ഹജ്ജ് നിരക്ക് വീണ്ടും കൂട്ടി കേന്ദ്രം; തിരഞ്ഞെടുക്കപ്പെട്ടവര്‍ 5,300 രൂപ കൂടി അധികം അടക്കാന്‍ നിര്‍ദേശം
മലപ്പുറം: രാജ്യത്ത് നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് നിരക്ക് വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. അവസാന നിമിഷമാണ് 5,300 രൂപ കൂടി അടക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ അടച്ച 3,84,200 രൂപയ്ക്കു പുറമെയാണ് ഓരോ ഹാജിയും ഇത്രയും തുക അടക്കേണ്ടത്. ഇതോടെ ഹജ്ജ് നിരക്ക് 3,89,500 രൂപയായി ഉയര്‍ന്നു. അവസരം ലഭിച്ചവര്‍ ഓരോ കവര്‍ നമ്പറിനും അനുവദിച്ചിട്ടുള്ള പേ ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയോ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടേയോ ശാഖ മുഖേനയോ ഓണ്‍ലൈന്‍ വഴിയോ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടിലേക്കാണ് തുക അടക്കേണ്ടത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്നവര്‍ ആദ്യഗഡുവായി 81,000 രൂപയും രണ്ടാംഗഡു 1,20,000 രൂപയും അടക്കാനാണ് ആദ്യം നിര്‍ദേശം നല്‍കിയിരുന്നത്. പിന്നീട് വിമാന നിരക്ക് കൂടി നിശ്ചയിച്ചതോടെ മൂന്നാം ഗഡു തുകയായി 1,83,200 രൂപയും അടക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ ഹജ്ജ് നിരക്ക് 3,84,200 രൂപയായി. ഇതാണ് വീണ്ടും വര്‍ധിപ്പിച്ച് 3,89,500 രൂപയാക്കിയത്.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നല്കുന്ന ബാഗേജിന് ഈടാക്കുന്നത് 26,000 രൂപയാണ്. വലിയ ബാഗേജിന് 18,000 രൂപയും ചെറിയ ബാഗിന് 8,000 രൂപയുമാണ് നല്‍കേണ്ടത്. ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സാധാരണ 3,000 മുതല്‍ 5000 രൂപ വരെ വിലവരുന്ന ബാഗുകള്‍ മതിയായിരുന്നുവെന്നാണ് തീര്‍ഥാടകരും പറയുന്നത്. നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉപേക്ഷിച്ച ബാഗേജ് സമ്പ്രദായമാണ് ഇത്തവണ വീണ്ടും കൊണ്ടുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."