ക്രിപ്‌റ്റോകറന്‍സി ഇടപാട് നിരോധിച്ചിട്ടില്ലെന്ന് ആര്‍.ബി.ഐ: നഷ്ടസാധ്യത കുറച്ച് എങ്ങനെ നിക്ഷേപിക്കാം?
ന്യൂഡല്‍ഹി: രാജ്യത്ത് ക്രിപ്‌റ്റോകറന്‍സി ഇടപാട് നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ). ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ വിലക്കരുതെന്ന് ചൂണ്ടിക്കാട്ടി ബാങ്കുകള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ആര്‍.ബി.ഐ ഇക്കാര്യം വ്യക്തമാക്കുന്നത്.
ക്രിപ്‌റ്റോകറന്‍സി ഇടപാട് നിരോധിച്ചുകൊണ്ട് 2018 ല്‍ റിസര്‍വ്വ് ബാങ്ക് ഇറക്കിയ ഉത്തരവ് ചൂണ്ടിക്കാണിച്ച് പല ബാങ്കുകളും ഉപഭോക്താക്കളെ ഇടപാടില്‍ നിന്ന് തടഞ്ഞിരുന്നു. എന്നാല്‍ ഈ ഉത്തരവ് പിന്നീട് സുപ്രിംകോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ആര്‍.ബി.ഐ ഇപ്പോള്‍ നയം വ്യക്തമാക്കിയിരിക്കുന്നത്.
ക്രിപ്‌റ്റോകറന്‍സി ഇടപാട് തുടരാന്‍ ഉപഭോക്താക്കള്‍ക്ക് അനുമതി നല്‍കണമെന്നും എന്നാല്‍ കൃത്യമായ ജാഗ്രത പാലിക്കണമെന്നും ആര്‍.ബി.ഐ ബാങ്കുകളോട് വ്യക്തമാക്കി.
2018 ലെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ തുടങ്ങി നിരവധി ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് 2018 ലെ സര്‍ക്കുലര്‍ സുപ്രിംകോടതി റദ്ദാക്കിയ കാര്യം ചൂണ്ടിക്കാട്ടി ആര്‍.ബി.ഐ രംഗത്തെത്തിയത്. സുപ്രിംകോടതി വിധിപ്രകാരം ക്രിപ്‌റ്റോകറന്‍സി ഇടപാട് തുടരാന്‍ ഉപഭോക്താക്കളെ അനുവദിക്കണമെന്നും അതിനു മുന്‍പുള്ള സര്‍ക്കുലര്‍ മാനദണ്ഡമാക്കരുതെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.
നഷ്ടസാധ്യത കുറച്ച് നിക്ഷേപിക്കാം
ആര്‍.ബി.ഐ അനുമതി നല്‍കിയെങ്കിലും നിക്ഷേപത്തിലെ നഷ്ടത്തിന് ഉപഭോക്താവ് തന്നെ സഹിക്കേണ്ടി വരും. അതുകൊണ്ട് കൂടുതല്‍ പഠിച്ചശേഷം മാത്രം നിക്ഷേപിക്കുകയാവും എപ്പോഴും നല്ലത്.
ബിറ്റ്‌കോയിന്‍, എഥിറ്യോം, റിപ്പിള്‍, ലിറ്റ്‌കോയിന്‍, ബിനാന്‍ക് കോയിന്‍ തുടങ്ങി നിരവധി ക്രിപ്‌റ്റോകറന്‍സികള്‍ വിപണിയിലുണ്ട്. 2008 ല്‍ ക്രിപ്‌റ്റോകറന്‍സി കണ്ടെത്തിയ ശേഷം പലതും വിപണിലെത്തുകയും ഒരു തെളുവുപോലുമില്ലാതെ മാഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. ബിറ്റ്‌കോയില്‍ പൊതുവേ മാര്‍ക്കറ്റില്‍ നല്ല നിലയിലുള്ള കോയിനാണ്.
ദുബൈയ്ക്ക് സ്വന്തമായി ക്രിപ്‌റ്റോകറന്‍സിയോ?
ദുബൈയുടെ ഔദ്യോഗിക ക്രിപ്‌റ്റോ കറന്‍സിയെന്ന പേരില്‍ വ്യാപക തട്ടിപ്പ് നടന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തങ്ങള്‍ക്ക് അങ്ങനെയൊരു കറന്‍സിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദുബൈ മീഡിയ ഓഫിസ്. ഇത്തരത്തില്‍ എന്തെങ്കിലും കാണുമ്പോള്‍ ചാടിക്കയറി തീരുമാനം എടുത്ത് അബന്ധത്തില്‍പ്പെടാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
കടംവാങ്ങി നിക്ഷേപിക്കുന്നവരോട്
അബദ്ധമാണ് ചെയ്യുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ചിലര്‍ വലിയ വായ്പകളൊക്കെ എടുത്തും വീട് അടക്കം പണയംവച്ചും ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കാറുണ്ട്. ഓഹരി വിപണിയെ പോലെ തന്നെ ക്രിപ്‌റ്റോ വിപണിയും ഉയര്‍ന്ന അനിശ്ചിതാവസ്ഥയും ചാഞ്ചാട്ടവും നിലനില്‍ക്കുന്ന ഒന്നാണ്. അപ്രതീക്ഷിതമായി വില ഉയരുകയോ ഇടിയുകയോ ചെയ്യാം. എന്തുവന്നാലും വലിയ ബാധ്യതയിലേക്ക് നീങ്ങില്ലെന്ന ഉറപ്പോടെ വേണം ഈ രംഗത്തേക്കിറങ്ങാന്‍. ഇങ്ങനെ വലിയ തുക നഷ്ടപ്പെടുകയും ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വന്നവരും നിരവധി പേരുണ്ട്.
ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച്
ഏത് കറന്‍സിയില്‍ നിക്ഷേപിക്കുന്നു എന്നതുപോലെ തന്നെ വാങ്ങിക്കാനും വില്‍ക്കാനും കൈയ്യില്‍ സൂക്ഷിക്കുവാനും ഉപയോഗിക്കുന്ന എക്‌സ്‌ചേഞ്ച് ഏതായിരിക്കണം എന്നതും പ്രധാനം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."