍ഷം തികച്ച് അധികാരത്തിലിരുന്നിട്ടില്ല. അഥവാ ഇരുത്തിയിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അസന്തുലിതത്വമുണ്ടെന്നത് എല്ലാവര്‍ക്കുമറിയാം. ഇതില്‍ തിരുത്താന്‍ കഴിയുന്നത് പലതുമുണ്ട്. അധികം നേടിയവരുടേത് തിരിച്ചെടുക്കലല്ല. ഒപ്പമെത്താത്തവരെ കൈപിടിച്ച് ഉയര്‍ത്തലാണ് പരിഹാരം. പിന്നോക്ക സമുദായങ്ങളുടെ ബാക്ക് ലോഗ് നികത്തല്‍, നിയമനങ്ങളില്‍ (താല്‍ക്കാലിക നിയമനങ്ങളിലും) സംവരണതത്വം കണിശമായി പാലിക്കല്‍ എന്നിവ ന്യായമായ ആവശ്യങ്ങളാണ്. സോഷ്യോ, എക്കണോമിക് സ്റ്റാറ്റസ് പരിശോധിച്ച് പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി മേല്‍പദ്ധതികള്‍ നടപ്പാക്കാന്‍ ഒരു സമുദായവും തടസവാദമുന്നയിക്കാതെ സര്‍ക്കാര്‍ നടപടിക്ക് വഴിയൊരുക്കട്ടെ. എങ്കില്‍ കോടതി വിധി സാധൂകരിക്കപ്പെടും.
കേരളം മതസൗഹൃദത്തിന്റെ റോള്‍ മോഡലാണ്. അത് തകര്‍ത്താല്‍ മാത്രമേ ഫാസിസം വേരുറക്കൂ. അതിനിടംനല്‍കാതെ സമുദായങ്ങള്‍ ഒന്നിച്ചുനില്‍ക്കണം. സൗഹൃദം തകര്‍ന്നാല്‍ പണവും ജോലിയും സൗകര്യങ്ങളും അപ്രസക്തമാണ്. മുസ്‌ലിം സമുദായത്തിന് അന്യന്റെ ഒരവകാശവും ആവശ്യമില്ല. സ്വന്തം അവകാശം കവര്‍ന്നെടുത്ത് കൂടുതല്‍ നേടിയവര്‍ എന്ന് മുദ്ര കുത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കരുത്. മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം മുതല്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെയും സെക്രട്ടേറിയറ്റിലെ ഉയര്‍ന്ന പദവികളിലെയും മുസ്‌ലിം, ദലിത് പ്രാതിനിധ്യം ദയനീയമാണ്. ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാന്‍ ജെ.ബി കോശി, ക്രിസ്റ്റി ഫര്‍ണാണ്ടസ്, ജേക്കബ് പുന്നൂസ് എന്നിവരെ നിയോഗിച്ചു.
ഒരു സമുദായത്തിന്റെ പ്രശ്‌ന പഠനത്തിന് അതേ സമുദായത്തിലെ മൂന്ന് പേര്‍. സച്ചാര്‍ സമിതിയില്‍ ടി.കെ ഉമ്മനും രാകേശ് ബസന്തും പാലോളി കമ്മിറ്റിയില്‍ ടി.കെ വില്‍സനുമുണ്ട്. ഇതിലൊന്നും മുസ്‌ലിം സമുദായം ഇടപെട്ടില്ല. സ്വന്തത്തില്‍ നിന്ന് 20 ശതമാനം നല്‍കുമ്പോള്‍ പ്രതികരിച്ചില്ല. ഈ സഹിഷ്ണുതക്ക് കിട്ടിയ പ്രതിഫലമാണ് ആറ് സ്‌കോളര്‍ഷിപ്പുകളുടെ ഭാവിയടക്കം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലാക്കിയ കോടതി വിധി. കോടതിയെ വസ്തുത ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ നിര്‍വഹിക്കുക തന്നെ വേണം. വകുപ്പ് നല്‍കിത്തിരിച്ചെടുത്ത പോലെയുള്ള അവസ്ഥ ആവര്‍ത്തിക്കാതിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."