വിദ്യാലയം നാടിന്റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രം: മുഖ്യമന്ത്രി
തിരുവനന്തപുരം
മതനിരപേക്ഷതയുടെ ഏറ്റവും വലിയ വിളനിലമാണു വിദ്യാലയങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജാതിയോ മതമോ വിദ്യാലയങ്ങളിൽ കുഞ്ഞുങ്ങളെ വേർതിരിക്കുന്നില്ല.
അവർ ഒന്നിച്ചു കളിക്കുകയും പഠിക്കുകയും ബഹളമുണ്ടാക്കുകയുമൊക്കെ ചെയ്യും. ഇത് അപകടപ്പെടുത്താനുള്ള ബോധപൂർവമായ നീക്കങ്ങൾ പല കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നുണ്ട്. മതനിരപേക്ഷത സംരക്ഷിക്കാനുള്ള ജാഗ്രതയോടെയുള്ള ഇടപെടൽ ആവശ്യമാണ്.
പൂക്കളെയും ശലഭങ്ങളെയും കണ്ടും സല്ലപിച്ചും വളരുന്ന കുട്ടികൾ ഇതിനെയെല്ലാം സ്‌നേഹിച്ചുകൊണ്ടാണു വളരുന്നത്. അത് നാളെ സഹജാതരോടുള്ള സ്‌നേഹമായി വളരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. ഈ അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കഴക്കൂട്ടം സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു കലണ്ടർ ഏറ്റുവാങ്ങി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സ്‌നേഹ അനൂപിനെ പൊതുവിദ്യാഭ്യാസ മന്ത്രി ആദരിച്ചു. ഓസ്‌കർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടി മുഖ്യാതിഥിയായിരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."